Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Thursday, September 22, 2016

വിശുദ്ധ ആന്‍ഡ്രേ ബസെറ്റ്‌

വിശുദ്ധ ആന്‍ഡ്രേ ബസെറ്റ്‌
saint andre bessette

കിഴക്കന്‍ കാനഡയിലെ മോണ്ട്‌റിയലിനടുത്തുള്ള ഒരു ചെറിയ പട്ടണത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട എട്ട്‌ കുഞ്ഞുങ്ങളുമൊത്ത്‌ താമസിച്ചുവരികയായിരുന്നു ഐസക്‌ - ക്ലോത്തില്‍ഡ ദമ്പതികള്‍. നന്നായി അധ്വാനിച്ചാണ്‌ ഐസക്‌ ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തിയിരുന്നത്‌. 1845 ആഗസ്റ്റ്‌ എട്ടിന്‌ അവര്‍ക്ക്‌ ഒമ്പതാമതായി ഒരു ആണ്‍കുഞ്ഞ്‌ പിറന്നു. ദുര്‍ബലനും രോഗിയുമായി ജനിച്ചതുകൊണ്ട്‌ ജനിച്ചയുടനെ ജ്ഞാനസ്‌നാനം നല്‌കി ആല്‍ഫ്രഡ്‌ ബസെറ്റ്‌ എന്നവര്‍ ആ കുഞ്ഞിന്‌ പേരിട്ടു. അതിനുശേഷം അവര്‍ക്ക്‌ മൂന്ന്‌ കുഞ്ഞുങ്ങള്‍കൂടി ജനിച്ചു.

ആല്‍ഫ്രെഡ്‌ ബസെറ്റ്‌ ശാരീരികമായി വളരെ ദുര്‍ബലനായിരുന്നു. ജോലി കുറവായതുകൊണ്ട്‌ 1849ല്‍ മോണ്ട്‌റിയലില്‍നിന്ന്‌ ഫാണ്‍ഹാമിലേക്ക്‌ താമസം മാറാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍, എല്ലാ പദ്ധതികളും തകിടംമറിച്ചുകൊണ്ട്‌ ഒരു അപകടത്തില്‍ ഐസക്‌ ബസെറ്റ്‌ ആകസ്‌മികമായി മരിക്കുകയാണുണ്ടായത്‌. നാല്‌പതാമത്തെ വയസില്‍ വിധവയായ ക്ലോത്തില്‍ഡ പത്ത്‌ കുഞ്ഞുങ്ങളെയുംകൊണ്ട്‌ പകച്ചുനിന്നു. (രണ്ട്‌ കുഞ്ഞുങ്ങള്‍ ശൈശവത്തിലേ മരിച്ചിരുന്നു) എങ്കിലും മക്കളെ വളര്‍ത്താനായി എല്ലാ ബുദ്ധിമുട്ടുകളും ഏറ്റെടുത്ത അവള്‍ ജീവിതം തുടര്‍ന്നു. പക്ഷേ, കടുത്ത ക്ഷയരോഗം അവളെ കീഴടക്കിയതിനാല്‍ മൂന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷം മരണം അവളെ കുഞ്ഞുങ്ങളില്‍നിന്ന്‌ വേര്‍പെടുത്തി.
ദൈവം മാത്രം നാഥനായ ആ അവസ്ഥയിലും ആല്‍ഫ്രഡ്‌ നിരാശനാകാതെ ജീവിച്ചു. മറ്റു സഹോദരങ്ങളുടെ ജീവിതവും അങ്ങനെ മുന്നോട്ടുപോയിരിക്കണം. അവരെ അല്‌പമെങ്കിലും സഹായിക്കാനായി ക്ലോത്തില്‍ഡയുടെ സഹോദരിയായ റൊസാലീയും ഭര്‍ത്താവ്‌ തിമോത്തിയും ശ്രമിച്ചിരുന്നു. വലിയ വിദ്യാഭ്യാസമൊന്നും നേടാന്‍ ആല്‍ഫ്രഡിനായില്ല. ഉപജീവനത്തിനായി ചെരുപ്പുകുത്തലും വാഹനമോടിക്കലും ബേക്കറിജോലിയുമെല്ലാം അവന്‍ ചെയ്‌തു. പക്ഷേ പ്രാര്‍ത്ഥനാചൈതന്യത്തിലും ദിവ്യബലിയോടുള്ള സ്‌നേഹത്തിലുമെല്ലാം അവന്‍ അനുദിനം വളര്‍ന്നുവന്നു. അനേകം പാപപരിഹാരപ്രവൃത്തികള്‍ അനുഷ്‌ഠിച്ചിരുന്ന ദുര്‍ബലനായ അവനെ പലപ്പോഴും റൊസാലീ സ്‌നേഹപൂര്‍വം ശകാരിച്ചിരുന്നു. 20 വയസായപ്പോള്‍ യു.എസിലേക്ക്‌ കുടിയേറുന്ന അനേകം നാട്ടുകാര്‍ക്കൊ പ്പം തുണിമില്ലില്‍ ജോലി ചെയ്യാനായി ആല്‍ഫ്രഡ്‌ യു.എസിലേക്ക്‌ പോയി. തന്റെ ആരോഗ്യം വകവെക്കാതെ മറ്റേതൊരു ജോലിക്കാരനെക്കാളും കഠിനമായി ആന്‍ഫ്രഡ്‌ ജോലി ചെയ്‌തു. പിന്നീട്‌ 1867ല്‍ അവിടെനിന്ന്‌ തിരികെ സ്വദേശത്തെത്തി.

