വിശുദ്ധ ഗീവര്‍ഗീസ് സഹദാ
വിശുദ്ധ ഗീവര്‍ഗീസ് സഹദാ |
ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി മരണംവരെ പോരാടി ജീവനുപേക്ഷിച്ചവരാണ് സഹദാന്മാര്‍.. ..സഹദേന്മാരില്‍ മുമ്പന്‍ സ്‌തേഫാനോസ് ആണെങ്കിലും കഷ്ടത ഏറ്റം സഹിച്ച സഹദേന്മാരില്‍ മുമ്പില്‍ ഗീവര്‍ഗീസാണ്. സഹായത്തിന് സഹദായെ വിളിക്കുന്നവര്‍ കേള്‍ക്കുന്നത് കുതിരയുടെ കുളമ്പടി ശബ്ദമാണ്. വിളിച്ചാല്‍ കുതിരയുടെ വേഗത്തില്‍ സഹായം ലഭിക്കുമെന്നാണ് വിശ്വാസം. കേരളത്തില്‍ മറ്റ് പരിശുദ്ധന്മാരുടെയും ശുദ്ധമതികളുടെയും നാമത്തിലുള്ള ദേവാലയങ്ങള്‍ ഒന്നില്‍ കൂടുതല്‍ ത്രോണോസുകള്‍ ഉള്ളടത്ത് മിക്കവാറും ഒന്നു പരിശുദ്ധ സഹദായുടെ നാമത്തിലായിരിക്കും.
പുതുപ്പള്ളി, എടത്വാ, ഇടപ്പള്ളി, ചന്ദനപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെ സഹദായുടെ നാമത്തിലുള്ള ദേവാലയങ്ങളില്‍ നടത്തുന്ന പെരുന്നാള്‍ പ്രാദേശീയ ഉത്സവമാണ്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ ഇദ്ദേഹത്തെ വലിയ സഹദായെന്നു വിളിക്കുന്നു. കിഴക്കന്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ കേന്ദ്രമായ കുസ്തന്തീനോസ് പോളീസില്‍ ആറ് ദേവാലയങ്ങള്‍ ഈ സഹദായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി അര്‍മീനിയായിലെ ബിസാനിസില്‍ സഹദായുടെ നാമത്തില്‍ ദേവാലയം നിര്‍മിച്ചു. സിസിയോണിലെ തേയോഡോറസ് എന്ന പരിശുദ്ധന്‍ തന്റെ ജീവിതകാലത്ത് പ്രാര്‍ത്ഥനയ്ക്കായി ഏറെ ചിലവഴിച്ച ധന്യനിമിഷങ്ങള്‍ സഹദായുടെ നാമത്തിലുള്ള ചാപ്പലില്‍ ആയിരുന്നു. ഇരുപതാം വയസില്‍ ചക്രവര്‍ത്തിയുടെ നിയോഗപ്രകാരം അദ്ദേഹത്തിന്റെ പ്രതിനിധിയായി ഗീവര്‍ഗീസ് ഗ്രേറ്റ് ബ്രിട്ടണ്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ക്കെതിരായി തിരിഞ്ഞപ്പോള്‍ അതില്‍ ദുഃഖിതനായ ഗീവര്‍ഗീസ് സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ ആദരവുകള്‍ ഏറ്റുവാങ്ങിയെങ്കിലും ലൗകികമായ എല്ലാം ഉപേക്ഷിച്ചു. യേശുവിനെ അവര്‍ക്ക് പരിചയപ്പെടുത്തിയതുമൂലം രാജാവും കുടുംബവും യേശുവില്‍ വിശ്വസിക്കുകയും 1400 ആളുകള്‍ അന്ന് മാമോദീസാ സ്വീകരിച്ച് ക്രിസ്ത്യാനികളാകുകയും ചെയ്തു. ഈ രാജാവ് ഗീവര്‍ഗീസിന്റെയും വിശുദ്ധ മാതാവിന്റെയും നാമത്തില്‍ രണ്ട് വലിയ ദേവാലയങ്ങള്‍ നിര്‍മിച്ചു. രോഗശാന്തിയുടെ ഉറവ എന്നറിയപ്പെടുന്ന ഒരു ഉറവ ഈ ദേവാലയത്തിന്റെ ഉള്ളില്‍നിന്നും പൊട്ടിപ്പുറപ്പെട്ടു. ആ ഉറവയിലെ ജലം അനേകര്‍ക്ക് സൗഖ്യദായകമായി തീര്‍ന്നു.
സഹദാ തന്റെ പിതൃനഗരത്തെ അടിസ്ഥാനമാക്കി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അങ്ങനെ അര്‍മീനിയന്‍ ക്രൈസ്തവ സമൂഹത്തിനും തുടക്കമായി. റോമന്‍ ചക്രവര്‍ത്തിയായ ഡയോക്ലീഷ്യന്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരായി പീഡനങ്ങള്‍ അഴിച്ചുവിട്ടു.
യഹൂദന്മാര്‍ നിന്ദിച്ചും തള്ളിപ്പറഞ്ഞും ക്രൂശില്‍ തൂക്കിക്കൊന്ന ക്രിസ്തുവിന്റെ അനുയായികളെ പൂര്‍ണമായി നശിപ്പിക്കാന്‍ രാജാവ് ഉത്തരവായി. ഗീവര്‍ഗീസ് സഹദായെയും ചക്രവര്‍ത്തി അംഗീകരിക്കാതായി. ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള പുതിയ ഉപകരണം തയാറാക്കാന്‍ ചക്രവര്‍ത്തി നിര്‍ദേശം നല്‍കി. അത് ലഭിക്കുന്നതുവരെ തുറങ്കിലടക്കാനും കല്പിച്ചു. മര്‍ദനമുറകള്‍ തുടങ്ങിയെങ്കിലും തെല്ലും ഭയമില്ലാതെ നില്‍ക്കുന്ന ഗീവര്‍ഗീസിന്റെ തേജസുറ്റ മുഖഭാവവും കണ്ടു ഭടന്മാര്‍ അമ്പരന്നു.
