Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Friday, September 30, 2016

വിശുദ്ധ പെരെഗ്രീന്‍

വിശുദ്ധ പെരെഗ്രീന്‍


ക്യാന്‍സര്‍ രോഗികളായവര്‍ക്കുള്ള ആശ്വാസമാണ് വിശുദ്ധ പെരെഗ്രീന്‍. രോഗം നമ്മുടെ ശരീരത്തെ കാര്‍ന്നു തിന്നുകയും മനസ്സിനെ മടുപ്പിക്കുകയും ചെയ്യുമ്പോള്‍ നാം നിസ്സഹായരാകുന്നു. ഈ മാരകരോഗം അനേകം ജീവിതങ്ങളെ ഭൂമിയില്‍നിന്ന് കൊണ്ടുപോയി. ഉറ്റവരും ഉടയവരുമായവര്‍ ക്യാന്‍സര്‍ രോഗംമൂലം നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇന്നും പലരേയും വിട്ടുമാറിയിട്ടില്ല. കീമോതെറാപ്പിയുടെയും ശക്തികൂടിയ മരുന്നുകളുടേയും ഫലമായി പലരും അസ്ഥികൂടം കണക്കേ മെല്ലിച്ചുണങ്ങിയിരിക്കുന്നു. മൊളോക്കയിലെ ഫാദര്‍ ഡാമിയന്‍ കുഷ്ഠരോഗികളുടെ മദ്ധ്യസ്ഥനായിരുന്നു. അക്കാലത്തെ പിടിച്ചുകുലുക്കിയ ഒരു മാരകരോഗമായിരുന്നു കുഷ്ഠരോഗം. ഇന്ന് അതിന്റെ ആക്രമണം അത്ര രൂക്ഷമല്ല. അന്നത്തെക്കാലത്ത് കുഷ്ഠരോഗം ബാധിച്ചവരെ സകലരും ഉപേക്ഷിക്കുകയാണുണ്ടായത്. അത്രമേല്‍ മാരകവും മരണകരവുമായിരുന്നു ആ രോഗം. അവര്‍ക്കുവേണ്ടി ഫാദര്‍ ഡാമിയന്‍ തന്റെ ജീവിതം മാറ്റിവച്ചു. ഇന്ന് ക്യാന്‍സര്‍ രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ മനുഷ്യന്‍ വല്ലാതെ ഭയക്കുന്നു. അനേകരുടെ ജീവിതത്തെ ഇതിനോടകം ഈ രോഗം കീഴടക്കിക്കഴിഞ്ഞു. ക്യാന്‍സര്‍ രോഗം ബാധിക്കുന്നവരെ പ്രത്യാശയെക്കാള്‍ ഇന്ന് കൂടുതലായി ബാധിക്കുന്നത് ഭയമാണ്.
ഒരു ക്യാന്‍സര്‍ രോഗിക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കാന്‍ സ്വര്‍ഗത്തില്‍ ഒരു വിശുദ്ധനുള്ളത് എത്രയോ ആശ്വാസപ്രദമാണ്. പതിമൂന്നാം നൂറ്റാണ്ടാണ് കാലഘട്ടം. സമ്പത്തും സമൃദ്ധിയും ഉള്ളവരെയും ഇല്ലാത്തവരെയും വല്ലാതെ വേര്‍തിരിച്ച കാലം. മാര്‍പാപ്പയുടെ സ്ഥാനം ഒരു രാജാവിന്റേതുപോലായിരുന്നു. രാഷ്ട്രീയ ശക്തിയും പണവും സൗധങ്ങളും റോമിനെ ചൂഴ്ന്നുനിന്ന കാലം. മാര്‍പാപ്പയുടെ സ്വത്തിലും അധികാരത്തിലും പ്രഭുക്കന്‍മാരുടെ കണ്ണുടക്കി. സമ്പന്നരുടെ ലഹളയും അമിത ഇടപെടലും ആത്മീയകേന്ദ്രങ്ങളുടെ അടിത്തറ ഇളക്കി. പരിശുദ്ധ സിംഹാസനം റോമില്‍നിന്ന് ആദ്യം അസ്സീസിക്കടുത്ത് പെരുഷ്യയിലേക്കും പിന്നീട് ഫ്രാന്‍സില്‍ അവിഞ്ഞോണിലേക്കും മാറ്റേണ്ടി വന്നു. നഗരങ്ങളെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊണ്ടും സമ്പന്നരെക്കൊണ്ടും നിറഞ്ഞു. എന്നാല്‍ ജീവിതത്തില്‍ പണത്തിനും പ്രൗഡിക്കും പിന്നാലെയുള്ള അവരുടെ ഓട്ടം, അവരുടെ ജീവിതത്തെ അന്ധമാക്കി. അനുസരണവും ധാര്‍മ്മികമൂല്യങ്ങളുമൊന്നും അവര്‍ക്ക് വിലയുള്ളതായിരുന്നില്ല. ഇതാണ് ഇറ്റലിയുടെ പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രം. ഫോര്‍ളി നഗരത്തിലാണ് വിശുദ്ധന്റെ ജനനം. മാതാപിതാക്കള്‍ അവന് പെരഗ്രീന്‍ എന്ന് പേരിട്ടു. തീര്‍ത്ഥാടകന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
