വി. സിത
നാല്‍പത്തിയെട്ടു വര്‍ഷം വീട്ടുവേലക്കാരിയായി ജോലി ചെയ്ത് ജീവിച്ച വിശുദ്ധയാണ് സിത. ഇറ്റലിയിലെ ലുക്ക എന്ന സ്ഥലത്ത് വളരെ ദരിദ്രമായൊരു കുടുംബത്തിലാണ് അവള്‍ ജനിച്ചത്. വീട്ടിലെ സാഹചര്യങ്ങള്‍ മൂലം പന്ത്രണ്ടാം വയസില്‍ അവള്‍ വീട്ടുജോലി ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് മരണം വരെ ആ വീട്ടില്‍ വേലക്കാരിയായി കഴിഞ്ഞു. രാത്രി ഏറെ വൈകി മാത്രമേ അവളുടെ ജോലികള്‍ കഴിഞ്ഞിരുന്നുള്ളു. പക്ഷേ, എത്ര വൈകി കിടന്നാലും അതിരാവിലെ എഴുന്നേല്‍ക്കും. അടുത്തുള്ള ദേവാലയത്തിലേക്ക് ഓടിപ്പോകും. വീട്ടിലുള്ളവര്‍ എഴുന്നേല്‍ക്കും മുന്‍പ് ദേവാലയത്തില്‍ നിന്ന് അവള്‍ മടങ്ങിയെത്തും. ഒരിക്കലും തന്റെ ജോലികളില്‍ ഒരു വീഴ്ചയും അവള്‍ വരുത്തിയിരുന്നില്ല. എന്നാല്‍, ഒരു ദിവസം പ്രാര്‍ഥനയില്‍ മുഴുകിപ്പോയ സിത വീട്ടിലെത്താന്‍ വൈകി. വീട്ടില്‍ പ്രഭാതഭക്ഷണം ഉണ്ടാക്കേണ്ട സമയം മുഴുവന്‍ അങ്ങനെ ദേവാലയത്തില്‍ അറിയാതെ ചിലവഴിച്ചുപോയി. പ്രാര്‍ഥനയില്‍ നിന്നുണര്‍ന്നപ്പോള്‍ സമയം വൈകിയത് അറിഞ്ഞ് അവള്‍ ദുഃഖിതയായി. കരഞ്ഞുകൊണ്ട് അവള്‍ വീട്ടിലേക്ക് ഓടി. എന്നാല്‍, സിത വീട്ടിലെത്തിയപ്പോള്‍ അടുക്കളയില്‍ ഒരു പാത്രം നിറയെ അപ്പം. തന്റെ യജമാനത്തിയാവും പ്രഭാതഭക്ഷണം ഉണ്ടാക്കിയതെന്ന് അവള്‍ കരുതി. വൈകിപ്പോയതിനു അവള്‍ അവരോട് ക്ഷമ ചോദിച്ചു. തന്റെ ജോലികള്‍ ചെയ്തതിന് അവരോടു നന്ദിയും പറഞ്ഞു. എന്നാല്‍, സിതയുടെ യജമാനത്തി അദ്ഭുതസ്തബ്ധയായി. താനല്ല അപ്പമുണ്ടാക്കിയതെന്ന് അവര്‍ ആണയിട്ടു പറഞ്ഞു. എപ്പോഴും സൗമ്യമായി മാത്രമേ സിത സംസാരിക്കുമായിരുന്നുള്ളൂ. ഒരിക്കല്‍ പോലും അവള്‍ ആരോടും ക്ഷുഭിതയായി സംസാരിച്ചിട്ടില്ല. അവളുടെ കൂടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ പലപ്പോഴും സിതയെ ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍, എല്ലാം യേശുവിന്റെ നാമത്തില്‍ സഹിക്കുവാനും കൂടുതല്‍ സൗമ്യമായി പെരുമാറാനും അവള്‍ക്കു കഴിഞ്ഞു. ആ വീട്ടില്‍ ഭിക്ഷ യാചിച്ചു വരുന്ന പാവങ്ങള്‍ക്കെല്ലാം അവള്‍ ധാരാളം ഭക്ഷണം കൊടുക്കുമായിരുന്നു. ഉടമസ്ഥര്‍ക്ക് ഇതില്‍ അസ്വസ്ഥതയുണ്ടായി. അവര്‍ അവളോട് ഇതു പറയുകയും ചെയ്തു. വീട്ടുടമസ്ഥനും ഭാര്യയ്ക്കും സിതയോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, സാധുക്കള്‍ക്കു തനിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന ഭക്ഷണം അവള്‍ കൊടുത്തുകൊണ്ടേയിരുന്നു. തനിക്കു കിട്ടുന്ന ശമ്പളവും പാവങ്ങള്‍ക്കു വീതിച്ചുകൊടുക്കുകയാണ് അവള്‍ ചെയ്തത്. മറ്റു ജോലിക്കാര്‍ അവളെ പീഡിപ്പിച്ചു കൊണ്ടേയിരുന്നുവെങ്കിലും അവള്‍ അവര്‍ക്കുവേണ്ടി കൂടി പ്രാര്‍ഥിച്ചു. മെല്ലെ വീട്ടുകാര്‍ക്കും മറ്റു ജോലിക്കാര്‍ക്കും അവളോടുള്ള അനിഷ്ടം നീങ്ങി. സിത മൂലമാണ് ആ വീടിന് ഐശ്വര്യം കൈവരുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു. 1272 ല്‍ സിത മരിച്ചപ്പോള്‍ ആ വീടിനു മുകളില്‍ അസാധാരണ പ്രകാശത്തോടെ ഒരു നക്ഷത്രം വന്നു നിന്നതായി പറയപ്പെടുന്നു. 1696 ല്‍ സിതയെ വിശുദ്ധയായി പ്രഖ്യാപിച്ചു. പാചകക്കാരുടെയും വീട്ടുജോലിക്കാരുടെയും മധ്യസ്ഥയായാണ് സിത അറിയപ്പെടുന്നത്
No comments:
Post a Comment