വിശുദ്ധ ജൂലിയാന ഫാല്‍ക്കോനീരി
saint juliana falconieri |
ഫ്‌ളോറന്‍സില്‍ താമസിച്ചിരുന്ന ദമ്പതികളായിരുന്നു ചിയാരിസിമോയും റിഗ്വാര്‍ഡാറ്റായും. സമ്പന്നരായിരുന്ന അവര്‍ യ ഥാര്‍ത്ഥഭക്തരുമായിരുന്നതിനാല്‍ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റി. ഫ്‌ളോറന്‍സിലെ അനണ്‍സിയാറ്റാ ദേവാലയം പണി കഴിപ്പിച്ചത് അവരുടെ കുടുംബമായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വലിയൊരു ദുഃഖം ആ മനസുകളില്‍ അവശേഷിച്ചു. കാരണം വിവാഹിതരായി നാളുകളേറെക്കഴിഞ്ഞിട്ടും ഒരു കുഞ്ഞുണ്ടായിക്കാണാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായില്ല. എങ്കിലും നിരാശരാകാതെ പ്രാര്‍ത്ഥന തുടര്‍ന്നു
ഒടുവില്‍ ആ പ്രാര്‍ത്ഥനകള്‍ക്കുമുന്നില്‍ ദൈവം ഇറങ്ങിവന്നു; റിഗ്വാര്‍ഡാറ്റാ ഗര്‍ഭവതിയായി. ഏറെ സന്തോഷത്തോടെയും പ്രാര്‍ത്ഥനയോടെയും ആ കുടുംബം കുഞ്ഞിനെ കാത്തിരുന്നു. 1270 ആയിരുന്നു ആ വര്‍ഷം. പ്രാര്‍ത്ഥിച്ചു ലഭിച്ച സമ്മാനമായി ജൂലിയാന പിറന്നു. എല്ലാവരുടെയും കണ്ണിലുണ്ണിയായും ദൈവത്തിന്റെ പ്രിയപുത്രിയായും ആ കുഞ്ഞ് വളര്‍ന്നുവന്നു. എന്നാല്‍ ഏറെക്കഴിയുംമുമ്പ് വലിയൊരു സങ്കടം അവള്‍ക്കു നേരിടേണ്ടി വന്നു. നിനച്ചിരിക്കാത്ത സമയത്ത് ചിയാരിസിമോ മരണം വഴി അവരില്‍നിന്ന് വേര്‍പെട്ടു. നന്നേ ചെറുപ്പത്തിലേ പിതാവിനെ നഷ്‌ടപ്പെട്ട ജൂലിയാനയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അമ്മാവനായ അലക്‌സിസ് അവളുടെ അമ്മയെ സഹായിച്ചു. പില്‌ക്കാലത്ത് വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട അലക്‌സിസ് ജൂലിയാനയെ പുണ്യത്തിന്റെ വഴികളിലൂടെ നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ജൂലിയാന ഒരിക്കലും ലോകത്തിന്റെ ആഡംബരങ്ങള്‍ ഇഷ്‌ടപ്പെടുകയോ അവ ആസ്വദിക്കുകയോ ചെയ്‌തില്ല. സമപ്രായക്കാരായ മറ്റു പെണ്‍കുട്ടികള്‍ ഇഷ്‌ടപ്പെടുന്ന സന്തോഷങ്ങളൊന്നും അവളെ ആകര്‍ഷിക്കുന്നില്ലെന്നത് പലപ്പോഴും അവരെ അത്ഭുതപ്പെടുത്തി. ഒരിക്കല്‍പ്പോലും കണ്ണാടിയില്‍ തന്റെ പ്രതിബിംബം അവള്‍ നോക്കി ആസ്വദിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. പാപത്തെക്കുറിച്ചുള്ള പരാമര്‍ശംപോലും അവളെ അസ്വസ്ഥയാക്കി. കൂടുതല്‍ സമയവും ദേവാലയത്തില്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാന്‍ അവള്‍ ഇഷ്‌ടപ്പെട്ടു. പലപ്പോഴും അമ്മ ഇതിനോട് പ്രതിഷേധിക്കുമായിരുന്നു, നൂല്‌നൂല്‌ക്കാനും നെയ്യാനും പഠിച്ചില്ലെങ്കില്‍ അവള്‍ക്കൊരിക്കലും ഒരു ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിയില്ലെന്നു