1280കളില്‍ പ്രഭുത്വത്തിന്റെയും ആഡംബരത്തിന്റെയും നിഴലിലായിരുന്നു പെരഗ്രീന്റെ വളര്‍ച്ച. പരിശുദ്ധ പിതാവ് മാര്‍ട്ടിന്‍ നാലാമന്റെ ദൗത്യം വളരെ വിഷമകരമായിരുന്നു. ഫോര്‍ളി രൂപതയെ ആത്മീയ നേതൃത്വത്തില്‍നിന്ന് മാറ്റിനിറുത്തുവാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. കാരണം മറ്റൊന്നുമായിരുന്നില്ല, അവിടുത്തെ ജനങ്ങള്‍ നല്ല വൈദികരെയും സന്യസ്തരെയും സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പ്രതിസന്ധികളുടേയും പ്രശ്‌നങ്ങളുടേയും കാലഘട്ടം. ഫോര്‍ളി രൂപതയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പ്രഭുക്കന്‍മാരും രാഷ്ട്രീയ അധികാരികളും തിരികെ യുദ്ധം ആരംഭിച്ചു. ജനങ്ങളുമായി സംവദിക്കുന്നതിനായി പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി ഫിലിപ് വെനിസിയെ അയച്ചു. വിശുദ്ധ ഫിലിപ് ഇവിടെയെത്തി ഹൃദയസ്പര്‍ശിയായ സമാധാനാഹ്വാനം നടത്തി. ഐക്യത്തിനും രമ്യതയ്ക്കും വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു. യുവജനങ്ങള്‍ അദ്ദേഹത്തെ കളിയാക്കുകയും അതികഠിനമായി അവഹേളിക്കുകയും ചെയ്തു. പ്രസംഗപീഠത്തില്‍നിന്ന് അദ്ദേഹത്തെ വലിച്ചിറക്കി അവര്‍ പീഡിപ്പിച്ചു. നഗരത്തിലൂടെ വലിച്ചിഴച്ച് തല്ലിച്ചതച്ചു. അവസാനം നഗരത്തിന് വെളിയില്‍ ഉപേക്ഷിച്ചു. ഇത്തരം വേദനാജനകമായ ഒരു പ്രവൃത്തി ചെയ്ത യുവജനങ്ങളുടെകൂടെ പെരഗ്രീനുമുണ്‍ായിരുന്നു. ഫോര്‍ളി നഗരവും പെരഗ്രീന്റെ മാതാപിതാക്കളും പെരഗ്രീനും മാര്‍പ്പാപ്പയ്‌ക്കെതിരായിരുന്നു. യുവത്വത്തിന്റെ തീക്ഷ്ണതയില്‍ താന്‍ ചെയ്യുന്നതാണ് ശരിയെന്ന് വിശ്വസിച്ച് നടന്ന കാലം. വിശുദ്ധ ഫിലിപ്പിനെ ദ്രോഹിക്കുന്നതില്‍ മുന്‍പില്‍നിന്നതും പെരഗ്രീനായിരുന്നു. ഒരു കവിളത്ത് അടിക്കുന്നവര്‍ക്ക് മറ്റേകരണം കൂടി കാണിച്ചുകൊടുത്ത വിശുദ്ധ ഫിലിപ്പിന്റെ മുഖം പെരഗ്രീന്റെ മനസ്സില്‍ മായാതെനിന്നു. അതൊരു തുടക്കമായിരുന്നു. പെരഗ്രീന്റെ കരങ്ങള്‍ ഫിലിപ്പിന്റെ നേരെ ഉയര്‍ന്നുതാണതിനു ശേഷം വല്ലാത്തൊരു ഭാരം അവനെ പിടികൂടി. നഗരത്തിനു പുറത്താക്കിയ വിശുദ്ധ ഫിലിപ്പിന് പിന്നാലെ പെരഗ്രീന്‍ ഓടി. കാലില്‍വീണ് മാപ്പുചോദിച്ചു.
