സുവിശേഷകനായ വി. മര്‍ക്കോസ്
ഈശോയുടെ ശിഷ്യനായിരുന്ന വി. പത്രോസ് ശ്ലീഹായുടെ ശിഷ്യനായിരുന്നു വി. മര്‍ക്കോസ്. വിജാതീയരായ ക്രൈസ്തവര്‍ക്കു വേണ്ടി എ.ഡി. 60-70 കാലഘട്ടത്തില്‍ റോമില്‍ വച്ചു ഗ്രീക്ക് ഭാഷയിലാണ് വി. മര്‍ക്കോസ് സുവിശേഷമെഴുതിയത്. ആദ്യമായി എഴുതപ്പെട്ട സുവിശേഷം വി. മര്‍ക്കോസിന്റെ സുവിശേഷമാണെന്നാണ് ബൈബിള്‍ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്.
പിന്നീട് മത്തായിയും ലൂക്കായും സുവിശേഷമെഴുതിയപ്പോള്‍
അവര്‍ ആശ്രയിച്ചതും മര്‍ക്കോസിന്റെ സുവിശേഷത്തെയായിരുന്നു. അഹറോന്റെ ഗോത്രത്തില്‍ പെട്ട
ഒരു യഹൂദനായിരുന്നു മര്‍ക്കോസ്. ഈശോയുടെ കാലത്തു തന്നെ മര്‍ക്കോസ് ശിഷ്യന്‍മാര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന്
അനുമാനിക്കുന്നത് വി. മര്‍ക്കോസിന്റെ തന്നെ സുവിശേഷത്തില്‍ നിന്നാണ്. ഈശോയെ പടയാളികള്‍
തടവിലാക്കിയപ്പോള്‍ ശിഷ്യന്‍മാരെല്ലാവരും അവിടുത്തെ വിട്ട് ഓടിപ്പോയി. ''എന്നാല്‍, ഒരു പുതപ്പുമാത്രം
ദേഹത്തുചുറ്റിയിരുന്ന ഒരു യുവാവ് അവിടുത്തെ പിന്നാലെ പോയിരുന്നു. അവര്‍ അയാളെ പിടികൂടി.
അയാള്‍ ആ പുതപ്പും ഉപേക്ഷിച്ച് നഗ്നനായി ഓടിപ്പോയി.'' (മര്‍ക്കോസ് 14:51.52)
ഈ യുവാവ് മര്‍ക്കോസ് ആയിരുന്നുവെന്നാണ് വിശ്വാസം.
വി. പത്രോസ് ശ്ലീഹാ ഒരിക്കല്‍ കാരാഗൃഹത്തില്‍ നിന്നു
രക്ഷപ്പെട്ടതിനു ശേഷം അഭയം പ്രാപിച്ചത് മര്‍ക്കോസിന്റെ ഭവനത്തിലായിരുന്നുവെന്ന് നടപടി
പുസ്തകത്തില്‍ പറയുന്നുണ്ട്. മര്‍ക്കോസിന്റെ ഭവനത്തില്‍ അദ്ദേഹത്തിന്റെ അമ്മയായ മറിയത്തിന്റെ
നേതൃത്വത്തില്‍ ഒെേട്ടറെ പേര്‍ ഒന്നിച്ചുചേര്‍ന്നു പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന്
നടപടി പുസ്തകത്തില്‍ വായിക്കാം. പത്രോസിന്റെ ഒന്നാം ലേഖനത്തില്‍ അദ്ദേഹം മര്‍ക്കോസിനെ
'മകന്‍' എന്നാണ് വിളിക്കുന്നത്.
പത്രോസ് ശ്ലീഹായുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു മര്‍ക്കോസ് എന്ന് ഇതില്‍
നിന്ന് അനുമാനിക്കാം.
വി. പത്രോസിന്റെ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി കിട്ടണമെന്ന
റോമാക്കാരുടെ ആഗ്രഹത്തെ തുടര്‍ന്നാണ് മര്‍ക്കോസ് സുവിശേഷം രചിച്ചത്. ഈ സുവിശേഷത്തിലുടനീളം
വി. പത്രോസില്‍ നിന്നു മര്‍ക്കോസ് കേട്ട കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പത്രോസ് ഈശോയെ തള്ളിപ്പറയുന്ന സംഭവം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈജിപ്തില്‍ സുവിശേഷം പ്രചരിപ്പിക്കാനായി അലക്‌സാന്‍ട്രിയായിലെ മെത്രാനായി പത്രോസ് ശ്ലീഹാ
മര്‍ക്കോസിനെ നിയമിച്ചു. അവിടെ വച്ച് വിജാതീയര്‍ മര്‍ക്കോസിനെ തടവിലാക്കുകയും ക്രൂരമായി
പീഡിപ്പിക്കുകയും ചെയ്തു. എ.ഡി. 68 ല്‍ വി. മര്‍ക്കോസ്
കൊല്ലപ്പെട്ടു. വെനീസിലെ ബസലിക്കയില്‍ വി. മര്‍ക്കോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്പോഴും
സൂക്ഷിച്ചിട്ടുണ്ട്
No comments:
Post a Comment