അയക്കപ്പെടുന്ന വിശുദ്ധന്‍
ആയിടക്ക്‌ അവരുടെ ഇടവകവികാരി ഫാ. ആന്‍ഡ്രേ പ്രൊവെംസാല്‍ ആല്‍ഫ്രഡിന്റെ ഭക്തിയും ഉദാരതയും ശ്രദ്ധിച്ചു. മോണ്ട്‌റിയലിലെ ഹോളി ക്രോസ്‌ സഭയിലേക്ക്‌ ആല്‍ഫ്രഡിനെ അയക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ആല്‍ഫ്രഡിനെ സമീപിച്ച്‌ തന്റെ ആഗ്രഹം അറിയിച്ച അദ്ദേഹത്തിന്‌ അനുകൂലമായ മറുപടി ലഭിക്കുക യും ചെയ്‌തു. ``ഞാന്‍ നിങ്ങള്‍ക്കായി ഒരു വിശുദ്ധനെ അയക്കുന്നു'' എന്ന ഒരു കുറിപ്പോടെയാണ്‌ അദ്ദേഹം ആല്‍ഫ്രഡിനെ പറഞ്ഞയച്ചത്‌. ഒരു സന്യാസിയായപ്പോള്‍ ഫാ.ആന്‍ഡ്രേയോടുള്ള സ്‌നേഹാദരസൂചകമായി ആല്‍ഫ്രഡ്‌, ആന്‍ഡ്രേ എന്ന പേര്‌ സ്വീകരിക്കുകയും ചെയ്‌തു.

ആല്‍ഫ്രഡ്‌ തീര്‍ത്തും ദുര്‍ബലനായതിനാല്‍ ആദ്യകാലത്ത്‌ അദ്ദേഹത്തെ സ്വീകരിക്കാന്‍ സഭാധികാരികള്‍ വിമുഖരായിരുന്നു. എങ്കിലും ആല്‍ഫ്രഡ്‌ ബിഷപ്‌ ഇഗ്നസിനോട്‌ അപേക്ഷിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പ്രത്യേക ശുപാര്‍ശയാല്‍ സഭാധികാരികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. 1872ലായിരുന്നു അത്‌. അങ്ങനെ ആല്‍ഫ്രഡ്‌ ബ്രദര്‍ ആന്‍ഡ്രേയായി. ശാരീരികബലഹീനതകളെല്ലാം നിലനില്‌ക്കവേ 1874 ഫെബ്രുവരിയില്‍ തന്റെ 28-ാമത്തെ വയസില്‍ അദ്ദേഹം പൗരോഹിത്യ ജീവിതത്തിലേക്കു പ്രവേശിച്ചു. അധികം വൈകാതെതന്നെ ക്വിബെക്കിലെ നോട്ടര്‍ഡാം കോളേജിന്റെ ദ്വാരപാലകനായി ആല്‍ഫ്രഡ്‌ നിയമിക്കപ്പെട്ടു. ഏതാണ്ട്‌ 40 വര്‍ഷം അദ്ദേഹം ഈ ജോലിയും സമൂഹത്തിലെ മറ്റനേകം കൊച്ചുജോലികളും ചെയ്‌ത്‌ ജീവിതം നയിച്ചു. ആഗതരെ സ്വീകരിക്കലും തറയും മറ്റും വൃത്തിയാക്കലും വിറകു കൊണ്ടുവരലും സന്ദേശങ്ങള്‍ കൈമാറലുമൊക്കെയായിരുന്നു അദ്ദേഹമേറ്റെടുത്ത കൊച്ചുജോലികള്‍. അതോടൊപ്പം കോളേജ്‌ ഗേറ്റിനടുത്തുള്ള ഒരു കൊച്ചുമുറിയില്‍ ഏറെ സമയം പ്രാര്‍ത്ഥനക്കായി അദ്ദേഹം മുട്ടുകുത്തിനിന്നു.

