വിശുദ്ധ ആഞ്ചെല മെരിച്ചി
saint angela merici |
ചെറുപ്പത്തില്‍ അവളുടെ പിതാവും കുടുംബവും ഗ്രേസേ എന്നു വിളിക്കപ്പെടുന്ന ഗ്രാമത്തിലേക്ക് താമസം മാറ്റി. ചെറിയ ഒരു വീടാണ് അവര്‍ക്കുണ്ടായിരുന്നത്. ഒരു മുറി മാത്രമുള്ള ഈ വീട്ടില്‍, അഞ്ചാമത്തെ വയസ്സില്‍ തന്നെ ദിവ്യനാഥനോടുള്ള സ്‌നേഹത്താല്‍ ആഞ്ചെല ജ്വലിക്കുവാന്‍ തുടങ്ങി. ത്യാഗങ്ങളും പ്രായ്ശ്ചിത്ത പ്രവൃത്തികളും അവളുടെ ജീവിതത്തില്‍ ധാരാളമുണ്ടായിരുന്നു. വെറും തറയിലാണ് അവള്‍ കിടന്നുറങ്ങിയിരുന്നത്. ഡോമിനിക് സാവിയോയെപ്പോലെ ചെറുപ്രായത്തില്‍ തന്നെ വലിയ തീക്ഷ്ണതയാണ് ആഞ്ചെല പ്രാര്‍ത്ഥനയില്‍ കാണിച്ചിരുന്നത്. മാതാപിതാക്കള്‍ എന്തെങ്കിലും കാരണവശാല്‍ പ്രാര്‍ത്ഥന ചൊല്ലുവാന്‍ മറന്നാല്‍ ആഞ്ചെല അവരെ പ്രാര്‍ത്ഥനയുടെ കാര്യം ഓര്‍മ്മിപ്പിക്കുമായിരുന്നു. ഒരു ദിവസം ആഞ്ചെലെയുടെ പിതാവ് കഠിനമായ രോഗം ബാധിച്ച് കിടപ്പിലായി. ആ നാളുകള്‍ പിതാവിന്റെ കരങ്ങളില്‍ പിടിച്ച് നിത്യജീവിതത്തെക്കുറിച്ചും പറുദീസയെക്കുറിച്ചുമൊക്കെ പിതാവിനോട് ആഞ്ചെല പറയുമായിരുന്നു. തന്റെ പിതാവിനെ മരണത്തിനായി ഒരുക്കുവാന്‍ പോലുമുള്ള ആത്മീയ പക്വത അവള്‍ ചെറുപ്രായത്തില്‍ തന്നെ സമ്പാദിച്ചിരുന്നു. അങ്ങനെ വളരെ സന്തോഷത്തോടും പ്രത്യാശയോടും കൂടി ഈ ലോകത്തില്‍ നിന്ന് കടന്നുപോകുവാന്‍ ആഞ്ചെല പിതാവിനെ സഹായിച്ചു. എങ്കിലും പിതാവിന്റെ മരണശേഷം അവരുടെ ജീവിതം അത്ര സുഗമമായിരുന്നില്ല.
