ഫ്രാൻസീസ് ഫർണാണ്ടസ് ഡി കാപ്പിലസ്
St. Francis Ferdinand de Capillas |
ചൈനയിലെ ആദ്യ രക്തസാക്ഷി
എന്ന ഡൊമിനിക്കൻ വൈദികനാണ് ചൈനയി ലെ ആദ്യ രക്തസാക്ഷി. പീഡനങ്ങൾ ശാന്തമായി സഹിച്ചുകൊണ്ട് പീഡകരെ പോലും അമ്പരപ്പിച്ച ഫാ. ഫ്രാൻസീസ് ഡി കാപ്പിലസിന്റെ ജനനം സ്‌പെയിനിലെ പാലൻസിയാ രൂപതയിലാണ്. ഡീക്കനായിരിക്കുമ്പോൾ തന്നെ മിഷനറി പ്രവർത്തനങ്ങൾക്കായി അധികാരികൾ അദ്ദേഹത്തെ ഫിലിപ്പിൻസിലെ മനിലയിലേക്കയച്ചു. അവിടെ വച്ചാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. ഫിലിപ്പിൻസിൽ പ്രവർത്തിച്ച പത്തു വർഷം ചൈനയിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങൾക്കുള്ള ഒരുക്കം എന്ന നിലയിലാണ് വിശുദ്ധൻ കണ്ടിരുന്നത്. കഠിനമായ പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്തിരുന്ന ഫാ. ഫ്രാൻസിസ് താപസജീവിതമാണ് നയിച്ചിരുന്നത്. തന്റെ ദേഹത്ത് കടിക്കുന്ന പ്രാണികളെ പോലും ഓടിക്കുവാനോ പ്രതിരോധിക്കുവാനോ അദ്ദേഹം തുനിഞ്ഞില്ല. വിശ്രമത്തിനായി ഒരു മരക്കുരിശാണ് ആ വൈദികൻ ഉപയോഗിച്ചിരുന്നത്.
1642-ൽ ഫ്രാൻസിസ്‌കോ ഡയാസ് എന്ന വൈദികനുമൊത്ത് അദ്ദേഹം ചൈനയിലെത്തി. നേരത്തെ തന്നെ ചൈനയിലെത്തി പല പീഡനങ്ങളെയും അതിജീവിച്ച മറ്റൊരു ഡൊമിനിക്കൻ വൈദികനാണ് അവിടെ സഹായത്തിനായി ഉണ്ടായിരുന്നത്. 1644 മുതൽ 1646 വരെ മിഷൻ പ്രവർത്തനങ്ങളുടെ സുവർണ്ണ കാലഘട്ടമായിരുന്നു. അവരുടെ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയുടെ അടയാളമെന്നവണ്ണം ഡൊമിനിക്കൻ മൂന്നാം സഭ ചൈനയിൽ സ്ഥാപിതമായി. ഗ്രാമങ്ങളിലും ടൗണുകളിലുമുള്ള നിരവധിയാളുകൾ ഈ വൈദികരുടെ പ്രവർത്തനഫലമായി ക്രിസ്തുമതത്തിൽ ചേർന്നു. 'നിരപ്പായ സ്ഥലങ്ങലിൽ നടക്കുന്നതിനേക്കാൾ ആയാസരഹിതമായിട്ടാണ് ആ പുരോഹിതൻ മല കയറുന്നത്- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതതീക്ഷണത കണ്ട് മറ്റുള്ളവർ പറഞ്ഞിരുന്നത്.
ഡയാസച്ചന്റെ മരണശേഷം ഒരു വർഷം കഴിഞ്ഞാണ് ഫാ. കാപ്പിലസ് അധികാരികളുടെ പിടിയിലാവുന്നത്. അദ്ദേഹം താമസിച്ചിരുന്ന ഗ്രാമത്തിൽ ലഹള നടക്കുന്നത് വകവയ്ക്കാതെ ഒരു രോഗിക്ക് അന്ത്യകൂദാശ നല്കാൻ പോയ സമയ ത്ത് അച്ചനെ പിടികൂടുകയായിരുന്നു. ശത്രുപക്ഷ ത്തിന്റെ ചാരനാണെന്നാരോപിച്ച് കഠിനമായി അദ്ദേഹത്തെ മർദ്ദിച്ചു. നിലത്തുകൂടി വലിച്ചിഴച്ച് കണങ്കാൽ തകർത്തു. പിന്നീട് ചാട്ടവാറുകൊണ്ട് പ്രഹരിച്ച ശേഷം ജയിലിലടച്ചു.
അസാധാരണമായ ശാന്തതയോടെയാണ് ഫാ. കാപ്പിലസ് പീഡനങ്ങൾ നേരിട്ടത്. ഇത് അദ്ദേഹത്തെ വിചാരണ ചെയ്തവരെ അദ്ഭുതപ്പെടുത്തി. പണവും അധികാരവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തുകൊണ്ട് അവർ ഫാ. കാപ്പിലസിനെ വിശ്വാസം ഉപേക്ഷിക്കുവാൻ നിർബന്ധിച്ചു. എന്നാൽ, ആ വാഗ്ദാനംകൊണ്ട് അദ്ദേഹത്തിന്റെ മനസിളക്കാൻ അവർക്കു കഴിഞ്ഞില്ല. തുടർന്ന് അവർ അദ്ദേഹത്തെ കൂടുതൽ പീഡിപ്പിച്ചു.
ഫാ. ഫ്രാൻസീസ് ഡി കാപ്പില്ലസിന്റെ പെരുമാറ്റം ജയിലിലുള്ള മറ്റു തടവുകാരെയും ജയിലധികാരികളെയും അദ്ദേഹത്തിലേക്കാകർഷിച്ചു. ജയിലിൽ വച്ച് അദ്ദേഹം ഇപ്രകാരം എഴുതി: ''എന്റെ സഹതടവുകാരുമായി ഞാൻ ഒരു കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അവർ എന്നോട് ദൈവത്തെക്കുറിച്ച് ചോദിക്കും. ദൈവത്തിന്റെ ഇഷ്ടമാണ് ഞാൻ പ്രവർത്തിക്കുന്നത് എന്നെനിക്കറിയാം. അതിനാൽ ഇവിടെ നിന്ന് മോചിതനാവുന്നതിനെക്കുറിച്ച് ഞാൻ ആകുലപ്പെടുന്നില്ല. രാത്രിയിൽ പ്രാർത്ഥിക്കാൻ അനുവദിക്കാത്തതുകൊണ്ട് സൂര്യോദയത്തിനു മുൻപാണ് ഞാൻ പ്രാർത്ഥിക്കുക. യേശുവിനെപ്രതിയാണ് ഞാൻ ഇവിടെ ആയിരിക്കുന്നത് എന്നതിനാൽ വലിയ ആനന്ദത്തിലാണ് ഞാൻ ജീവിക്കുന്നത്. ഇവിടെ ഞാൻ കണ്ടെത്തിയ മുത്തുകൾ എല്ലായിടത്തും കണ്ടെത്തുക എളുപ്പമല്ല''.'
1648 ജനുവരി 15-ന് ഫാ. കാപ്പിലസിനെ ശിരച്ഛേദം ചെയ്തു. രണ്ടായിരാമാണ്ടിൽ ചൈനയിലെ മറ്റ് 120 രക്തസാക്ഷികൾക്കുമൊപ്പം അദ്ദേഹത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു
No comments:
Post a Comment