വിശുദ്ധ മേരി മഗ്ദലേനാ.
വിശുദ്ധ മേരി മഗ്ദലേനാ. |
ഏഴുപിശാചുക്കളുടെ ആസ്ഥാനമായ മേരിയും , മേരിമഗ്ദലേനയും ലാസറിന്റെ പെങ്ങൾ മേരിയും ഒന്നാണെന്നു അനേകർ അഭിപ്രായപ്പെടുന്നുണ്ട്. ഏഴുപിശാചുക്കൾ ആവസിച്ചിരുന്ന മേരി, പാപിനിയായിരുന്നിരിക്കണമെന്ന് സങ്കല്പ്പിക്കുകയാണെങ്കിൽ ശെമയോന്റെ ഭവനത്തിൽ കർത്താവിന്റെ പാദത്തിങ്കൽ വീണ പാപിനി ആ പിശാചുഗ്രസ്തയാകാം. അതിനാൽ ഓരോരുത്തരും അവരവരുടെ മനോധർമ്മമനുസരിച്ച് മേരിമഗ്ദലേനയെ കാണാവുന്നതാണ്.
ഗാഗുൽത്തായിൽ മേരിമഗ്ദലേന കുരിശിനരികെ നിന്നതും മൃതശരീരതിൽ സുഗന്ധദ്രവ്യങ്ങൾ പൂശിയതും ഉദ്ദിതനായ ഈശോ മേരിമഗ്ദലേനയ്ക്ക് ആദ്യം പ്രത്യക്ഷമായതും അനുഷേധ്യ വസ്തുതകൾ ആണ്. തന്നിമിത്തം ഈശോയെ അത്യധികം സ്നേഹിച്ച ഒരാളാണ് മേരിമഗ്ദലേന. ഇത് ഈശോയുടെ പാദങ്ങൾ കണ്ണൂനീരുകൊണ്ടു കഴുകിയ പാപിനിയാണെന്നുള്ള പ്രാചീന ചിന്താഗതി സ്വീകരിച്ച് ധ്യാനിക്കുന്നവർക്ക് ഈ വിശുദ്ധയുടെ ജീവിതം എത്രയും അശ്വാസസംദായകമായ ഒരു ചിന്താവിഷയമാണ്. (ലൂക്ക 3:37; മത്താ 26:7; യോഹ 12:1-8; യോഹ 19;25)
മേരിമഗ്ദലേന എഫേസൂസിൽ മരിച്ചുവെന്ന് ഒരു അഭിപ്രായം ഉണ്ട്. ഫ്രാൻസിൽ പ്രോവൻസ് എന്ന ഡിസ്ട്രിക്ടിൽ ലാസറും സഹോദരിയുമൊപ്പം ജീവിച്ചുമരിച്ചു എന്നും പറയുന്നുണ്ട്.
വിചിന്തനം: മേരിമഗ്ദലേന അനുതാപത്തിന്റെയും സമുന്നത ധ്യാനപ്രാർത്ഥനയുടെ അഥവാ പ്രണിധാനത്തിന്റെയും മാതൃകയാണ്. “നിങ്ങളേതെങ്കിലും ഒരു പാപം ചെയ്യുമ്പോൾ ഉടനടി അനുതപിക്കുക; മേലിൽ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക, പാപം വലുതാണെങ്കിൽ ഉടനെ കുമ്പസാരിക്കുക” (വി. അൽഫോൻസ് ലിഗോരി).
No comments:
Post a Comment