Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Sunday, October 2, 2016

നോബ്ലാക്കിലെ വി. ലിയൊനാര്‍ഡ്


നോബ്ലാക്കിലെ വി. ലിയൊനാര്‍ഡ്🌷നവംബര്‍ 6 (ആറാം നൂറ്റാണ്ട്)

ഫ്രാന്‍കിഷ് സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ക്ലോവിസ് ഒന്നാമന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥ നായിരുന്നു ലിയൊനാര്‍ഡ്. ഇന്നത്തെ ഫ്രാന്‍സും ജര്‍മനിയും ചേരുന്നതായിരുന്നു പഴയ ഫ്രാന്‍ കിഷ് സാമ്രാജ്യം. ആര്‍ച്ച്ബിഷപ്പ് റെമിജിയസാണ് ലിയൊനാര്‍ഡിനെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരുന്നത്.
ഒരിക്കല്‍ ഒരു യുദ്ധത്തില്‍ ക്ലോവിസ് രാജാവ് പരാജയത്തിലേക്ക് നീങ്ങിയപ്പോള്‍ രാജ്ഞി ലിയൊനാര്‍ഡിനെ വിളിച്ച് ആര്‍ച്ച്ബിഷപ്പിന്റെ സഹായം അഭ്യര്‍ഥിക്കുവാന്‍ ആവശ്യപ്പെട്ടു. രാജ്ഞി യേശുവിന്റെ ശക്തിയാല്‍ യുദ്ധം ജയിക്കാനാവും എന്നു വിശ്വസിച്ചിരുന്നു. റെമിജിയസിന്റെ പ്രാര്‍ഥനയാല്‍ യുദ്ധത്തിന്റെ ഗതി മാറുകയും ശത്രുക്കള്‍ പരാജയപ്പെട്ട് പിന്മാറുകയും ചെയ്തു. ഈ സംഭവത്തോടെ രാജാവും ലിയൊനാര്‍ഡുമടക്കം ആയിരക്കണക്കിന് ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചു. കൊട്ടാരത്തിലെ ജോലി തന്റെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകയില്ലെന്നു തിരിച്ചറിഞ്ഞ ലിയൊനാര്‍ഡ് വൈകാതെ ജോലി രാജിവച്ചു. സകലതും ദൈവത്തിനു സമര്‍പ്പിച്ച് അദ്ദേഹം സന്യാസജീവിതത്തിന് തുടക്കമിട്ടു. സുവിശേഷം പ്രസംഗിച്ച് നിരവധിയാളുകളെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി. ലിയൊനാര്‍ഡിന്റെ സഹോദരനായ ലിവിയാര്‍ഡും ഇതേമാതൃക പിന്തു ടര്‍ന്ന് കൊട്ടാരത്തിലെ ജോലി ഉപേക്ഷിച്ച് ഒരു ആശ്രമം പണിത് അവിടെ താമസം തുടങ്ങി.
ആര്‍ച്ച് ബിഷപ്പ് റെമിജിയസിന്റെ ശിഷ്യനായി കുറച്ചുകാലം ജീവിച്ച ലിയൊനാര്‍ഡിന് കൂടുതല്‍ ഏകാന്തത തന്റെ പ്രാര്‍ഥനകള്‍ക്ക് ആവശ്യമുണ്ടെന്നു തോന്നി. മാത്രമല്ല, തന്റെ പ്രിയപ്പെട്ട ഉദ്യോ ഗസ്ഥനെ തിരികെ കൊട്ടാരത്തിലേക്ക് വിളിച്ചുകൊണ്ടുവരാന്‍ രാജാവ് ഏറെ ആഗ്രഹിച്ചിരുന്നു. നിരവധി ദൂതന്‍മാരെ രാജാവ് ലിയൊനാര്‍ഡിന്റെ പക്കലേക്ക് അയച്ചു. എന്നാല്‍, തന്റെ ജീവിതം ഇനി പൂര്‍ണമായും യേശുവിനുള്ളതാണെന്ന് ലിയൊനാര്‍ഡ് തീരുമാനിച്ചുറപ്പിച്ചിരുന്നു.