ഒരു ദിവസം അവളുടെ ജേഷ്ഠസഹോദരിയും പ്രത്യേക കാരണം കൂടാതെ രോഗബാധിതയായി മരിച്ചു. സഹോദരിയെന്നതിനെക്കാളുപരി ആത്മീയ കാര്യങ്ങളില്‍ ആഞ്ചെലായുടെ ലക്ഷ്യങ്ങളോട് ഏറ്റവും അടുപ്പം കാണിച്ച വ്യക്തിയായിരുന്നു അവളുടെ ജേഷ്ഠസഹോദരി. അവളുടെ മരണം ആഞ്ചെലയുടെ ആത്മീയ ജീവിതത്തെയും തെല്ലൊന്ന് ഉലച്ചു. സഹോദരി വളരെ വിശുദ്ധമായ ജീവിതമാണ് നയിച്ചിരുന്നത്. എങ്കിലും അന്ത്യകൂദാശകള്‍ സ്വീകരിക്കാതെ പെട്ടെന്നുള്ള അവളുടെ മരണം ആഞ്ചെലായെ വളരെ വേദനിപ്പിച്ചു. അവള്‍ തന്റെ സഹോദരിക്കുവേണ്ടി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ആഞ്ചെലായുടെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ ദര്‍ശനം തന്റെ സഹോദരി മാലാഖമാരോടൊപ്പം സ്വര്‍ഗത്തിലേക്ക് യാത്രയാകുന്നതായിരുന്നു. ഈ ദര്‍ശനം അവളുടെ ജീവിതത്തെ ആകമാനം സ്വാധീനിച്ചിരുന്നു. ആഞ്ചെലായുടെ അമ്മ കുലീന കുടുംബത്തില്‍ പിറന്നവളായിരുന്നു. ആഞ്ചെലായുടെ സൗന്ദര്യം പ്രഭുകുമാരന്മാരെ ആകര്‍ഷിച്ചുതുടങ്ങി. അപ്പോള്‍ ദരിദ്രരായിരുന്നെങ്കിലും കുടുംബത്തിന്റെ പേരും പ്രശസ്തിയുമൊന്നും അസ്തമിച്ചിരുന്നില്ല. അനേകം വിവാഹാലോചനകള്‍ വന്നുതുടങ്ങി. ആഞ്ചെല അമ്മയോട് തന്റെ ആഗ്രഹം പറഞ്ഞു .
ദിവ്യനാഥനായ യേശുവിനായി ജീവിതം സമര്‍പ്പിക്കുകയാണ് തന്റെ ലക്ഷ്യം'. കുടുംബജീവിതത്തിലേക്ക് തനിക്കൊരു വിളി ലഭിച്ചിട്ടില്ലെന്നും അവള്‍ അമ്മയെ അറിയിച്ചു. ചെറുപ്പം മുതല്‍ തന്റെ കുഞ്ഞിന്റെ ആത്മീയ വളര്‍ച്ചയെ അടുത്തുവീക്ഷിച്ച ആ അമ്മയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കാനുണ്ടായിരുന്നില്ല. ആ ദിവസങ്ങളില്‍ ആഞ്ചെലായുടെ അമ്മ സ്റ്റെയര്‍ കെയ്‌സില്‍ നിന്ന് കാല്‍വഴുതി വീഴുവാനിടയായി. വീഴ്ച ഗുരുതരമായിരുന്നു. ആഞ്ചെലയും മറ്റൊരു സ്ത്രീയും കൂടി അവരെ കിടക്കയില്‍ കിടത്തി. അമ്മ അവളെ കരങ്ങളുയര്‍ത്തി ആശിര്‍വദിച്ചു. ആരുമില്ലാതെ അനാഥയായ നീ, യേശുവിനെ കൂട്ടുപിടിക്കുക എന്നു പറഞ്ഞുകൊണ്ട് അവളുടെ അമ്മയും തന്റെ നിത്യസമ്മാനം വാങ്ങുവാനായി യാത്രയായി, മരണത്തിന് മുന്‍പ് തന്റെ സഹോദരനോട് ആഞ്ചെലയുടെ കാര്യങ്ങള്‍ നോക്കിക്കൊള്ളാന്‍ നിര്‍ദ്ദേശവും ആ അമ്മ നല്‍കിയിരുന്നു. അമ്മയുടെ സഹോദരനെത്തിയാണ് ശവസംസ്‌കാരചടങ്ങുകള്‍ ക്രമീകരിച്ചത്. പിതാവും മാതാവും സഹോദരിയുമെല്ലാം മരണമടഞ്ഞ് ജീവിതത്തില്‍ ആരുമില്ലാതെ ഒറ്റയ്ക്കായതിന്റെ നൊമ്പരം വളരെ വലുതായിരുന്നു. എങ്കിലും തന്റെ പ്രിയപ്പെട്ടവര്‍ സ്വര്‍ഗത്തിലേക്കാണല്ലോ പോയത് എന്നുള്ള ചിന്ത അവളെ ആശ്വസിപ്പിച്ചു.