ഫിലിപ്പിന്റെ സഹനശീലവും പ്രാര്‍ത്ഥനയും പെരഗ്രീനെ ആ നിമിഷം തന്നെ മാനസാന്തരത്തിലേക്ക് നയിച്ചു. തന്റെ മുഖത്തടിച്ചവന്‍ പിന്നാലെ വന്ന് ക്ഷമചോദിച്ചപ്പോള്‍ ഇരുകരങ്ങളും വിടര്‍ത്തി ഫിലിപ് അവനെ കെട്ടിപ്പിടിച്ചു. ആ നിമിഷം തന്നെ തന്റെ പൗരോഹിത്യ അധികാരം ഉപയോഗിച്ച് അവന് പാപക്ഷമ നല്‍കി. പെരഗ്രീന് താന്‍ പുതിയൊരു സൃഷ്ടിയാവുന്നതുപോലെ തോന്നി. ദൈവത്തിന്റെ കരസ്പര്‍ശം വിശുദ്ധ ഫിലിപ്പിലൂടെ അവനെ തഴുകി. പുതിയൊരു വ്യക്തിയായ പെരഗ്രീന്‍ പഴയ കൂട്ടുകാരോട് ഇടപഴകുവാന്‍ താല്പര്യപ്പെട്ടില്ല. പെരഗ്രീന്റെ ജീവിതത്തില്‍ സമൂലമായ മാറ്റം ആരംഭിച്ചു. തന്റെ നഗരത്തിലെ മറ്റു യുവജനങ്ങളും പ്രഭുക്കന്‍മാരും ചെയ്തുകൂട്ടുന്ന പാപം അവനെ വേദനിപ്പിച്ചു. വിശുദ്ധ ഫിലിപ്പിനെ അവര്‍ പീഡിപ്പിച്ചപ്പോള്‍ അദ്ദേഹം തന്നെ ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. അത് പെരഗ്രീനില്‍ വരുത്തിയ മാറ്റം തെല്ലൊന്നുമായിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ പെരഗ്രീന്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുവാന്‍ തുടങ്ങി. മണിക്കൂറുകളോളം മുട്ടിന്‍മേല്‍ നിന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിലേക്ക് അവന്‍ ഉറ്റുനോക്കി. പെരഗ്രീനില്‍ ആത്മാവിന്റെ വലിയൊരു ചലനം ആരംഭിച്ചിരുന്നു. ഒരു ദിവസം ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിശുദ്ധ ദൈവമാതാവ് അദ്ദേഹത്തിനു പ്രത്യക്ഷയായി. ദൈവഹിതം അറിയുന്നതിനായി പെരഗ്രീന്‍ പ്രാര്‍ത്ഥനയിലായിരുന്നു. പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുന്നതിനും യേശുവുമായി ആഴമായ ബന്ധത്തിലേക്ക് കടന്നു വരുന്നതിനുമുള്ള വഴികളെക്കുറിച്ച് അമ്മ അദ്ദേഹത്തോട് സംസാരിച്ചു. പരിശുദ്ധ അമ്മയുടെ മഹനീയ സൗന്ദര്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും പെരഗ്രീന്‍ പിന്നീട് വര്‍ണിക്കുന്നുണ്ട്. ചെറുപ്പംമുതല്‍ പരിശുദ്ധ അമ്മയെ മനസ്സിലാക്കുവാനും അമ്മയുടെ മദ്ധ്യസ്ഥം തേടുവാനും ഭാഗ്യം ലഭിച്ചതാണ് എന്റെ ജീവിത വിജയത്തിന്റെ രഹസ്യം. അമ്മയുടെ മാദ്ധ്യസ്ഥശക്തി എന്നെ സകലപ്രതിസന്ധികളിലും പ്രലോഭനങ്ങളിലും നിന്ന് കാത്തുസംരക്ഷിച്ചു. അമ്മയുമായി സംവദിക്കുന്നതിനുവേണ്ടി ഞാന്‍ എന്നെത്തന്നെ നിര്‍മ്മലനാക്കുവാന്‍ ശ്രദ്ധിച്ചു.