ഏകാന്തത തേടി അദ്ദേഹം വനത്തിലേക്ക് പോയി. അവിടെ ഒരു ആശ്രമം പണിത് പ്രാര്‍ഥനയിലും ഉപവാസത്തിലും ജീവിക്കുവാന്‍ തുടങ്ങി. കാട്ടുപഴങ്ങള്‍ മാത്രമായിരുന്നു പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹം ഭക്ഷിച്ചിരുന്നത്. ആകെയുള്ള ബന്ധം ദൈവവുമായിട്ടായിരുന്നു. വളരെ അപൂര്‍വമായി മാത്രം അദ്ദേഹം നാട്ടിലേക്ക് പോയിരുന്നുള്ളു. അതും ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ ആശുപത്രികളും ജയിലുകളും സന്ദര്‍ശിച്ച് നിരാലംബരെ ആശ്വസിപ്പിക്കുന്നതിനോ മാത്രം. ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി പേരെ മാനസാ ന്തരപ്പെടുത്തുവാനും അവരെയൊക്കെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരുവാനും ലിയൊനാര്‍ ഡിനു കഴിഞ്ഞിരുന്നു
അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയാല്‍ ഫ്രാന്‍കിലെ രാജ്ഞിക്ക്‌ ഒരു ആണ്‍കുഞ്ഞ്‌ പിറന്നു. ഇതിനു പകരമായി അദ്ദേഹത്തിന് ലിമോഗെസില്‍ നിന്നും 21 കിലോമീറ്റര്‍ ദൂരെയുള്ള നോബ്ലാക്കില്‍ കുറച്ച്‌ രാജകീയഭൂമി ലഭിച്ചു. അവിടെ അദ്ദേഹം നോബ്ലാക്കിലെ ആശ്രമത്തിനു തുടക്കം കുറിച്ചു. ഇതിനു ചുറ്റുമായി പില്‍ക്കാലത്ത് ഒരു ഗ്രാമം തന്നെ രൂപം കൊണ്ടു. ഈ ഗ്രാമം അദേഹത്തിന്റെ ബഹുമാനാര്‍ത്ഥം വിശുദ്ധ- ലിയോണാര്‍ഡ്-ഡി-നോബ്ലാറ്റ്‌ എന്ന പേരില്‍ അറിയപ്പെട്ടു.

പതിനൊന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹത്തിന്റെ ആരാധനാ സമ്പ്രദായം വളരെ വ്യാപകമായി പ്രചരിച്ചു. 1103-ല്‍ ആദ്യ കുരിശു യുദ്ധത്തിലെ പ്രമുഖ നേതാവായ അന്റിയോചിന്നിലെ ബോഹേമോണ്ട് ഒരു ഡാനിഷ്മെന്റ് തടവറയില്‍ നിന്നും വിശുദ്ധന്റെ ഇടപെടല്‍ നിമിത്തം മോചിതനായി. ഇതിന് പ്രത്യുപകാരമായി ആദേഹം നോബ്ലാക്ക് ആശ്രമം സന്ദര്‍ശിക്കുകയും പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ മാതൃക പലരെയും ഇത്തരം പാരിതോഷികങ്ങള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുകയും അങ്ങിനെ റോമനേഷ്ക് പള്ളിയും ഇതിന്റെ കാണപ്പെടുന്ന അടയാളമായ ബെല്‍റ്റ്‌ ടവറും പണികഴിക്കുകയും ചെയ്തു. ഇതേസമയം തന്നെ നൊബ്ലാക്ക് സാന്റിയാഗോ ഡി കോമ്പോസ്റ്റെല തീര്‍ത്താടക പാതയിലെ ഒരു പ്രധാനപ്പെട്ട സ്ഥലമായി. ലിയോണാര്‍ഡിന്റെ ആരാധനാ സമ്പ്രദായം ഇതുമൂലം പശ്ചിമ യൂറോപ്പ്‌ മുഴുവനും വ്യാപിച്ചു.
എ.ഡി. 559 ലായിരുന്നു ലിയൊനാര്‍ഡിന്റെ മരണം. ലിയൊനാര്‍ഡിന്റെ മരണശേഷം നിരവധി അനുഗ്രഹങ്ങള്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ ലഭിച്ചു.

ഇംഗ്ലണ്ടില്‍ മാത്രം ഏതാണ്ട് 177-ഓളം പള്ളികള്‍ വിശുദ്ധന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സ്പെയിന്‍, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ജെര്‍മ്മനി പ്രത്യേകമായി ബാവരിയായിലും കൂടാതെ പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും വിശുദ്ധൻ ആദരിക്കപ്പെടുന്നു. ഇവിടങ്ങളില്‍ എല്ലാം തന്നെ ഇദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്തിനായി അപേക്ഷിക്കുകയും ധാരാളം തീര്‍ഥാടനങ്ങള്‍ നടത്തപ്പെടുകയും ചെയ്യുന്നു.
ബാവരിയയിലെ ഒരു കൊച്ചുഗ്രാമത്തില്‍ മാത്രം 4000 പേര്‍ക്കാണ് അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടു ലഭിച്ചത്.തടവ്‌ പുള്ളികളുടെ മോചനത്തിനും, സുഖ പ്രസവത്തിനും കന്നുകാലികളുടെ അസുഖം ഭേതമാക്കുന്നതിനും ഇദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കപ്പെടുന്നു

No comments:

Post a Comment