Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Thursday, September 22, 2016

വിശുദ്ധ യൗസേപ്പ്‌ പിതാവ്‌

 വിശുദ്ധ യൗസേപ്പ്‌ പിതാവ്‌


st.joseph church arakkunnam
കിളിവാതിലിലൂടെ അനുവാദമില്ലാതെ കയറിവന്ന ഈന്തപ്പഴത്തിന്റെ മണമുള്ള കാറ്റ് അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്വപ്‌നങ്ങള്‍ക്കറുതി വരുത്തി ഉണരാന്‍ അവന്‍ തയാറല്ലായിരുന്നു. കാരണം, സ്വപ്‌നങ്ങളിലൂടെ സ്വര്‍ഗത്തിലെ മാലാഖമാരോട് സംസാരിക്കുകയെന്നത് അവന് ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു. മാലാഖമാരോട് ഇത്രയേറെ സംഭാഷണം നടത്തിയതുകൊണ്ടായിരിക്കണം അവന്‍ മനുഷ്യരോട് സംസാരിക്കാന്‍ മറന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ അവനെ മുനിയെന്നു വിളിച്ചു. കാരണം ഇത്രയേറെ മൗനിയാകണമെങ്കില്‍ അവനൊരു മുനിയാകണമെന്നായിരുന്നു അവരുടെ പക്ഷം.
സ്വപ്‌നം കണ്ണിനെ കുളിരണിയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നെഞ്ചിന്റെ ചൂടേറ്റ് കിടന്ന അവന്റെ കുഞ്ഞ് ഒന്നനങ്ങിയത്. അപ്പോഴേക്കും അവന്‍ സ്വപ്‌നങ്ങളെ വെടിഞ്ഞ് തന്റെ കുഞ്ഞിനെ തലോടിയുറക്കി. അവന്റെ മാറില്‍ കുഞ്ഞിന് ശാന്തമായി ഉറങ്ങാന്‍ കഴിയും എന്നായിരുന്നു അപ്പോള്‍ അവന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. തന്റെ കുഞ്ഞിന്റെ മുഖം കാണുമ്പോഴൊക്കെ അവന്റെ നെഞ്ച് പിടയുകയായിരുന്നു. ദൈവം തന്റെ പുത്രനെ സ്വര്‍ഗത്തില്‍നിന്നും അവന്റെ കരവലയങ്ങളുടെ സംരക്ഷണത്തിലേക്ക് ഏല്‍പിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ് ഈ നെഞ്ചിടിപ്പ്. മാത്ര മല്ല ഭൂമിയില്‍ അവതരിച്ച രക്ഷകനെ ഇല്ലാതാക്കാന്‍ തലേന്ന് അരങ്ങേറിയ കുരുന്നുകളുടെ കുരുതി അവനെ ഇപ്പോഴും ഭയപ്പെടുത്തുന്നു. ഒരു മെഴുതിരിയണയ്ക്കാന്‍ പോലും മനസില്‍ ഹിംസയില്ലാത്ത അവന്റെ നെഞ്ചിടിപ്പ് ആര്‍ക്കാണ് മനസിലാവുക?
          ദിവസങ്ങള്‍ മുഖം കാണിച്ച് പിന്നിട്ടപ്പോള്‍ ജോസഫ് അവന്റെ കുഞ്ഞിനെ ദൈവത്തിന് സമര്‍പ്പിക്കാന്‍ ജറുസലേമിലേക്ക് പോയി. രണ്ട് മാടപ്പിറാവുകള്‍ക്കൊപ്പം തന്റെ കുഞ്ഞിനെ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ അവന്‍ ചിന്തിക്കുകയായിരുന്നു, ഈ മാടപ്പിറാവുകള്‍ക്കെല്ലാം ഇത്ര നിഷ്‌കളങ്കത ലഭിക്കുന്നത് അവ ദേവാലയശൃംഗങ്ങളില്‍ കൂട് വയ്ക്കുന്നതുകൊണ്ടായിരിക്കണമെന്ന്. അപ്പോഴേക്കും അവന്റെ ആത്മാവിലേക്ക് ഒരു സങ്കീര്‍ത്തനം ഒഴുകിവന്നു. ''ദുഷ്ടന്മാരുടെ കൂടാരത്തില്‍ വസിക്കുന്നതിനെക്കാള്‍ എത്രയോ മനോഹരമാണ് ദൈവഭവനത്തിന്റെ വാതില്‍പ്പടിക്കല്‍ വസിക്കുന്നത്.'' ദൈവത്തിന്റെ ആലയത്തോടുള്ള തീക്ഷ്ണത തന്റെ കുഞ്ഞിലും നിറഞ്ഞുനില്‍ക്കണമെന്നത് അവന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ജോസഫ് തന്റെ മകനെ സങ്കീര്‍ത്തനങ്ങള്‍ പഠിപ്പിച്ചു. അവന് സ്വപ്‌നത്തിലെ മാലാഖ പറഞ്ഞതുപോലെ യേശുവെന്ന് പേരിട്ടു. ജോസഫിന്റെ വാക്കുകള്‍ കേട്ട് അവന്‍ വളര്‍ന്നു. മകന്‍ വളരുമ്പോള്‍ താന്‍ വളരുന്നതായിട്ടാണ് അവന് തോന്നിയത്.