പറഞ്ഞ്. വിവാഹം കഴിക്കാതെ തന്റെ ജീവിതം മുഴുവനായും ദൈവത്തിനായി സമര്‍പ്പിക്കാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്ന ജൂലിയാനയെ സംബന്ധിച്ചാകട്ടെ അതൊരു ഭീഷണിയേ ആയിരുന്നില്ല. എങ്കിലും അവള്‍ അനുസരണമില്ലാത്ത ഒരു പെണ്‍കുട്ടിയായിരുന്നില്ല. പക്ഷേ, വിവാഹത്തിന്റെ കാര്യത്തില്‍ അമ്മയുടെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ അവള്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. അമ്മാവനായ അലക്‌സിസാകട്ടെ അവളെ ശ്രദ്ധാപൂര്‍വം നയിച്ചു. അമ്മയുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും 15-ാമത്തെ വയസില്‍ അവള്‍ അലക്‌സിസിന്റെകൂടി നിര്‍ദ്ദേശപ്രകാരം ഫിലിപ് ബെനീസിയുടെ സെര്‍വൈറ്റ് സമൂഹവസ്‌ത്രം ധരിച്ചുതുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞ് ആ സമൂഹത്തിന്റെ മൂന്നാംസഭക്കാരിയായി അവള്‍ സ്വീകരിക്കപ്പെട്ടു.
അമ്മയുടെ ആശീര്‍വാദത്തോടെ.....
മൂന്നാംസഭക്കാരിയായി ജീവിക്കവേ ക്രമേണ സഭാവസ്‌ത്രം സ്വീകരിക്കുന്നതിന് അവള്‍ക്ക് അമ്മയുടെ പൂര്‍ണാനുവാദം ലഭിച്ചു. അങ്ങനെ സന്യാസിനിയാകണമെന്നുള്ള അവളുടെ ആഗ്രഹം പൂവണിഞ്ഞു. 1304ല്‍ അമ്മയുടെ മരണശേഷം പ്രാര്‍ത്ഥനക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി സ്വയം സമര്‍പ്പിച്ച് തന്നോടൊപ്പം സമൂഹജീവിതം നയിച്ചിരുന്ന വനിതകള്‍ക്കൊപ്പം ജൂലിയാന വേറൊരു ഭവനത്തില്‍ താമസം തുടങ്ങി. സെര്‍വൈറ്റ് സന്യാസസമൂഹത്തിലെ സഹോദരന്‍മാരുടേതിനോട് സാമ്യമുള്ള വസ്‌ത്രമായിരുന്നു അവര്‍ ധരിച്ചത്. പിന്നെയും ഏതാണ്ട് 120 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവരുടെ സമൂഹത്തിന് ഒരു ലിഖിത നിയമാവലി തയാറാക്കപ്പെട്ടതെങ്കിലും ജൂലിയാന ആ സെര്‍വൈറ്റ് സന്യാസിനിസമൂഹത്തിന്റെ സ്ഥാപകയായി കണക്കാക്കപ്പെടുന്നു. കാരണം, ആ നിര്‍ദേശങ്ങള്‍ മിക്കവാറും മുഴുവനുംതന്നെ നല്‌കിയത് ജൂലിയാനയായിരുന്നു.
അവളുടെ സമകാലീനരും അവളുടെ നേതൃത്വത്തില്‍ ജീവിക്കാന്‍ കഴിഞ്ഞവരുമായ എല്ലാവരും സാക്ഷ്യപ്പെടുത്തിയ കാര്യമിതാണ്, തീക്ഷ്‌ണതയിലും ജീവകാരുണ്യത്തിലും കര്‍ക്കശമായ ജീവിതത്തിലും ജൂലിയാന അവരെയെല്ലാം അതിശയിച്ചു. അവളുമായി ബന്ധപ്പെടുന്ന എല്ലാവരും അവളു ടെ സ്‌നേഹത്തിനു യോഗ്യരായി. മറ്റൊരാളെ സഹായിക്കാന്‍ ലഭിക്കുന്ന ഒരവസരം പോ ലും അവള്‍ പാഴാക്കിയില്ല, പ്രത്യേകിച്ചും അത് ശത്രുക്കളെ അനുരഞ്‌ജിപ്പിക്കാനും പാപികളെ വീണ്ടെടുക്കാനും രോഗികള്‍ക്ക് സാന്ത്വനമാകാനും സഹായകമാകുമെങ്കില്‍.