ആഞ്ചെലയെ അമ്മയുടെ സഹോദരന്‍ തന്റെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ എല്ലാവരും അവളെ സ്‌നേഹിച്ചിരുന്നു. സാലോ ഗ്രാമത്തിലെ ജീവിതം ഒരു കാര്യത്തില്‍ മാത്രമാണ് അവളെ വേദനിപ്പിച്ചത്. സ്വന്തം ഭവനത്തിലെ ദാരിദ്ര്യവും മിതത്വവുമൊന്നും അവിടെയില്ല. എല്ലാം ആവശ്യത്തിനുമധികം. ആഢംബരവും പ്രൗഢിയും ആഞ്ചെലായുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തി. വീണ്ടും പ്രഭുകുടുംബങ്ങളുടെയും അവിടെയുള്ള കുമാരന്മാരുടെയും കണ്ണുകള്‍ അവളുടെ നേരെ തിരിഞ്ഞു. അടുത്തുള്ള കര്‍മ്മലീത്താ മഠം സന്ദര്‍ശിക്കുവാന്‍ തനിക്ക് അനുവാദം തരണമെന്ന് അവള്‍ അമ്മയുടെ സഹോദരനോട് ആവശ്യപ്പെട്ടു. അവിടെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിനു മുന്‍പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍, ദിവ്യനാഥനായ യേശുവിന് ജീവിതം സമര്‍പ്പിക്കുവാന്‍, പരിശുദ്ധ അമ്മ അവളോട് പറയുന്ന ഒരു സ്വരം അവള്‍ കേള്‍ക്കുകയുണ്ടായി. തന്റെ ജീവിതത്തില്‍ ഉടനീളം എങ്ങനെയാണ് ദൈവതിരുമനസ്സിന് താന്‍ കീഴ്‌വഴങ്ങിയതെന്നും യേശുവിന്റെ മരണത്തോടെ ഉണ്ടായ അനാഥത്വം അഭിമുഖീകരിച്ചതെന്നും പരിശുദ്ധ അമ്മ അവള്‍ക്ക് പറഞ്ഞു കൊടുത്തു. അതുപോലെ യേശുവിനെ ഗാഢമായി സ്‌നേഹിക്കാന്‍ അമ്മ അവളോട് പറഞ്ഞു. തന്റെ സഹായവും സംരക്ഷണവും എന്നും കൂടെയുണ്ടാകുമെന്നും പരിശുദ്ധ അമ്മ അവള്‍ക്ക് ഉറപ്പ് നല്‍കി.