യേശുവിന് പന്ത്രണ്ട് വയസായപ്പോള്‍ അവര്‍ പെസഹ ആചരിക്കാന്‍ ജറുസലേമിലേക്ക് പോയി. പക്ഷേ അപ്പോഴേക്കും യേശുവിന്റെ മനസില്‍ ജറുസലേം ദേവാലയത്തിന്റെ ആകാരവും വലിപ്പവും കൊത്തുപണികളും എന്തിന് കല്ലുകളുടെ സ്ഥാനംപോലും ജോസഫിന്റെ വാക്കുകളില്‍ നിന്ന് ജീവനുറ്റതുപോലെ തെളിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ജറുസലേമില്‍ എത്തിച്ചേര്‍ന്നു. ആ ദേവാലയത്തിന്റെ അങ്കണം യേശുവിന്റെ ഹൃദയം കവര്‍ന്നു. ആത്മീയതയില്‍ കുളിച്ചപോലെ അവന്‍ തരിച്ച് നിന്നു. അവനെ കാണാതെ വിഷമിച്ച ജോസഫും അമ്മയായ മറിയവും അവനെ കണ്ടെത്തിയപ്പോള്‍ അവന്‍ അവരോടായി പറഞ്ഞു, നിങ്ങള്‍ എന്നെയോര്‍ത്ത് വിഷമിക്കുന്നതെന്തിന്, ഞാനെന്റെ പിതാവിന്റെ ഭവനത്തിലായിരിക്കണമെന്ന് നിങ്ങള്‍ക്കറിയില്ലയോ? ആ ചോദ്യം ജോസഫിന്റെ കണ്ണു നിറച്ചു. തന്റെ പിതൃത്വം വിട്ട് ദൈവത്തിന്റെ പിതൃത്വം സ്വീകരിക്കാന്‍ മാത്രം മകന്‍ വളര്‍ന്നിരിക്കുന്നു.
                 ഇതില്‍ കൂടുതല്‍ ഒരു പിതാവിന് എന്താണ് അഭിമാനിക്കാനുള്ളത്. തന്റെ ജീവിതം ധന്യമായതുപോലെ, ദൈവം തന്നെയേല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായതുപോലെ. ഭൂമിയിലെ എല്ലാ പിതാക്കന്മാരും തങ്ങളുടെ മക്കളെ ദൈവത്തിന്റെ പിതൃത്വത്തിലേക്ക് നയിച്ചിരുന്നെങ്കില്‍ ഭൂമിയില്‍ എത്ര ദൈവമക്കള്‍ ഉണ്ടായിരുന്നേനെ എന്നായിരുന്നു ജോസഫ് അപ്പോള്‍ ചിന്തിച്ചത്. ജോസഫ് യേശുവിനോട് പറഞ്ഞു, നീ നിന്റെ പിതാവിന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഇവിടെ എത്തിച്ചേരാനാവാത്ത ആത്മാക്കളെ ഞാന്‍ നിന്റെ കരങ്ങളില്‍ ഏല്‍പിക്കുന്നു. തിരുനാള്‍ അവസാനിച്ചപ്പോള്‍ അവര്‍ വീട്ടിലേക്ക് മടങ്ങി.
മരക്കൊമ്പിലെ കിളികള്‍ സ്‌നേഹമെന്തെന്ന് പാടി വിളിച്ചുണര്‍ത്തിയ ഒരു പ്രഭാതത്തില്‍ ജോസഫ് മരപ്പണിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. യേശു അവനെ സഹായിക്കാനൊരുങ്ങി. പക്ഷേ എത്ര നന്നായി ചിന്തേരിട്ടിട്ടും ചെത്തിമിനുക്കിയിട്ടും മരത്തില്‍ മുറിപ്പാടുകള്‍ അവശേഷിക്കുന്നു. അതുകണ്ട് ജോസഫ് അവനോട് പറഞ്ഞു, ഈ മരം വനാന്തരങ്ങളില്‍ വസിച്ചിരുന്നതാണ്. ഒത്തിരി മുറിവുകളേറ്റിട്ടാണ് അത് ഇവിടെയെത്തിയത്. നീ അതിനെ സ്‌നേഹത്തോടെ തൊടുന്നില്ലെങ്കില്‍, അതിനെ മൃദുവായി ചിന്തേരിടുകയും ചെത്തിമിനുക്കുകയും ചെയ്യുന്നില്ലെങ്കില്‍ അതിന്റെ മുറിവുകള്‍ വലുതാവുകയേയുള്ളൂ.