യൗസേപ്പിതാവിന്റെ അപ്പസ്‌തോലന്‍
വിശുദ്ധ യൗസേപ്പിതാവിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം സവിശേഷമായിരുന്നു. രോഗികളെ സന്ദര്‍ശിക്കാനായി പോകുമ്പോള്‍ വിശുദ്ധ ജോസഫിനോട്‌ പ്രാര്‍ത്ഥിക്കാന്‍ അവരോട്‌ നിര്‍ദ്ദേശിക്കുകയും കോളേജ്‌ ചാപ്പലിലെ വിശുദ്ധ ജോസഫിന്റെ അള്‍ത്താരക്കുമുമ്പിലെ വിളക്കില്‍നിന്നുള്ള എണ്ണകൊണ്ട്‌ അവരെ അഭിഷേകം ചെയ്യുകയും ചെയ്യുമായിരുന്നു. ആന്‍ഡ്രേയച്ചന്റെയും വിശുദ്ധ ജോസഫിന്റെയും പ്രാര്‍ത്ഥനയിലൂടെയാണ്‌ തങ്ങള്‍ക്ക്‌ സൗഖ്യം ലഭിച്ചതെന്ന്‌ ആ രോഗികള്‍ പിന്നീട്‌ പറയും. പക്ഷേ ഈ രോഗസൗഖ്യങ്ങളുടെയൊന്നും അവകാശം ഒരിക്കലും ഫാ. ആന്‍ഡ്രേ ഏറ്റെടുക്കാറില്ലായിരുന്നു. അതെല്ലാം വിശുദ്ധ ജോസഫിന്റെ പ്രാര്‍ത്ഥനയിലൂടെ നടക്കുന്നതാണ്‌ തന്റെ യോഗ്യതകൊണ്ടല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പക്ഷേ അദ്ദേഹത്തിന്റെ സൗഖ്യശക്തി അപാരമായിരുന്നു. അദ്ദേഹത്തെ സമീപിച്ചു പ്രാര്‍ത്ഥിച്ച ഏതാണ്ട്‌ എല്ലാ രോഗികളുംതന്നെ സൗഖ്യം പ്രാപിച്ചു. കോളജിനടുത്ത്‌ ഒരു പകര്‍ച്ചാവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒരു നേഴ്‌സിന്റെ ജോലി അദ്ദേഹം ഏറ്റെടുത്തു. അതിന്റെ ഫലമെന്നോണം ഒരു രോഗിപോലും മരണത്തിലകപ്പെടാതെ രക്ഷപ്പെട്ടത്‌ വൈദ്യശാസ്‌ത്രത്തിന്‌ ഒരത്ഭുതമായി. ഇതൊക്കെയായപ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്‌തി ചുറ്റും പരക്കാന്‍ തുടങ്ങി.

1904ല്‍ ആന്‍ഡ്രേ വിശുദ്ധ ജോസഫിന്റെ നാമധേയത്തില്‍ ഒരു ചാപ്പല്‍ പണിയുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. അതിന്‌ ഒരു മേല്‌ക്കൂര ആവശ്യമായി വന്നപ്പോള്‍ ആന്‍ഡ്രേ നല്‌കിയ നിര്‍ദേശമിതായിരുന്നു: ``ദേവാലയത്തിനു നടുവില്‍ വിശുദ്ധ ജോസഫിന്റെ ഒരു രൂപം സ്‌ഥാപിക്കുക. തന്റെ തലക്കു മുകളില്‍ ഒരു മേല്‌ക്കൂര വേണമെങ്കില്‍ അദ്ദേഹംതന്നെ നേടിയെടുത്തുകൊള്ളും.'' 50 വര്‍ഷങ്ങള്‍ കൊണ്ട്‌ മനോഹരമായ ഒരു വലിയ ദേവാലയം, സെയ്‌ന്റ്‌ ജോസഫ്‌ ഒറേറ്ററി, നിര്‍മിക്കാനായി. പക്ഷേ, അതിന്റെയും മേന്മ അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടില്ല. പില്‌ക്കാലത്ത്‌ അവിടവന്ന്‌ സൗഖ്യം പ്രാപിച്ചുപോയ രോഗികള്‍ ഉപേക്ഷിച്ച ക്രച്ചസുകളും ഊന്നുവടികളുമെല്ലാം അവിടത്തെ പതിവുകാഴ്‌ചയായി.