ക്രിസ്തുവിന്റെ മണവാട്ടിയായിരിക്കുക എന്നാല്‍ ക്രൂശിതന്റെ മണവാട്ടിയാകുക എന്നാണെന്നും അത് സഹനത്തിന്റെയും സ്വയംശൂന്യവല്‍ക്കരണത്തിന്റെയും പാതയാണെന്നും പരിശുദ്ധ അമ്മ അവളോട് പറഞ്ഞു. കുരിശിന്റെ താഴെ നില്‍ക്കുവാനുള്ള വിളിയാണ് സമര്‍പ്പിതര്‍ക്ക് എപ്പോഴും നല്‍കപ്പെടുക. ലെസെന്‍സാനോയിലെ കൊച്ചുഭവനത്തില്‍ അഭ്യസിച്ച പ്രാര്‍ത്ഥനകളും പ്രായശ്ചിത്തരീതികളും ഈ നാളുകളിലും അവള്‍ തുടര്‍ന്നു പോന്നു. ഓരോ ദിവസവും ദിവ്യബലിയില്‍ സംബന്ധിക്കുമ്പോള്‍ അവളുടെ ഹൃദയം യേശുവിനോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞു. ഈ സ്‌നേഹം ജീവിതംതന്നെ ക്രിസ്തുവിനു വേണ്ടി സമര്‍പ്പിക്കണമെന്നുള്ള അതിയായ ആഗ്രഹം അവളില്‍ നിറച്ചു. പ്രലോഭനങ്ങളും കുറവായിരുന്നില്ല. ഒരിക്കല്‍ പ്രലോഭകന്‍ മാലാഖയുടെ രൂപത്തില്‍ അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു. പ്രഭാപൂര്‍ണനായ അവന്റെ തേജസ്സില്‍ അവന്‍ അവളെ ആകര്‍ഷിച്ചു. ശരീരത്തിന്റെ അധമവികാരങ്ങളെ ഉണര്‍ത്തുന്ന ആ ദര്‍ശനം സത്യസന്ധമല്ലെന്ന് അവള്‍ക്ക് തോന്നി. ദൈവികമായ ഒന്ന് ഒരിക്കലും നമ്മെ പാപത്തിന് പ്രലോഭിപ്പിക്കുന്നില്ലല്ലോ. യേശുവിന്റെ നാമത്തില്‍ നരകത്തിന്റെ അഗാധതയിലേക്ക് പോകുവാനും കുരിശിന്റെ കീഴില്‍ ബന്ധിതമാകുവാനും പ്രഭാപൂര്‍ണനായ ആ വീണുപോയ മാലാഖയോട് അവള്‍ കല്‍പിച്ചു. ദൈവത്തിന്റെ മാലാഖയല്ല നീയെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നവള്‍ പറഞ്ഞു. പെട്ടെന്ന് ദര്‍ശനം അവസാനിക്കുകയും മാലാഖ മറയുകയും ചെയ്തു.
ആ നാളുകള്‍ മുതല്‍ തനിക്കുണ്ടാകുന്ന ദര്‍ശനങ്ങളെയും സന്ദേശങ്ങളെയും വളരെ വിവേകത്തോടെ വിവേചിച്ചറിയാനും സത്യസന്ധമായതിനെ മാത്രം സ്വീകരിച്ച് മറ്റുള്ളതിനെ തിരസ്‌കരിക്കുന്നതിനും അവള്‍ അത്യധികം ശ്രദ്ധ പുലര്‍ത്തി. തിന്മയുടെ സ്വാധീനം നഗരത്തെയും ഗ്രാമത്തെയും ഒന്നടങ്കം തെറ്റിലകപ്പെടുത്തിയ നാളുകളായിരുന്നു അത്. യുവജനങ്ങള്‍ വഴിതെറ്റിപ്പോകുന്നതും ധാര്‍മ്മിക ചിന്തകള്‍ തകര്‍ക്കപ്പെടുന്നതും സാധാരണ സംഭവങ്ങളായി മാറി. ആഞ്ചെല തന്റെ പ്രാര്‍ത്ഥനാമുറിയില്‍ കടന്ന് തിന്മയ്‌ക്കെതിരായുള്ള യുദ്ധം ആരംഭിച്ചു. പ്രാര്‍ത്ഥനയുടെ വലിയ കോട്ടകള്‍ തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ജീവിതത്തില്‍ ഉയര്‍ത്തുവാന്‍ അവള്‍ നിരന്തരം മുട്ടിന്മേല്‍ നിന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടലും സംരക്ഷണവുമുണ്ടാകുന്നതിനായി ദൈവത്തിന്റെ സഹായം ചോദിച്ചുവാങ്ങുകയായിരുന്നു അവളുടെ ജീവിതലക്ഷ്യം തന്നെ. ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ അംഗമായി ചേര്‍ന്ന ആഞ്ചെലായുടെ ജീവിതം കൂടുതല്‍ പ്രായശ്ചിത്ത പ്രവൃത്തികളിലേയ്ക്കും പ്രാര്‍ത്ഥനയിലേക്കും കടന്നു. വെറും തറയില്‍ കിടന്നുറങ്ങുകയായിരുന്നു അവള്‍ക്ക് ഇഷ്ടം. അല്‍പം ബ്രഡും കുറച്ചു വെള്ളവും മാത്രമായിരുന്നു സ്ഥിരം ഭക്ഷണം. പാവപ്പെട്ടവരെയും അശരണരെയും സഹായിക്കുന്നതിനും അവര്‍ക്ക് ആവശ്യമായത് നല്‍കുന്നതിനും അവള്‍ എന്നും മുന്നിലായിരുന്നു. എങ്കിലും യഥാര്‍ത്ഥ സന്യാസത്തിലേക്ക് മടങ്ങുവാന്‍ സമയമായി എന്ന് അവള്‍ക്ക് തോന്നി.