വിശുദ്ധിയും ജ്ഞാനവും ദിവ്യനാഥന്റെ പക്കല്‍ നിന്ന് പരിശുദ്ധ അമ്മ എനിക്ക് വാങ്ങിത്തന്നു. ഒരിടത്തും ഞാന്‍ തനിച്ചായതായി എനിക്ക് തോന്നിയിട്ടില്ല. രോഗത്തിലും വേദനയിലും ഒറ്റപ്പെടലിലും പരിശുദ്ധ ദൈവമാതാവ് എന്റെ അരികിലുണ്ടായിരുന്നു. എന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു പരിശുദ്ധ അമ്മ. തന്റെ മക്കളായി സ്വീകരിക്കുന്നവരെ ഒരു നാളും പരിശുദ്ധ ദൈവമാതാവ് ഉപേക്ഷിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നറിയാതെ കുഴങ്ങിയ പെരഗ്രീന്റെ ഏക സഹായം ദൈവമാതാവായിരുന്നു. ഇത്രമേല്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു നഗരത്തില്‍ വിശ്വാസം കാത്തുസൂക്ഷിക്കുക തികച്ചും ദുഷ്‌കരമായിരുന്നു. സിയന്നായിലേക്ക് പോകുന്നതിനായി ദൈവമാതാവ് അദ്ദേഹത്തിന് ഒരു മാലാഖയുടെ സഹായം ഏര്‍പ്പെടുത്തി. വീട്ടിലെ കാര്യങ്ങളെല്ലാം ക്രമീകരിച്ചതിനുശേഷം പെരഗ്രീന്‍ സിയന്നയിലേക്ക് യാത്രയായി. ദൈവമാതാവിന്റെ കരംപിടിച്ചുകൊണ്ടായിരുന്നു ആ യാത്ര. വരുംനാളുകളിലെ ആത്മാവിന്റെ ഇരുണ്ട രാത്രികളെ പ്രകാശിപ്പിക്കുന്ന ഉഷകാല നക്ഷത്രമായി പരിശുദ്ധ അമ്മ പെരഗ്രീന്റെ കൂടെ നിന്നു. ആത്മീയതയുടേയും വിശുദ്ധരുടേയും നാടായിരുന്നു സിയന്ന. അത്ഭുതങ്ങളുടേയും അത്ഭുതപ്രവര്‍ത്തകരുടേയും നാട്. ദൈവമാതാവിന്റെ മാദ്ധ്യസ്ഥത്തിലൂടെ നേടിയെടുത്ത പുതിയ മേച്ചില്‍പ്പുറമായിരുന്നു അത്. ദൈവികപദ്ധതിയുടെ ഭാഗമായി വിശ്വാസജീവിതത്തില്‍ ഇരുട്ടിലായിരുന്നവരുടെ ഇടയില്‍നിന്ന് പ്രകാശം വമിക്കുന്ന സിയന്നയുടെ മലനിരകളിലേക്കുള്ള യാത്ര. ഇവിടെയെത്തി അദ്ദേഹം സന്ധിച്ചത് മറിയത്തിന്റെ സുഹൃത്തുക്കളുടെ സന്യാസസമൂഹത്തിലാണ്. സെര്‍വൈറ്റ്‌സ് എന്നറിയപ്പെട്ടിരുന്ന സന്യാസസഭയുടെ വാതിലില്‍ മുട്ടിയ പെരഗ്രീനെ വാതില്‍ക്കാവല്‍ക്കാരന്‍ സുപ്പീരിയറുടെ അടുക്കലെത്തിച്ചു. സുപ്പീരിയറുടെ മുഖത്തേക്ക് നോക്കിയ പെരഗ്രീന്‍ ഞെട്ടിപ്പോയി. താന്‍ മുന്‍പ് മര്‍ദ്ദിച്ചവശനാക്കിയ വിശുദ്ധ ഫിലിപ് വെനിസ്സി. അദ്ദേഹം സന്തോഷത്തോടെ പെരഗ്രീനെ തന്റെ സന്യാസസഭയില്‍ അംഗമായിച്ചേര്‍ത്തു.