ജോസഫിന്റെ വാക്കുകള്‍ യേശു തന്റെ ഹൃദയത്തിലേറ്റി. മുറിവേറ്റ ഈ ലോകത്തെ എങ്ങനെ സുന്ദരമാക്കണമെന്ന് അന്നവന്‍ പഠിച്ചു. കിളികള്‍ കൂട് കൂട്ടുന്നതുപോലെ അവന്‍ അവന്റെ ഹൃദയത്തില്‍ കരുണയുടെ വാക്കുകള്‍ കൂട്ടിവച്ചു. വയല്‍പ്പൂക്കളെ തലോടി അവന്‍ അവന്റെ വിരലുകള്‍ക്ക് മൃദുലത വരുത്തി. സൂര്യനെ നോക്കി അവന്‍ അവന്റെ കണ്ണുകള്‍ക്ക് പ്രകാശവും ആര്‍ദ്രതയും വരുത്തി. അല്ലെങ്കിലും കരളില്‍ സ്‌നേഹവും കൈകളില്‍ മൃദുലതയും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും സുഖപ്പെടുത്താമല്ലോ.
                  കിളികളുടെ ചിറകടി കേട്ടാണ് യേശു അന്ന് ഉണര്‍ന്നത്. ആ ദിവസം അവന്‍ അവന്റെ പിതാവിനോടും നിര്‍മല ഭവനത്തോടും വിട പറഞ്ഞു. അവനെ എതിരേല്‍ക്കാന്‍ വഴിയില്‍ നിറയെ തൊട്ടാവാടികള്‍ വിരിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ മൃദുലമായ കാല്‍സ്പര്‍ശമേറ്റ നാള്‍ മുതലാണ് തൊട്ടാവാടികള്‍ എല്ലാ സ്പര്‍ശനങ്ങള്‍ക്കുമുമ്പിലും കൈകള്‍ കൂപ്പാന്‍ തുടങ്ങിയത്. പോകുന്നതിനിടയില്‍ അവന്‍ തിരിഞ്ഞ് വീട്ടിലേക്ക് നോക്കി. അപ്പോഴും ജോസഫ് വാതില്‍പ്പടിക്കല്‍ യേശുവിനെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ആ സമയം ഒരു ജനക്കൂട്ടം യേശുവിന്റെ മുന്നിലെത്തി. അവന്‍ അവരോടായി പറഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു സദാ ജാഗരൂകരായിരിക്കുവിന്‍. കള്ളന്‍ രാത്രിയില്‍ വരുന്നു എന്നറിഞ്ഞ് ഉണര്‍ന്നിരിക്കുന്ന ഗൃഹനാഥനെപ്പോലെ, ഭവനത്തിലെയെല്ലാവരെയും കാത്ത് പരിപാലിക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യനെപ്പോലെ സദാ ജാഗരൂകരായിരിക്കുവിന്‍. കാരണം യജമാനന്‍ വരുന്ന സമയമേതെന്ന് ആര്‍ക്കും അറിയില്ല. ഇതു പറഞ്ഞശേഷം യേശു തന്റെ വീട്ടുപടിക്കലേക്ക് വീണ്ടും കണ്ണുകള്‍ പായിച്ചു. അപ്പോഴും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു ഒരു നല്ല ഗൃഹനാഥന്‍, ഒരു നല്ല കാവല്‍ക്കാരന്‍.