സൗഖ്യം നേടിയ അനേകര്‍ മാനസാന്തരപ്പെട്ട്‌ ദൈവത്തിലേക്ക്‌ അടുത്തു. എന്നാല്‍ ഈ രോഗസൗഖ്യങ്ങളെ വിമര്‍ശനാത്മകമായി കണ്ട, നോട്ടര്‍ഡാം കോളേജിലെതന്നെ ഒരു ഡോക്‌ടറായിരുന്ന ഡോ. ആല്‍ബിനി ഷാര്‍ലറ്റ്‌ അദ്ദേഹത്തിനെതിരെ അപവാദങ്ങള്‍ പറഞ്ഞുപരത്തി. ഫാ. ആന്‍ഡ്രേയെ ഇത്‌ വളരെയധി കം വേദനിപ്പിച്ചെങ്കിലും ശാന്തതയോടെ അദ്ദേഹം നിലകൊണ്ടു. എന്നാല്‍ കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ ഡോക്‌ടറുടെ ഭാര്യക്ക്‌ നിലക്കാത്ത രക്തസ്രാവമുണ്ടാകുകയും അ വര്‍തന്നെ ആവശ്യപ്പെട്ടതനുസരിച്ച്‌ ഡോക്‌ടര്‍, ഫാ. ആന്‍ഡ്രേയെ വിളിപ്പിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയിലൂടെ ആ സ്‌ത്രീ അത്ഭുതരോഗസൗഖ്യം പ്രാപിച്ചു. പിന്നീട്‌ ഡോക്‌ടര്‍ ആന്‍ഡ്രേയുടെ അടുത്ത സുഹൃത്തായി മാറുകയാണുണ്ടായത്‌.

ചിരിപ്പിക്കുന്ന പുണ്യവാന്‍
പ്രശസ്‌തിയൊന്നും അദ്ദേഹത്തെ സംബന്ധിച്ച്‌ വലിയ കാര്യങ്ങളായിരുന്നില്ല. അദ്ദേഹം പ്രസാദവാനായി ഒരു എളിയ ജീവിതം നയിച്ചുപോന്നു. വിശുദ്ധ ജോസഫിന്റെ ഒരു പട്ടിക്കുട്ടിയാണ്‌ താനെന്ന്‌ അദ്ദേഹം പറയുമായിരുന്നു. എല്ലാം വളരെ നര്‍മബോധത്തോടെ കാണാനുള്ള കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്‌. 40 വര്‍ഷക്കാലം നോട്ടര്‍ഡാം കോളേജിന്റെ ദ്വാരപാലകനായിരുന്നതിനെക്കുറിച്ച്‌ അവസാനനാളുകളില്‍ അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെയാണ്‌: ``വന്നപ്പോള്‍ എനിക്ക്‌ വാതില്‍ കാണിച്ചുതന്നു. ഞാനവിടെ നാല്‌പതു വര്‍ഷം നിന്നു'' വലിയ വലിയ ജോലികളൊന്നും ചെയ്യാ തെ, ദിവ്യബലിയെ സ്‌നേഹിച്ചും ഒരുപാട്‌ പ്രാര്‍ത്ഥിച്ചും ജീവിച്ച പ്രസാദവാനായ ആ മനുഷ്യന്‍ 1937 ജനുവരി 6 ന്‌ 91-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി. മരണശേഷവും അനേകരോഗികള്‍ അദ്ദേഹത്തിന്റ മാധ്യസ്ഥ്യശക്തിയാല്‍ സൗഖ്യം നേടുകയും സെയ്‌ന്റ്‌ ജോസഫ്‌ ഒറേറ്ററിയിലേക്ക്‌ രോഗികള്‍ പ്രവഹിക്കുകയും ചെയ്‌തു. നാളുകള്‍ക്കുശേഷം 2010 ഒക്‌ടോബറില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. രോഗികളുടെ പ്രത്യേകമധ്യസ്ഥനായി ഇന്ന്‌ വിശുദ്ധ ആന്‍ഡ്രേ ബസെറ്റ്‌ പരിഗണിക്കപ്പെടുന്നു. മരണദിനമായ ജനുവരി ആറ്‌ ആണ്‌ ഈ പുണ്യവാന്റെ ഓര്‍മദിനം. വിജയപുരം രൂപതയിലെ കുമരകം സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ വിശുദ്ധ ആന്‍ഡ്രേ ബസെറ്റിന്റെ തിരുശേഷിപ്പ്‌ സൂക്ഷിച്ചിട്ടുണ്ട്‌.


കടപാട് :ശാലോം ടൈംസ്‌ 

No comments:

Post a Comment