അങ്ങനെ ഇരുപത്തിയാറാമത്തെ വയസ്സില്‍ വീടിനെയും സുഹൃത്തുക്കളെയും സമ്പത്തിനെയും എല്ലാം ഉപേക്ഷിച്ച് ലാസെന്‍സാനയിലേക്ക് അവള്‍ യാത്രയായി. തിരികെ സ്വന്തം ഗ്രാമത്തിലെത്തിയ അവള്‍ക്ക് വീടും താമസസ്ഥങ്ങളുമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ദൈവപരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് വി. ഫ്രാന്‍സിസിനെപ്പോലെ ആഞ്ചെലായും തന്റെ സന്യാസജീവിതം ആരംഭിക്കുകയായിരുന്നു. സമ്പൂര്‍ണ സമര്‍പ്പണത്തിന്റെയും പൂര്‍ണമായി ദൈവത്തില്‍ ആശ്രയിക്കുന്നതിന്റെയും സന്തോഷം അവള്‍ അനുഭവിച്ചുതുടങ്ങി. ആ സമ്പൂര്‍ണ സമര്‍പ്പണത്തിന് മുന്‍പില്‍ സ്വര്‍ഗത്തിലെ മാലാഖമാര്‍ സംഗീതത്തോടെ ഇറങ്ങിവന്നു. ദൈവസാന്നിധ്യവും വിശുദ്ധരുടെ കൂട്ടായ്മയും അവളുടെ കൂടെനടന്നു. ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിതത്തെ സ്വര്‍ഗം പരിപാലിക്കുകയും വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു അത്. പക്ഷികളും മൃഗങ്ങളും മനുഷ്യരുമെല്ലാം അവളുടെ ചങ്ങാതിമാരായി. സ്വര്‍ഗത്തിന്റെ ദര്‍ശനങ്ങള്‍ അവളെ ധൈര്യപ്പെടുത്തി. ഈ ഭൂമിയും അതിലുള്ളവയും അവള്‍ക്ക് വിലയുള്ളതായിരുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍തന്നെ സ്വര്‍ഗത്തില്‍ ആയിരിക്കുന്നതിന്റെ ആനന്ദം അവളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കി. ദൈവത്തിന് അവളെക്കുറിച്ചുള്ള പദ്ധതികള്‍ തക്കസമയത്ത് സ്വര്‍ഗം അവള്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തുകൊണ്ടിരുന്നു.