അവനെ അനുഗമിക്കാന്‍ ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. എന്നാല്‍ അവനിഷ്ടപ്പെട്ടിരുന്ന ചിലരുമായി അവന്‍ വഞ്ചിയില്‍ കയറി മറുകരയിലേക്ക് പോയി. രാത്രിയായപ്പോള്‍ ഗലീലി കടലിലെ ഓളങ്ങള്‍ ഉയര്‍ന്നു. അത് അവരുടെ തോണി ഉലച്ചു. പക്ഷേ ഉലയുന്ന തോണിയില്‍ പോലും യേശു നന്നായി ഉറങ്ങി. മാത്രവുമല്ല അവന്‍ അവന്റെ പിതാവിനെപ്പോലെ സ്വപ്‌നങ്ങളിലൂടെ മാലാഖമാരോട് സംസാരിക്കാനും തുടങ്ങി. ശിഷ്യന്മാരുടെ കരച്ചില്‍ കേട്ടാണ് അവനുണര്‍ന്നത്. അവന്റെ ദൈവികത നിറഞ്ഞ മുഖം കണ്ട് ഗലീലികടല്‍ ശാന്തമായി. അവന്റെ ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു, അവന്‍ അവന്റെ പിതാവിനെപ്പോലെ തന്നെയാണ്. ജീവിതത്തില്‍ എത്ര ഉലച്ചിലുകള്‍ ഉണ്ടായാലും ശാന്തമായി ഉറങ്ങാനും സ്വപ്‌നം കാണാനും അവന്റെ പിതാവിനും സാധിക്കുമായിരുന്നു.

തിരകള്‍ക്കൊപ്പം അവര്‍ കരയ്ക്ക് കയറി. അപ്പോഴേക്കും
ജനക്കൂട്ടം അവന്റെ ചുറ്റും കൂടി. അവര്‍ അവനോട് ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേയെന്ന് അപേക്ഷിച്ചു. അവന്‍ അവരെ സ്വര്‍ഗസ്ഥനായ പിതാവേയെന്ന പ്രാര്‍ത്ഥന പഠിപ്പിച്ചു. വളര്‍ത്തുപിതാവായ ജോസഫിന്റെ നന്മയും വിശുദ്ധിയും കണ്ടതുകൊണ്ടാവണം ആകാശങ്ങളിലിരിക്കുന്ന ദൈവത്തിന് ഒരു പിതാവിന്റെ സ്വഭാവവും രൂപവുമാണെന്ന് അവന്‍ മനസിലാക്കിയത്. ആ നിമിഷം അവരോട് ഇങ്ങനെ പറയണമെന്ന് അവന് തോന്നി, സ്വര്‍ഗസ്ഥനായ പിതാവിനെ ഓര്‍ക്കാന്‍ നിങ്ങള്‍ക്ക് നല്ലൊരു പിതാവ് ഭൂമിയില്‍ ഉണ്ടാവണമെന്ന്. പക്ഷേ, അവന്‍ ആ രഹസ്യം ആരോടും പറയാതെ മനസില്‍ സൂക്ഷിച്ചു.
ഒരു പെസഹാത്തിരുനാളില്‍ ഓശാനഗീതങ്ങളോടുകൂടി അവന്‍ ജറുസലേമിലേക്ക് പ്രവേശിച്ചു. ദേവാലയത്തിലേക്ക് കടക്കുന്നതിനിടയില്‍ അവന്‍ അതിന്റെ വാതിലുകളില്‍ ഒന്നു തലോടി. കട്ടിളയില്‍ നിന്നും അടര്‍ന്നുപോയ ആ കൂറ്റന്‍ വാതില്‍ രണ്ടായി പിളര്‍ന്നിരുന്നു. അവന്റെ പിതാവായ ജോസഫാണ് ആ വാതില്‍പ്പലകകള്‍ ചേര്‍ത്ത് കുറേക്കൂടി മനോഹരമായി പണിതത്. അന്ന് അത് പണിയുമ്പോള്‍ ജോസഫ് യേശുവിനോട് പറഞ്ഞു, ഓരോ വാതിലും മറ്റൊരു ലോകത്തിലേക്കുള്ള തുറവിയാണ്. നീയാകട്ടെ സ്വര്‍ഗത്തിലേക്കുള്ള തുറവിയാണ്. തന്റെ പിതാവിന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട്, തനിക്ക് ഓശാന പാടിയ ജനത്തിന് നേരെ തിരിഞ്ഞ് അവന്‍ പറഞ്ഞു, ഞാന്‍ വാതിലാകുന്നു - സ്വര്‍ഗത്തിലേക്കുള്ള വാതില്‍. ഞാന്‍വഴിയല്ലാതെ ആരും ദൈവത്തിങ്കലേക്കെത്തുന്നില്ല. ഇതു പറഞ്ഞശേഷം ഒരു രാജാവിന്റെ പ്രൗഢിയോടുകൂടെ അവന്‍ ദേവാലയത്തിലേക്ക് പ്രവേശിച്ചു.
നിലാവ് കറുത്തുപോയ ഒരു രാത്രി അവനറിഞ്ഞു, മരണമടുത്തുവെന്ന്. ആ മാനസികവേദനയില്‍ അവന്‍ പിതാവിനെ പോലെ പ്രാര്‍ത്ഥനയില്‍ ശരണം പ്രാപിച്ചു. പടയാളികള്‍ അവനെ വിചാരണക്കായി കൂട്ടിക്കൊണ്ടുപോയി. വിധികര്‍ത്താക്കള്‍ അവനോട് പല ചോദ്യങ്ങളും ചോദിച്ചു. പക്ഷേ പിതാവിനെ പോലെ അവനും മൗനം പാലിച്ചു. അവന്‍ മരണത്തിന് വിധിക്കപ്പെട്ടു. അവന്റെ മരണം കണ്ട് പലരും വിളിച്ചു പറഞ്ഞു. ഇവന്‍ സത്യമായും ദൈവപുത്രനായിരുന്നു.