തന്നെ മര്‍ദ്ദിച്ചവശനാക്കിയ ഒരു വ്യക്തിയെ തന്റെ അധികാരത്തിന്‍ കീഴുള്ള ഭവനത്തില്‍ സ്വീകരിച്ചുകൊണ്ട് ക്ഷമയുടെ ഉദാത്തമാതൃക കാട്ടിത്തരികയായിരുന്നു വിശുദ്ധ ഫിലിപ്. നഷ്ടപ്പെട്ടുപോയ ഒരു ആത്മാവിനെ കണ്ടെത്തിയ നിമിഷം പോലെയായിരുന്നു ആ മഹനീയ നിമിഷങ്ങള്‍. ഗായകസംഘത്തില്‍ സഹായിക്കുന്നതിനായി 1290കളിലാണ് ഈ സന്യാസസഭയുടെ അംഗമായി പെരഗ്രീന്‍ ചേരുന്നത്. ജീവിതത്തെ പെരഗ്രീന്‍ ഗൗരവമായി കണ്ടു. തീക്ഷ്ണതയുള്ളവനായിരുന്നു പെരഗ്രീന്‍. പണ്ട് യുവത്വത്തിന്റെ തീക്ഷ്ണതയില്‍ ചെയ്തുകൂട്ടിയതിന് പരിഹാരമായി അതിലേറെ തീക്ഷ്ണതയില്‍ അവന്‍ ആത്മീയതയില്‍ മുന്നേറി. താന്‍ വെറുത്തിരുന്ന സഭയെ ഗാഢമായി സ്‌നേഹിച്ചു തുടങ്ങി. ദൈവത്തെ തീക്ഷ്ണതയോടെ ആരാധിച്ചു. പാവങ്ങളോടും അനാഥരോടും കരുണ കാട്ടി. സഭയെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്തു. പൗലോസിനെപ്പോലെ നല്ല ഓട്ടം ഓടുന്നതിനുള്ള തീക്ഷ്ണതയില്‍ സകലതും മറന്ന പെരഗ്രീന്‍ ,വിശ്രമംപോലും ഉപേക്ഷിച്ചു. സന്യാസസഭാവസ്ത്രസ്വീകരണത്തോടുകൂടി മാതൃകാജീവിതത്തിന്റെ കിരണങ്ങള്‍ പെരഗ്രീനില്‍ നിന്ന് പരന്നുതുടങ്ങി. അടുത്ത മുപ്പത് വര്‍ഷങ്ങള്‍ പ്രാര്‍ത്ഥനയിലും നിശ്ശബ്ദതയിലും പാപങ്ങളോര്‍ത്ത് മനസ്തപിച്ച് പുണ്യജീവിതത്തില്‍ അദ്ദേഹം ഉത്തരോത്തരം വളര്‍ന്നു. ദൈവവുമൊത്ത് ചെലവഴിക്കുന്ന സമയങ്ങളെക്കാള്‍ വിലയുള്ളതായി മറ്റൊന്നും പെരഗ്രീന് ഉണ്ടായിരുന്നില്ല. വൈദികനായതിനുശേഷം സുപ്പീരിയര്‍ അദ്ദേഹത്തെ ഫോര്‍ളിയില്‍ ഒരു ഭവനം ആരംഭിക്കുന്നതിനായി തിരികെ അയച്ചു. ഉപദേശങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ആത്മീയമായി തളര്‍ന്ന ഫോര്‍ളി രൂപതയുടെ, ദൈവവുമായുള്ള ബന്ധത്തിന് പെരഗ്രീന്‍ കരുത്തേകി. കൗണ്‍സിലിങ്ങിനുള്ള അദ്ദേഹത്തിന്റെ വരം അപാരമായിരുന്നു.
അനേകരുടെ ജീവിതത്തെ കൗണ്‍സിലിങ്ങിലൂടെ സ്വാധീനിക്കുവാന്‍ സാധിച്ചതിനാല്‍ ഉപദേശത്തിന്റെ മാലാഖ എന്നുപോലും അദ്ദേഹത്തെ ജനങ്ങള്‍ വിളിച്ചിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്കും പാവപ്പെട്ടവരുടെ ഭൗതിക ഉന്നതിക്കും വേണ്ടി പെരഗ്രീന്‍ അക്ഷീണം പരിശ്രമിച്ചു. വിശുദ്ധ ബലിയുടെ ജീവിക്കുന്ന മനുഷ്യനായിരുന്നു ഫാദര്‍ പെരഗ്രീന്‍. ജീവന്റെ അപ്പം മുറിച്ച് നല്‍കുമ്പോള്‍ നിങ്ങള്‍ ഒരിക്കലും മരിക്കുകയില്ലെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ അനേകര്‍ക്ക് പ്രത്യാശ നല്‍കി. ലോകാവസാനംവരെ ഞാന്‍ നിങ്ങളോട് കൂടെയുണ്ടായിരിക്കും എന്നരുളിച്ചെയ്തുകൊണ്ട് അവസാന അത്താഴമേശയ്ക്കരികിലിരിക്കുന്ന യേശുവിനെ പെരഗ്രീനിലൂടെ ജനം കണ്ടു. വിശ്വാസികളുടെ മുന്‍പില്‍ യേശുവിനെ ജീവനോടെ അവതരിപ്പിക്കുന്നതിനുള്ള മാധ്യമമായിട്ടാണ് വിശുദ്ധ ബലിയെ അദ്ദേഹം കണ്ടത്. ഉത്ഥിതന്റെ സാന്നിധ്യം പെരഗ്രീന്റെ ബലികളില്‍ നിറഞ്ഞു നിന്നു. തീക്ഷ്ണമതിയായ ഒരു ദൈവശുശ്രൂഷകനായിരുന്നു പെരഗ്രീന്‍. തന്റെ ശരീരത്തിന്റെയും മനസിന്റെയും അവസാനശ്വാസംവരെ തന്നെ ഭരമേല്‍പിച്ച ആടുകള്‍ക്കുവേണ്ടി അദ്ദേഹം