Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Saturday, October 1, 2016

വി. ഡമാസസ് ഒന്നാമന്‍ മാര്‍പാപ്പ

വി. ഡമാസസ് ഒന്നാമന്‍ മാര്‍പാപ്പ
 
റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതം പ്രഖ്യാപിക്കപ്പെട്ടത് വിശുദ്ധ ഡമാസസ് ഒന്നാമന്‍ മാര്‍പാപ്പയായിരുന്ന കാലത്താണ്. ആരാധനാക്രമത്തിലും പ്രാര്‍ഥനകള്‍ക്കും ശരിയായ രൂപം കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. റോമിലാണ് ഡമാസസ് ജനിച്ചതെങ്കിലും സ്‌പെയിനായിരുന്നു യഥാര്‍ഥ നാട്. ഡമാസസിന്റെ പിതാവ് തന്റെ ഭാര്യയുടെ മരണശേഷം പുരോഹിതനായ വ്യക്തിയായിരുന്നു. റോമിലെ സെന്റ് ലോറന്‍സ് ദേവാലയത്തില്‍ പിതാവിനൊപ്പം ഡീക്കനായി ഡമാസസും സേവനം അനുഷ്ഠിച്ചുപോന്നു. പുരോഹിതനായ ശേഷം മാര്‍പാപ്പയായിരുന്ന ലിബേരിയസിന്റെ സെക്രട്ടറിയായി ജോലി നോക്കി. ലിബേരിയൂസ് മരിച്ചപ്പോള്‍ പുതിയ പോപ്പായി ഡമാസസ് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഒരു വിഭാഗം ഉര്‍സിനസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു.
ഇരു മാര്‍പാപ്പമാരും റോമില്‍ ഭരണം നടത്തി. ഇരുവരുടെയും അനുയായികള്‍ തമ്മില്‍ തര്‍ക്ക ങ്ങളും ഏറ്റുമുട്ടലും ഉണ്ടായിക്കൊണ്ടിരുന്നു. ഡമാസസ് അക്രമം ഒഴിവാക്കാന്‍ തന്നാലാവുന്ന തെല്ലാം ചെയ്തു. ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആര്യനിസത്തെയും വിഗ്രഹാരാധനയെയും പ്രോത്സാഹിപ്പിക്കുന്ന വിജാതീയ മതങ്ങളെയും അദ്ദേഹം ശക്തിയായി എതിര്‍ക്കുകയും ചെയ്തു. ലത്തീന്‍ ഭാഷയെ സഭയുടെ പ്രധാന ആരാധനാഭാഷയായി തിരഞ്ഞെടുത്തതും ഡമാസസായിരുന്നു. വിശുദ്ധനായ ജെറോമിനെ (സെപ്റ്റംബര്‍ 30ലെ വിശുദ്ധന്‍) വിശുദ്ധ ഗ്രന്ഥം ലത്തീനിലേക്ക് പരിഭാഷപ്പെടുത്താന്‍ ഡമാസസ് ചുമതലപ്പെടുത്തി. ജെറോമിന്റെ വിശ്വാസത്തിന്റെ ആഴവും അദ്ദേഹത്തിന്റെ അറിവും മനസിലാക്കിയ പോപ്പ് ഡമാസസ് ജെറോമിനെ തന്റെ സെക്രട്ടറിയാക്കുകയും ചെയ്തു. ആദിമസഭാപിതാക്കന്‍മാരുടെ പല ഗ്രന്ഥങ്ങളും പോപ്പിന്റെ നിര്‍ദേശപ്രകാരം ജെറോം പരിഭാഷപ്പെടുത്തി. രക്തസാക്ഷികളെ ആദരിക്കുന്നതിനായി അവരുടെ ശവകുടീരങ്ങള്‍ ഭംഗിയായി അലങ്കരിക്കുകയും അവിടെയെല്ലാം തിരുവചനങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തത് ഡമാസസ് ആയിരുന്നു. എ.ഡി. 366 മുതല്‍ പതിനെട്ടു വര്‍ഷക്കാലം അദ്ദേഹം മാര്‍പാപ്പയായിരുന്നു. 384 ഡിസംബര്‍ പത്തിന് അദ്ദേഹം മരിച്ചു

No comments:

Post a Comment