ജര്‍മനിയിലെ ബ്രെസ്‌ലോ
എന്ന സ്ഥലത്ത് ഒരു യഹൂദ കുടുംബത്തിലാണ് തെരേസ ജനിച്ചത്. എഡിത്ത് സ്റ്റെയിന്‍ എന്നായിരുന്നു
അവള്‍ക്കു മാതാപിതാക്കളിട്ട പേര്. ഏഴു മക്കളുള്ള കുടുംബത്തിലെ ഇളയപെണ്‍കുട്ടി. യഹൂദമതക്കാരിയായിരുന്നുവെങ്കിലും പതിമൂന്നു വയസ്സു
മാത്രം പ്രായമുള്ളപ്പോള്‍ തന്നെ അവള്‍ യഹൂദമതം ഉപേക്ഷിച്ചു. പഠനത്തില്‍ അതിസമര്‍ത്ഥയായിരുന്നു
എഡിത്ത്. ജര്‍മ്മനിയിലെ ബ്രേസ്‌ലാവിലുള്ള സര്‍വ്വകലാശാലയില്‍
നിന്നു ഫിലോസഫിയില്‍ ബിരുദം നേടിയ എഡിത്ത് ലോകപ്രശസ്ത തത്വചിന്തകനായ എഡ്മണ്ട് ഹൂസറലിന്റെ ശിഷ്യയായിരുന്നു . തന്റെ സഹപാഠികളായ
ക്രൈസ്തവ വിശ്വാസികളുടെ ജീവിതം അവളെ ഏറെ സ്വാധീനിച്ചുതുടങ്ങി. സത്യമായ
ദൈവമേത് എന്ന ചിന്ത അവളെ അലട്ടുവാന്‍ തുടങ്ങി. ഒരിക്കല്‍ തന്റെ സുഹൃത്തുക്കളായ
ഒരു ക്രൈസ്തവ കുടുംബത്തില്‍ അവധിക്കാലം ചെലവഴിക്കുന്നതിനുവേണ്ടി അവള്‍ പോയി. അവിടെ
പുസ്തകങ്ങളുടെ ഒരു വലിയ ശേഖരമുണ്ടായിരുന്നു.അവള്‍ ആ പുസ്തകഷെല്‍ഫില്‍ നിന്ന് തടിച്ച ഒരു പുസ്തകമെടുത്തു. ആവിലായിലെ അമ്മ ത്രേസ്യയുടെ
ജീവചരിത്രമായിരുന്നു അത്. ആ പുസ്തകം പൂര്‍ണ്ണമായി
വായിച്ചുതീര്‍ന്നതോടെ തന്റെ ദൈവത്തെ, സത്യമായ ദൈവത്തെ അവള്‍ കണ്ടെത്തി. എഡിത്ത് ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. മാമോദീസ മുങ്ങി.
1934 ല്‍ കര്‍മലീത്ത സഭയില്‍ ചേര്‍ന്നതോടെയാണ്
തെരേസ ബെനഡിക്ട് എന്ന പേര് സ്വീകരിക്കുന്നത്.
തന്റെ പ്രേഷിത ജീവിതത്തിന് അതിനുമുന്‍പു തന്നെ
അവള്‍ തുടക്കം കുറിച്ചിരുന്നു. യൂറോപ്പിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയെല്ലാം
പ്രസംഗിച്ചു. നിരവധി പേരുടെ വിശ്വാസം ശക്തിപ്പെടുത്തി. ആ സമയത്ത് ഡൊമിനിഷ്യന്‍ സ്‌കൂളില്‍
അധ്യാപികയായും അവള്‍ ജോലി നോക്കി. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഭരണകാലമായിരുന്നു അത്.
യഹൂദരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന സമയം.തെരേസയെ രക്ഷിക്കുവാന്‍ സഭാധികാരികള്‍ ശ്രമിച്ചു.ഹോളണ്ടിലേക്ക്
തെരേസ താമസം മാറ്റി.എന്നാല്‍ ഹിറ്റലര്‍ ഹോളണ്ട് കീഴടക്കിയപ്പോള്‍ ക്രൈസ്തവ വിശ്വാസം
സ്വീകരിച്ചവളായിരുന്നുവെങ്കിലും മറ്റു പലര്‍ക്കുമൊപ്പം തെരേസയും അറസ്റ്റിലായി.ഔഷ്വിക്‌സിലെ
കുപ്രസിദ്ധമായി ഗ്യാസ് ചേംബറില്‍ അടയ്ക്കപ്പെട്ടു.1942 ഓഗസ്റ്റ് 9 ന് രക്തസാക്ഷിയായി.1998 ല്‍ പോപ് ജോണ്‍പോള് രണ്ടാമന്‍ മാര്‍പാപ്പ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധ തെരസ ബെനഡിക്ട, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…
No comments:
Post a Comment