ഉറച്ചുനിന്നു. സഭയ്‌ക്കെതിരായി മുന്‍പ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പെരഗ്രീന്‍, സഭയ്ക്കുവേണ്ടി ശബ്ദിക്കുന്ന വ്യക്തിയായി. ഇക്കാലത്ത് ഇറ്റലിയില്‍ വലിയൊരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. ഫോര്‍ളിയിലും പരിസരപ്രദേശങ്ങളിലും അതിന്റെ കെടുതികള്‍ ആഞ്ഞടിച്ചു. രോഗികളെ ശുശ്രൂഷിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. അറുപതുകാരനായ പെരഗ്രീന്‍ തന്റെ സര്‍വ്വശക്തിയും സംഭരിച്ച് ജനങ്ങളുടെ കൗദാശികവും ശാരീരികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഓടി നടന്നു. പെരഗ്രീന്റെ വലതുകാലില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങല്‍ കണ്ടുതുടങ്ങി. വേദനമൂലം നടക്കുവാന്‍ പോലും വയ്യാതായി. എന്നാല്‍ അത് പുറത്തുപോലും പറയാതെ അദ്ദേഹം രോഗികളെ പരിചരിക്കുന്നതിനും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനുമായി തീക്ഷ്ണതയോടെ ഫോര്‍ളിയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഡോക്ടറെ കാണിച്ചപ്പോഴേക്കും അവര്‍ക്ക് എന്തെങ്കിലും ചെയ്യാവുന്നതിന്റ പരിധി വിട്ടിരുന്നു. ദൈവത്തോടുള്ള അനുസരണമായിരുന്നു അന്നുവരെ പെരഗ്രീനെ വഴി നടത്തിയത്. ദൈവത്തിനായി ജീവിതം സമര്‍പ്പിക്കുവാന്‍ പെരഗ്രീന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ബലഹീനമെങ്കിലും തന്റെ ജീവിതം പൂര്‍ണമായി അദ്ദേഹം ദൈവത്തിന് സമര്‍പ്പിച്ചു. അന്ന് അവിടെ രോഗികളായിരുന്ന പലരെക്കാളും വേദനയും വിഷമവും അനുഭവിച്ചിട്ടും ഒരു ഇടയന്റെ തീക്ഷ്ണതയോടെ അദ്ദേഹം ജനങ്ങളുടെ ആത്മീയ വിശപ്പ് മാറ്റുന്നതിനും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനും തയ്യാറായി. പൂര്‍ണസമര്‍പ്പണം സ്വീകരിക്കുവാന്‍ ദൈവം കാത്തിരിക്കുകയായിരുന്നു. ദൈവകരങ്ങളിലുള്ള ജീവന്റെ സമര്‍പ്പണം.
സ്‌നേഹിതനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സമര്‍പ്പണമില്ലല്ലോ. പ്രാര്‍ത്ഥനയോടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട പെരഗ്രീന്‍ അതികഠിനമായ വേദനയാല്‍ വിഷമിക്കുകയായിരുന്നു. വ്രണം ബാധിച്ച ശരീരവും വിശ്വാസികള്‍ക്കായി ഉരുകിത്തീര്‍ന്ന മനസ്സുമായിട്ടാണ് പെരഗ്രീന്‍ ഈ ലോകത്തില്‍നിന്ന് യാത്രയാകുവാന്‍ തയ്യാറായത്. ഓപ്പറേഷന്‍ നടത്തേണ്ട ദിവസത്തിന്റെ തലേന്ന് രാത്രിയില്‍ അദ്ദേഹം സന്യാസഭവനത്തിലെ പ്രാര്‍ത്ഥനാ മുറിയിലെത്തി. ക്രൂശിതരൂപത്തിന് മുന്‍പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ അത്ഭുതകരമായൊരു നിദ്ര അദ്ദേഹത്തെ ബാധിച്ചു. കര്‍ത്താവിനെ പെരഗ്രീന്‍ ഒരു ദര്‍ശനത്തില്‍ കണ്ടു. കുരിശില്‍നിന്ന് തന്റെ ആണിപ്പഴുതാര്‍ന്ന കരങ്ങള്‍ നീട്ടി യേശു പെരഗ്രീന്റെ രോഗാതുരമായ കാലിനെ സ്പര്‍ശിച്ചു. അവിടുത്തെ സൗഖ്യദായകമായ കരങ്ങള്‍.