ആവൃതിക്കുള്ളില്‍ ഒതുങ്ങിക്കൂടിയ ഒരു സന്യാസ ജീവിതമായിരുന്നു ആഞ്ചെലായുടെ ആഗ്രഹം. എന്നാല്‍ ദൈവിക വെളിപ്പെടുത്തലനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സമൂഹത്തിന് രൂപം നല്‍കുവാനാണ് അവള്‍ക്ക് നിര്‍ദേശം ലഭിച്ചത്. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും ആഗ്രഹിച്ച ആഞ്ചെല മറീച്ചിയ്ക്ക് ലഭിച്ച നിര്‍ദ്ദേശം പാവങ്ങളുടെയും അശരണരുടെയും ഇടയില്‍ പ്രവര്‍ത്തിക്കുവാനാണ്.ആഞ്ചെലായും സഹോദരിമാരും ഒരു സന്യാസഭവനത്തിലെ അംഗങ്ങളായിരുന്നില്ല. പാവങ്ങളെയും രോഗികളെയും പരിചരിക്കുന്നതിനായി ഒരുമിച്ചുകൂടി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഭക്തസ്ത്രീകള്‍ എന്ന രീതിയില്‍ മാത്രമാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ഒരിക്കല്‍ മാന്തുവായില്‍ വിശുദ്ധ ഓസാനാമിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് അവര്‍ യാത്രയായി. തിരികെയെത്തിയപ്പോള്‍ പുതിയ പ്രവര്‍ത്തനമേഖലകള്‍ അവളുടെ മനസ്സില്‍ ദൈവം വെളിപ്പെടുത്തി നല്‍കിയിരുന്നു. യുവജനങ്ങളെ സംഘടിപ്പിച്ച് ദൈവത്തിന്റെ സ്വരം കേട്ട് ജീവിക്കുന്നതിന് അവരെ അവള്‍ പ്രാപ്തരാക്കി. അവരില്‍ അനേകര്‍ വൈദിക ജീവിതത്തിലേക്കും സന്യാസ ജീവിതത്തിലേക്കും കടന്നുപോയി. ആ നാളുകളില്‍ വിശുദ്ധനാട് സന്ദര്‍ശിക്കുന്നതിനും കര്‍ത്താവിന്റെ പാദമുദ്രകള്‍ പതിഞ്ഞ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതിനും അവള്‍ക്ക് അവസരമൊരുങ്ങി. യേശുവിന്റെ അദ്ഭുത പ്രവര്‍ത്തനങ്ങളുടെ സ്ഥലവും ഗത്സമേനില്‍ യേശു രക്തം വിയര്‍ത്ത പൂന്തോട്ടവുമെല്ലാം അവളുടെ ആത്മീയ ജീവിതത്തിന് പുതിയ കരുത്ത് പകര്‍ന്നു. തനിക്കുവേണ്ടി തന്റെ ദിവ്യനാഥന്‍ ജീവന്‍ ബലിയായിക്കൊടുത്ത കാല്‍വരിയും അവളെ സ്പര്‍ശിച്ചു.
1525ല്‍ സഭ വിശ്വാസത്തെ പ്രതിയുള്ള ആക്രമണങ്ങള്‍ നേരിടുന്ന കാലമായിരുന്നു. മാര്‍ട്ടിന്‍ ലൂഥറും അനുയായികളും ജര്‍മ്മനിയില്‍നിന്ന് വര്‍ദ്ധിത വീര്യത്തോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലഘട്ടം. പരിശുദ്ധ പിതാവ് എല്ലാ വിശ്വാസികളെയും റോമിലേക്ക് ക്ഷണിക്കുകയും റോമാസന്ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം ഏര്‍പ്പെടുത്തുകയും ചെയ്തു. പരിശുദ്ധ സിംഹാസനവും രക്തസാക്ഷികളുടെ ചുടുനിണം വീണ് സഭ വളര്‍ന്ന സ്ഥലങ്ങളും സന്ദര്‍ശിക്കുന്നത് ആഞ്ചെലായ്ക്കും സന്തോഷമുള്ള കാര്യമായിരുന്നു. ഈ സന്ദര്‍ശനവേളയില്‍ പരിശുദ്ധ പിതാവിനെ കണ്ട് സംസാരിക്കുന്നതിനുള്ള അവസരവും അവള്‍ക്ക് ലഭിച്ചു. പരിശുദ്ധ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം