വിശുദ്ധ അല്‍ഫോന്‍സസ് റോഡ്രിഗസ്
ഒക്ടോബര്‍ 30 (1531-1617)
സ്‌പെയിനിലെ ഒരു വസ്ത്രവ്യാപാരിയുടെ പതിനൊന്നു മക്കളില്‍ മൂന്നാമനായാണ് അല്‍ഫോന്‍സസ്
പിറന്നത്. മാതാപിതാക്കള്‍ സമ്പന്നരായിരുന്നെങ്കിലും ഭക്തരായിരുന്നു. ബാലനായിരിക്കു
മ്പോള്‍ തന്നെ അല്‍ഫോന്‍സസ് കന്യാമറിയത്തോട് പ്രാർഥിച്ചിരുന്നു . എന്നും മാതാവിന്റെ
ചിത്രത്തില്‍ ചുംബിക്കും. ജപമാല മുടക്കം കൂടാതെ ചെല്ലും. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള
വിദ്യാഭ്യാസം അദ്ദേഹത്തിന്റെ വിശ്വാസത്തെ കൂടുതല്‍ തീഷ്ണമാക്കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍
അല്‍ഫോന്‍സസിനു വിദ്യാഭ്യാസം പാതിവഴിയില്‍ നിറുത്തേണ്ടിവന്നു. പിതാവിന്റെ മരണം ബിസിനസ്
കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. വീട്ടില്‍ മടങ്ങിയെത്തി
കുടുംബകാര്യങ്ങളിലും കച്ചവടത്തിലും മാത്രം ശ്രദ്ധപതിപ്പിച്ചു മുന്നോട്ടു നീങ്ങി. എല്ലാ
ദിവസവും വി. കുര്‍ബാനയില്‍ പങ്കുകൊള്ളുവാന്‍ തിരക്കുകള്‍ക്കിടയിലും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു.
വൈകാതെ അദ്ദേഹം വിവാഹിതനുമായി. മേരി സുരേസ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ
പേര്. അവര്‍ യേശുവില്‍ ഒന്നായി ജീവിച്ചുപോന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളു.
മേരി മൂന്നു തവണ പ്രസവിച്ചു. ആദ്യരണ്ടു തവണയും കുട്ടികള്‍ ജനിച്ചപ്പോഴെ മരിച്ചുപോയി.
ഒരു മകന്‍ മാത്രം ജീവിച്ചു. നാലാം വര്‍ഷം മേരിയും മരിച്ചു. അല്‍ഫോന്‍സസിന്റെ സഹോദരിമാരാണ്
പിന്നീട് അദ്ദേഹത്തിന്റെ മകനെ വളര്‍ത്തിയത്. ജീവിതം എത്ര അര്‍ഥമില്ലാത്തതാണെന്ന് അദ്ദേഹം
ചിന്തിച്ചുതുടങ്ങി. ദുരന്തങ്ങള്‍ ഒരോന്നായി അദ്ദേഹത്തെ പിടികൂടി. കച്ചവടം പൊളിഞ്ഞു.
വൈകാതെ, സര്‍വതും
വിറ്റ് തന്റെ സഹോദരിമാര്‍ക്കും മകനുമൊപ്പം മറ്റൊരു ദേശത്തേക്ക് പോയി. മാസങ്ങള്‍ക്കുള്ളില്‍
താന്‍ ആര്‍ക്കുവേണ്ടി ജീവിക്കുന്നുവോ ആ മകനും മരിച്ചു. അതോടെ ദൈവം തന്നെ വിളിക്കുന്നത്
അവിടത്തെ സേവകനാകുന്നതിനാണെന്ന് അല്‍ഫോന്‍സസിനു തോന്നി. ജെസ്യൂട്ട് സഭയില്‍ ചേരുന്നതിനു
വേണ്ടി അദ്ദേഹം അവരെ സമീപിച്ചു. എന്നാല്‍ വിദ്യാഭ്യാസം കമ്മിയായതിനാല്‍ അവിടെ അവര്‍
പ്രവേശനം കൊടുത്തില്ല. വഴിയരികിലും വിജനപ്രദേശത്തും കിടന്നാണ് അദ്ദേഹം ഉറങ്ങിയിരുന്നത്.
എന്തെങ്കിലും ജോലികള്‍ ചെയ്തു കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ജീവിച്ചു. വല്ലപ്പോഴും
മാത്രം ഭക്ഷണം കഴിക്കും. ബാക്കി പണം സാധുക്കള്‍ക്കു നല്‍കും. ഇത്രയും പരീക്ഷണങ്ങള്‍
ജീവിതത്തില്‍ സംഭവിച്ചിട്ടും അദ്ദേഹം യേശുവിനെ കൈവിട്ടില്ല. എപ്പോഴും പ്രാര്‍ഥനയിലും
ഉപവാസത്തിലുമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ജപമാലയും സുകൃതജപങ്ങള്‍ ചൊല്ലിക്കൊണ്ടുമാണ്
ജോലികള്‍ ചെയ്തിരുന്നത്. മജോര്‍ക്ക എന്ന സ്ഥലത്തുള്ള ജെസ്യൂട്ട് സഭയുടെ കോളജില്‍ പോര്‍ട്ടറായും
കാവല്‍ക്കാരനായും 46 വര്‍ഷം അദ്ദേഹം ജോലി ചെയ്തു. വിശുദ്ധനായ പീറ്റര്‍ ക്ലാവര്‍ (സെപ്റ്റംബര്‍ 9 ലെ വിശുദ്ധന്‍)
അവിടെ യായിരുന്നു വിദ്യാഭ്യാസം നിര്‍വഹിച്ചത്. അദ്ദേഹം അല്‍ഫോന്‍സസിനെ ഏറെ സ്‌നേഹിച്ചിരുന്നു.
അല്‍ഫോന്‍സസിന്റെ ഉപദേശം മാനിച്ചാണ് ക്ലാവര്‍ മിഷനറി പ്രവര്‍ത്തനത്തിനായി അമേരിക്ക
യിലേക്ക് പോയതും അവിടെ അടിമത്തത്തിനെതിരെ പൊരുതിയതും. വിദ്യാഭ്യാസം അധികം ഇല്ലായിരുന്നുവെങ്കിലും
അല്‍ഫോന്‍സസിന്റെ ഉപദേശങ്ങള്‍ തേടുവാന്‍ പുരോഹിതരും ദൈവശാസ്ത്രജ്ഞരും വരെ എത്തുമായിരുന്നു.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ അല്‍ഫോന്‍സസി നെ ജനങ്ങൾ ഒരു വിശുദ്ധനെപ്പോലെയാണ് കണക്കാക്കിയിരുന്നത്.
അവസാനകാലത്ത് രോഗങ്ങള്‍ അദ്ദേഹത്തെ ഏറെ വേട്ടയാടി. എങ്കിലും അദ്ദേഹം തന്റെ സേവനങ്ങള്‍
തുടര്‍ന്നു കൊണ്ടിരുന്നു. നിരവധി പേര്‍ക്ക് രോഗസൗഖ്യം പകര്‍ന്നുകൊടുത്തു. മരിക്കുന്നതിന്റെ
തൊട്ടു തലേന്ന് രാത്രി അദ്ദേഹത്തിന് സ്വര്‍ഗത്തിന്റെ ദര്‍ശനമുണ്ടായെന്നു കരുതപ്പെടുന്നു.
അദ്ദേഹം എഴുതിയ ആധ്യാത്മിക കുറിപ്പുകള്‍ ചേര്‍ത്ത് നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
No comments:
Post a Comment