അടുത്തദിവസം ഉറക്കമുണര്‍ന്ന പെരഗ്രീന്റെ കാലിലെ ക്യാന്‍സര്‍ രോഗം പൂര്‍ണമായി സുഖപ്പെട്ടിരുന്നു. കാലിന് വേദനയുണ്ടായിരുന്നില്ല, നടക്കുവാന്‍ വിഷമവുമുണ്ടായിരുന്നില്ല. ഓപ്പറേഷന്റെ ആവശ്യമുണ്ടായില്ല. ഡോക്ടര്‍മാരുടെ സാക്ഷ്യപ്രകാരം തലേദിവസം ഓപ്പറേഷന്‍ നിശ്ചയിച്ച വ്യക്തിയുടെ കാലില്‍ ക്യാന്‍സറിന്റെ രോഗലക്ഷണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. അത്ഭുതത്തിന്റെ കഥ നാടുമുഴുവന്‍ പരന്നു. ഒരു രാത്രികൊണ്ട് തങ്ങളുടെ ഇടയന്‍ സൗഖ്യമായതിനെക്കുറിച്ച് അത്ഭുതം എന്നല്ലാതെ മറ്റൊന്നും വിശ്വാസികള്‍ക്ക് പറയുവാനുണ്ടായിരുന്നില്ല. പിന്നീട് ഇരുപത് വര്‍ഷങ്ങള്‍ക്കൂടി പെരഗ്രീന്‍ ആരോഗ്യവാനായി ജീവിച്ചു. ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ നിറവേറ്റി അദ്ദേഹരം വീണ്ടും ജീവിതത്തിലേക്ക് കടന്നുവന്നു. അനേകര്‍ക്ക് ശാരീരിക രോഗസൗഖ്യവും മാനസികസന്തോഷവും ആത്മീയമോചനവും നല്‍കി. മരണത്തിന് മുന്‍പേ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിലൂടെ അത്ഭുതങ്ങള്‍ സംഭവിച്ചുതുടങ്ങി. അതില്‍ അനേകം പേര്‍ ക്യാന്‍സര്‍ രോഗം ബാധിച്ചവരായിരുന്നു. ശരീരത്തിന് ബാധിച്ചിരുന്ന ക്യാന്‍സര്‍ മാത്രമല്ല, ആത്മാവിന് ബാധിച്ച പാപത്തിന്റെ ക്യാന്‍സര്‍ കൂടി കുമ്പസാരത്തിലൂടെ മോചിക്കുവാനും സുഖപ്പെടുത്തുവാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു.
കുമ്പസാരത്തിന്റെ സമയത്ത് ആത്മീയ സൗഖ്യവും ശാരീരിക രോഗസൗഖ്യവും സംഭവിച്ചു. അത്ഭുതകരമായ രോഗസൗഖ്യത്തിന് ശേഷം ദൈവം ദാനമായി തന്ന ഓരോ നിമിഷവും അവിടുത്തേക്കുവേണ്ടി വ്യയം ചെയ്യാനുള്ള ആഗ്രഹമായിരുന്നു പെരഗ്രിന്റെ മനസ്സില്‍. അദ്ദേഹത്തിന്റെ ജീവിതത്തിലെ സുവര്‍ണകാലഘട്ടം എന്നുവേണമെങ്കില്‍ നമുക്കതിനെ വിശേഷിപ്പിക്കാം. മരണസമയത്ത് പെരഗ്രീന് എണ്‍പത് വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ സ്വര്‍ഗീയവൃന്ദങ്ങളോടൊപ്പം പരിശുദ്ധ ദൈവമാതാവും ആഗതയായി. 1345 മെയ് മാസം ഒന്നാം തിയതി, മരണസമയത്ത് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ, എന്ന് ആരോട് അദ്ദേഹം പ്രാര്‍ത്ഥിച്ചോ, ആ സ്‌നേഹമുള്ള അമ്മ മകനെ കൂട്ടിക്കൊണ്ട് തിരുക്കുമാരന്റെ സവിധത്തിലേക്ക് പോകുവാന്‍ വന്നു. മാലാഖമാരുടെ സംഗീതം കേള്‍ക്കുവാനും നിത്യനായവനെ ആരാധിക്കുവാനുമായി പെരഗ്രീന്റെ ആത്മാവ് സ്വര്‍ഗവാസികളോട് ചേര്‍ന്നു. അദ്ദേഹത്തിന്റെ ജീവിതം മുഴുവനും ഈ മഹനീയനിമിഷത്തിനായുള്ള ഒരുക്കമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഈ ലോകജീവിതം ഒരുക്കത്തിനായി സമര്‍പ്പിക്കുവാന്‍ മാത്രം വിലയുള്ളതും ശ്രേഷ്ഠവുമാണ് നിത്യജീവനും അതിന്റെ ആനന്ദവും. ആ രാത്രിയില്‍ തന്നെ അനേകര്‍ പെരഗ്രിന്റെ ഭൗതികശരീരം കാണുവാനെത്തി. ശവസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിന്റെ സഹായം ലഭിച്ച സകലരുമെത്തി. അവരില്‍ അധികം പേരും പാവപ്പെട്ടവരായിരുന്നു. സകലര്‍ക്കും പറയാനുള്ളത് ഒന്നുമാത്രമായിരുന്നു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വിശുദ്ധ ജീവിതത്തിന്റെ മാതൃകയായിരുന്നു. പിന്നീട് അത്ഭുതങ്ങളുടെ ഘോഷയാത്രയായിരുന്നു. അനേകം രോഗികള്‍ പെരഗ്രീന്റെ മദ്ധ്യസ്ഥതയാല്‍ സുഖപ്പെട്ടു.