റോമിലും തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ആഞ്ചെലാ നിര്‍ബന്ധിതയായി. പിന്നീട് പ്രഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കപ്പെടേണ്ടി വന്നപ്പോള്‍ അവള്‍ തിരിച്ച് മടങ്ങുകയും ചെയ്തു. പ്രഷ്യയില്‍ തിരികെയെത്തിയപ്പോള്‍ അവിടെ മുഴുവന്‍ പ്രൊട്ടസ്റ്റന്റ് ചിന്താഗതികള്‍ പടര്‍ന്നു പിടിച്ചിരുന്നു. വിഭജനങ്ങളും വഴക്കുകളും സര്‍വ്വസാധാരണമായി. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തെ അതിജീവിക്കുന്നതിനായി യഥാര്‍ത്ഥ ക്രിസ്തീയ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സ്‌കൂളുകള്‍ ആഞ്ചെലാ ആരംഭിച്ചു. ഒരിക്കലും ഉറങ്ങാത്ത സാത്താന്‍ ആയിരക്കണക്കിന് മിഥ്യാപഠനങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വിശ്വാസത്തെ ആക്രമിക്കുമെന്ന് അവള്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ ജാഗ്രതയുള്ളവരായിരിക്കണമെന്നും പ്രാര്‍ത്ഥനയില്‍ ദൈവഹിതം അന്വേഷിച്ച് മുന്നേറണമെന്നും അവരെ ആഞ്ചെല ഉദ്‌ബോധിപ്പിച്ചു.
പ്രത്യക്ഷത്തില്‍ നന്മയുണ്ടെന്ന് തോന്നുന്ന ചിന്തകളിലൂടെ പോലും സാത്താന്‍ ദൈവമക്കളെ വഴിതെറ്റിക്കും. പ്രഭാപൂര്‍ണനായ ദൈവദൂതന്റെ വേഷം കെട്ടാന്‍ മടിക്കാത്തവനാണ് അവന്‍. അവന്‍ കുത്തിനിറയ്ക്കുന്ന ആഴമായ അന്ധകാരത്തെ തിരിച്ചറിയുവാന്‍ നാം നമ്മുടെ വിശ്വാസത്തിന്റെ നേത്രങ്ങള്‍ തുറക്കേ ണ്ടിയിരിക്കുന്നു. ഈ നാളുകളില്‍ പ്രാര്‍ഥനയുടെ കോട്ട ഉയര്‍ത്തുന്നതിനായി കന്യകമാരുടെ ഒരു സംഘത്തെ രൂപീകരിക്കുവാനും അങ്ങനെ സ്വര്‍ഗത്തിന്റെ സഹായത്തോടെ തിന്മകളെ പരാജയപ്പെടുത്തുവാനും ആഞ്ചെലയ്ക്ക് നിര്‍ദേശം ലഭിച്ചു. ദൈവം നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കുവാന്‍ പ്രാര്‍ത്ഥനയോടെ നാം കാത്തിരിക്കാത്തതാണ് മഹനീയ സംരംഭങ്ങള്‍ ഫലമണിയാതിരിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന്. ജീവിതത്തിലുടനീളം അനേകം വ്യക്തികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജനത്തെ വിശ്വാസത്തില്‍ വളര്‍ത്തുന്നതിനും അവള്‍ പരിശ്രമിച്ചു. മരിക്കുന്നതിന് നാലു വര്‍ഷം മുന്‍പ് 1536ലാണ് കന്യകമാരുടെ പുതിയ കൂട്ടായ്മയ്ക്ക് അവള്‍ രൂപം കൊടുത്തത്.ഇത് യഥാര്‍ത്ഥത്തില്‍ ഒരു സന്യാസസഭയായിരുന്നില്ലെങ്കിലും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രത്യേകതരം വസ്ത്രം അവര്‍ക്ക് നല്‍കപ്പെട്ടിരുന്നു. വിശുദ്ധ ജീവിതം നയിക്കുവാനും അങ്ങനെ അനേകര്‍ക്ക് മാതൃക നല്‍കുവാനും ആഞ്ചെല അവരെ ഉദ്‌ബോധിപ്പിച്ചിരുന്നു.