അഗിരണം ചെയ്യപ്പെട്ട ദിവ്യകാരുണ്യം!
ദിവ്യകാരുണ്യത്തോട് ജൂലിയാന അതിരറ്റ സ്‌നേഹം കാണിച്ചിരുന്നു. എന്നാല്‍, അവള്‍ക്കു നല്‌കപ്പെട്ട സഹനത്തിന്റെ മുള്ള് ദിവ്യകാരുണ്യം സ്വീകരിക്കുന്നത് അസാധ്യമാക്കിത്തീര്‍ത്തു എന്നത് വേദനയോടെയല്ലാതെ ഉള്‍ക്കൊള്ളാന്‍ അവള്‍ക്കെന്നല്ല ആര്‍ക്കും സാധിക്കുമായിരുന്നില്ല. എന്തു കഴിച്ചാലും അത് ഛര്‍ദ്ദിച്ചുപോകുമെന്നതായിരുന്നു അവളുടെ രോഗം. എന്നിട്ടും ആ ജീവിതം കഴിയുന്നത്ര ഫലപ്രദമായി നയിച്ചുകൊണ്ട് അത് ദൈവത്തിനു കാഴ്‌ചവയ്‌ക്കാന്‍ അവള്‍ ആഗ്രഹിച്ചു. അതിനായി തീവ്രമായി ശ്രമിക്കുകയും ചെയ്‌തു. തന്റെ ദിവ്യനാഥനെ നാവില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കിലും ഹൃദയത്തില്‍ അവള്‍ അവിടുത്തെ സ്വീകരിച്ചിരുന്നു.
കാലം കടന്നുപോകവേ ജൂലിയാന മരണത്തോടടുക്കാന്‍ തുടങ്ങി. ആ സത്യം മനസിലാക്കിയ അവള്‍ ഒരു ദിവസം കുമ്പസാരിച്ചുകഴിഞ്ഞ് ദിവ്യകാരുണ്യം ആവശ്യപ്പെട്ടു. എന്നാല്‍, അത് നാവില്‍ സ്വീകരി ക്കാന്‍ അവള്‍ക്കു കഴിയില്ലെന്ന് ഉറപ്പായിരുന്നു. അതിനാല്‍ വൈദികനോട് അത് തന്റെ നെഞ്ചില്‍ വയ്‌ക്കണമെന്ന് അവള്‍ അപേക്ഷിച്ചു. അല്‌പസമയം കഴിഞ്ഞപ്പോള്‍ തിരുവോസ്‌തി നെഞ്ചില്‍ കണ്ടില്ല. ത ന്നെ അത്രമാത്രം സ്‌നേഹത്തോടെയും ആഗ്രഹത്തോടെയും സ്വാഗതം ചെയ്‌ത ആ പുണ്യവതിയിലേക്ക് ആഗിരണം ചെയ്യപ്പെടാന്‍ സര്‍വശക്തനായ കര്‍ത്താവ് തിരുമനസായി. ആ യാത്രാഭക്ഷണത്തിന്റെ നിര്‍വൃതി അനുഭവിച്ചുകൊണ്ട് ജൂലിയാനയുടെ ആത്മാവ് സ്വര്‍ഗത്തിലേക്ക് യാത്രയായി. 1340 ജൂണ്‍ 19 ആയിരുന്നു ആ ദിവസം. പില്‌ക്കാലത്ത് ആ വിശുദ്ധിയാര്‍ന്ന ജീവിതത്തിന് സഭ അംഗീകാരം നല്‌കിയപ്പോള്‍ ജൂലിയാന പുണ്യവതിയായി അറിയപ്പെടാന്‍ തുടങ്ങി. നെഞ്ചില്‍ തിരുവോസ്‌തിയോടുകൂടിയാണ് ഇന്ന് വിശുദ്ധ ജൂലിയാന ചിത്രീകരിക്കപ്പെടുന്നത്. ജൂണ്‍ 19 തിരുനാള്‍ദിനമായി ആചരിക്കുന്നു.
No comments:
Post a Comment