ദൈവാലയശുശ്രൂഷയ്ക്കിടയില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരത്തില്‍ നിന്ന് അഭൗമികമായ സുഗന്ധം അവിടം മുഴുന്‍ പരന്നു. മുന്‍മ്പനുഭവിച്ചിട്ടില്ലാത്തൊരു സുഗന്ധമായിരുന്നു അതെന്ന് പലരും സാക്ഷ്യപ്പെടുത്തി. സെര്‍വൈറ്റ്‌സ് സന്യാസ സമൂഹത്തിലെ അംഗങ്ങള്‍ അദ്ദേഹത്തിന്റെ ശരീരം സംസ്‌കരിക്കുവാനൊരുക്കി. പക്ഷേ, കല്ലറയില്‍ അടക്കാനായില്ല. കാരണം ശരീരത്തില്‍നിന്ന് വലിയ സുഗന്ധം പുറപ്പെടുകയും, ശരീരം അഴുകുവാനുള്ള സാധ്യതകള്‍ അസ്തമിക്കുകയും ചെയ്തിരുന്നു. അവര്‍ ഭൗതികശരീരം ദൈവമാതാവിന്റെ ദൈവാലയത്തില്‍ സൂക്ഷിച്ചു. 1639 വരെ പെരഗ്രീന്റെ ഭൗതികശരീരം അവിടെയുണ്ടായിരുന്നു. വളരെ പ്രകടമായ മുന്നൂറോളം അത്ഭുതങ്ങള്‍ പെരഗ്രീന്റെ വിശുദ്ധപദപ്രഖ്യാപനത്തിന് മുന്‍പ് സംഭവിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പീയൂസ് അഞ്ചാമന്‍ പാപ്പ പെരഗ്രീനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിലൂടെ നടന്ന വലിയ അത്ഭുതങ്ങളെല്ലാം വിശ്വാസ തിരുസംഘം പഠനവിധേയമാക്കി. മാതൃകാപരമായ സന്യാസ ജീവിതത്തെയും അവര്‍ വിലയിരുത്തി. 1609 ല്‍ പരിശുദ്ധ പിതാവ് പോള്‍ അഞ്ചാമന്‍ പാപ്പ പെരഗ്രീന്റെ പേര് റോമന്‍വിശുദ്ധരുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തു. 1726 ഡിസംബര്‍ മാസം ഇരുപത്തിയേഴാം തിയതി ഔദ്യോഗികമായി പെരഗ്രീന്‍ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു. ബനഡിക്ട് പതിമൂന്നാമന്‍ പാപ്പയാണ് ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. മരണത്തിന് മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണിത്. ഭൗതികശരീരം പഠനവിധേയമാക്കിയപ്പോള്‍ അത് യാതൊരു കേടും കൂടാതിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നും വിശ്വാസികള്‍ക്ക് ദര്‍ശിക്കാവുന്ന വിധത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ദൈവാലയത്തിനടുത്തായി വലിയൊരു ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്കും വേദനയനുഭവിക്കുന്നവര്‍ക്കും ഇത് ഒരു ആശ്വാസകേന്ദ്രമാണ്.
മറ്റൊരു സവിശേഷത പെരഗ്രീന്റെ ഭൗതികശരീരത്തെ സംബന്ധിച്ചതാണ്. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ശരീരത്തിന് ചില മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും അത്ഭുതകരമായി സുഖപ്പെട്ട അദ്ദേഹത്തിന്റെ കാലിന് മാത്രം യാതൊരു വ്യത്യാസവുമില്ല. ചില്ലുകൊണ്ടുണ്ടാക്കിയ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഭൗതികശരീരത്തില്‍ തൊട്ടു പ്രാര്‍ത്ഥിക്കുന്ന അനേകര്‍ക്ക് രോഗസൗഖ്യവും ആത്മീയ അനുഗ്രഹങ്ങളും ലഭിക്കുന്നു.
ക്യാന്‍സര്‍ രോഗികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ പെരഗ്രീനെ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

No comments:

Post a Comment