ആഞ്ചെല മെരിച്ചി സ്ഥാപിച്ച സഭയുടെ ഇന്നത്തെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് യുവതികളെ പഠിപ്പിക്കുകയും അവരെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും ചെയ്യുകയാണ്. 1544ല്‍ ആഞ്ചെലയുടെ മരണത്തിന് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം പരിശുദ്ധ പിതാവ് പോള്‍ മൂന്നാമന്‍ പാപ്പ ഈ സമൂഹത്തെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനം ഇറക്കി.നൂറുകണക്കിന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ആഞ്ചെല മെരീച്ചിയുടെ ഭൗതികശരീരം അഴുകാതിരിക്കുന്നു. യാതൊരു ശാസ്ത്രീയ മാര്‍ഗങ്ങളും ഇതിനായി ഉപയോഗിച്ചിട്ടില്ല എന്നതിനാല്‍ അത് ഇന്നും വലിയൊരു അദ്ഭുതമായി അവശേഷിക്കുന്നു. 1930ല്‍ ഭൗതികശരീരം പുറത്തെടുത്തപ്പോള്‍ ജീവനുള്ള ഒരാളുടെ ശരീരം പോലെ യാതൊരു വ്യത്യാസവും ഇല്ലാതെയാണ് അത് കാണപ്പെട്ടത്. വളരെ മനോഹരമായിരുന്നു അവളുടെ മുഖം. എന്നാല്‍ അധികാരികളുടെ നിര്‍ദേശപ്രകാരം ശരീരം വൃത്തിയാക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ശരീരം മുഴുവന്‍ കറുത്ത നിറം വ്യാപിക്കുകയും ഭൗതിക ശരീരത്തിന്റെ സൗന്ദര്യം ബാഹ്യമായി നഷ്ടപ്പെടുകയും ചെയ്തു. ആഞ്ചെലായുടെ ഭൗതികശരീരം കല്ലറയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ എടുത്ത ഫോട്ടോ, ഈ വ്യത്യാസത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്.
1568ല്‍ നാകരണ നടപടികള്‍ ആരംഭിക്കുമ്പോള്‍ ആഞ്ചെലാ മരീച്ചിയെ വ്യക്തിപരമായി അറിയാവുന്ന അനേകര്‍ ജീവിച്ചിരിക്കുന്നുണ്ടായിരുന്നു. 1768ല്‍ ആഞ്ചെല വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും 1807ല്‍ പന്ത്രണ്ടാം പീയൂസ് പാപ്പ അവളെ വിശുദ്ധരുടെ ഗണത്തിലേക്കും ഉയര്‍ത്തി. 'എനിക്കൊരു വിശുദ്ധയാകണം, കാരണം ഞാന്‍ യേശുവിനെ സ്‌നേഹിക്കുന്നു' എന്ന അവളുടെ വാക്കുകള്‍ നമ്മുടെ ഹൃദയത്തിലും എപ്പോഴും മുഴങ്ങികൊണ്ടിരിക്കട്ടെ. തിരുസ്സഭ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ സഭയെ ഉണര്‍ത്താന്‍ ദൈവത്തിന് മുന്‍പില്‍ ഒരു വഴിയുണ്ട് -വിശുദ്ധര്‍ക്ക് ജന്മം നല്‍കുക. നമുക്കും വിശുദ്ധ ജീവിതത്തെ സ്‌നേഹിക്കുകയും അനേകര്‍ക്ക് അനുഗ്രഹമായി മാറുകയും ചെയ്യാം
വിശുദ്ധ ആഞ്ചെല മെരിച്ചി, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…
No comments:
Post a Comment