യേശുവിന് അപ്പോള്‍ അവരോട് പറയണമെന്ന് തോന്നി, മക്കളെ ദൈവപുത്രരാക്കാന്‍ കഴിവുള്ള പിതാക്കന്മാരാണ് ഭൂമിയുടെ നന്മയെന്ന്. തന്റെ പിതാവിനെ സ്മരിച്ചുകൊണ്ട് അവന്‍ പഠിപ്പിച്ച ഒരു സങ്കീര്‍ത്തനം ചൊല്ലി ''ദൈവമേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു.'' പിന്നെ ശാന്തമായി മരിച്ചു.
                         പ്രിയരേ, ജോസഫ് ഒരു വളര്‍ത്തു പിതാവായിരുന്നു. എല്ലാം വളര്‍ന്നു കാണാന്‍ ആഗ്രഹിച്ച ഒരു സാധുമനുഷ്യന്‍. അവന്‍ കരളിനോട് ചേര്‍ത്തുപിടിച്ച നന്മയും അതുതന്നെയായിരുന്നു. കാരണം വളര്‍ച്ചകളെല്ലാം സ്വര്‍ഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നവന്‍ വിശ്വസിച്ചിരുന്നു. ജീവിതമെന്നത് ഒരു വളര്‍ച്ച മാത്രമാകുമ്പോള്‍ വളരാന്‍ സഹായിച്ചവരുടെ മനസുകളില്‍ ജോസഫിന്റേതുപോലെ ഒരു പൈതൃകം കുടികൊള്ളുന്നു. ഇനി പൈതൃകമെന്നത് സ്വത്തോ അവകാശങ്ങളോ അല്ല, ഒരു പിതാവിന്റെ നന്മയാണ്. ഓരോ പൈതൃകവും നമ്മള്‍ ദൈവപുത്രരാണെന്ന് ഓര്‍മപ്പെടുത്തുന്നു. ഭൂമിക്ക് നിന്റെ നന്മ നിറഞ്ഞ പൈതൃകമേകുക. ഭൂമിയില്‍ ദൈവപുത്രന്മാരുണ്ടാവട്ടെ.

വിശുദ്ധ യൗസേപ്പ് പിതാവിനോടുള്ള പ്രാര്‍ത്ഥന 
 
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപക്കല്‍ ഓടി വന്നു അങ്ങേ പരിശുദ്ധ ഭാര്യയോട്‌ സഹായം അപേക്ഷിച്ചതിന്‍റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങള്‍ ഇപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവ ജനനിയായ അമലോത്ഭവ കന്യകയോട്‌ അങ്ങയെ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ച് ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത പൈതൃകമായ സ്നേഹത്തെകുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹാത്വോത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. തിരുക്കുടുംബത്തിന്‍റെ എത്രയും വിവേകമുള്ള സംരക്ഷകനെ! ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ! അബദ്ധത്തിന്‍റെയും വഷളത്വത്തിന്‍റെയും കറകളൊക്കെയില്‍നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലക അന്ധകാര ശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഞങ്ങളെ കൃപയോടെ സഹായിക്കേണമേ. അങ്ങ് ഒരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍നിന്നും രക്ഷിച്ചതുപോലെ ഇപ്പോള്‍ ദൈവത്തിന്‍റെ തിരുസഭയെ ശത്രുവിന്‍റെ കെണിയില്‍ നിന്നും എല്ലാ ആപത്തുകളില്‍ നിന്നും കാത്തുകൊള്ളണമേ ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ച്പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ചു സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിപ്പനും തക്കവണ്ണം അങ്ങേ മദ്ധ്യേസ്ഥതയാല്‍ ഞങ്ങളെ എല്ലാവരെയും എല്ലായിപ്പോഴും കാത്തുകൊള്ളേണമേ. ആമ്മേന്‍
  
http://vachanam4u.blogspot.com

No comments:

Post a Comment