വെട്ടി കഷണങ്ങളാക്കി വറക്കുന്നതിനുള്ള വറച്ചട്ടികളും ചൂടുവെള്ളത്തില്‍ മുക്കുന്നതിനുള്ള ചെമ്പുപാത്രങ്ങളും നാക്ക് മുറിക്കുന്നതിനുള്ള ആയുധങ്ങളും പല്ലുകള്‍ പറിക്കുന്നതിനുള്ള കൊടിലുകളും കഴുത്തു കുനിച്ചു നിര്‍ത്തുന്നതിനുള്ള കൊളുത്തുകളും തുടലുകളും കൂടാതെ പച്ചമാംസം ചീകി എടുക്കുവാനുള്ള ഇരുമ്പു ചീപ്പുകളും മുപ്പല്ലികളും ആണികളും എല്ലാം നിരനിരന്നു.
എങ്കിലും ഗീവര്‍ഗീസ് ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ തയാറായില്ല. ശരീരത്തെ മാത്രമേ നിങ്ങള്‍ക്ക് ഇല്ലാതാക്കുവാന്‍ സാധിക്കൂ. ശരീരത്തിനുള്ളില്‍ കുടികൊള്ളുന്ന ആത്മാവിനെ നശിപ്പിക്കുവാന്‍ കഴിയുകയില്ലായെന്നു ഗീവര്‍ഗീസ് പറഞ്ഞുകൊണ്ടിരുന്നു.
ചുട്ടുപഴുപ്പിച്ച ഇരുമ്പാണികള്‍ കാലിന്റെ അടിയില്‍ അടിച്ചു കയറ്റി പീഡിപ്പിച്ചു. കൂര്‍ത്ത ആണികള്‍ പതിച്ച ഇരുമ്പു ചെരുപ്പുകള്‍ ഇട്ടു നടക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം സഹദാ കൂടുതല്‍ തേജോമയനും ഉന്മേഷവാനുമായി കാണപ്പെട്ടു. കാലിന്റെ വേദന ഒപ്പിയെടുക്കാന്‍ അദൃശ്യരായ മാലാഖമാര്‍ ഓടിയെത്തി. ചാട്ടവാറു ചുഴറ്റി ആഞ്ഞടിച്ചു. ദേഹത്തുനിന്ന് ധാരധാരയായി ചോര ഒലിച്ചു. അപ്പോഴും ദൈവത്തെ സ്തുതിച്ച് സഹദാ യേശുവിന്റെ രൂപം മനസില്‍ ദര്‍ശിച്ചു. പച്ചമാംസം ചീകുന്ന ഇരുമ്പുചക്രത്തില്‍ സഹദായുടെ ശരീരം മുട്ടിയുരുമ്മി, ചീകിത്തുടങ്ങി. രക്തം ഇറ്റിറ്റു വീണുകൊണ്ടിരുന്നു. ദാരുണമായ ഈ അവസ്ഥ കണ്ടു നിന്നവര്‍ മോഹാലസ്യപ്പെട്ട് വീണു, ചിലര്‍ വാവിട്ടു കരഞ്ഞു. എന്നാല്‍ സഹദായുടെ വേദനകള്‍ ആരോ ഇല്ലാതാക്കിക്കൊണ്ടിരുന്നു. ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സഹദായുടെ മുന്‍പില്‍ മാലാഖമാര്‍ വന്നുനിന്ന് പനിനീര്‍ തളിക്കുന്നത് സഹദാ മാത്രം കണ്ടു. ഗീവര്‍ഗീസിനെ കമഴ്ത്തി കിടത്തി അറപ്പുവാളിന്റെ പല്ലുകളുള്ള വണ്ടി കയറ്റി പത്ത് തുണ്ടമാക്കി അറുത്തുമുറിച്ചു. അഗാധമായ കുഴിയില്‍ എറിഞ്ഞു, കുഴിയുടെ വാതില്‍ കല്ല് വച്ച് അടച്ചു. പിറ്റേദിവസം മുമ്പില്‍ എത്തിയ ഗീവര്‍ഗീസിനെ കണ്ട് രാജാവ് അമ്പരന്നു. ഭടന്മാരുടെ തലവനിലൊരുവനായ അന്തോനിയോസും അനുയായികളും അതുവഴി ക്രിസ്തുവില്‍ വിശ്വസിച്ചു. ഒരഗ്നികുണ്ഡം ഉണ്ടാക്കി അതില്‍ സഹദായെ എറിഞ്ഞു.
മൂന്നു ദിവസം അതില്‍ കിടന്നു, മരിച്ചു എന്നു കരുതിയ സഹദാ മൂന്നാം ദിവസം തലമുടി നാരിനുപോലും കേടു സംഭവിക്കാതെ പുറത്തുവന്നു. രാജാവിന്റെ കോപം വര്‍ധിച്ചു. വറച്ചട്ടിയിലിട്ടു വറക്കുവാന്‍ ആജ്ഞാപിച്ചു. അങ്ങനെ ചെയ്തിട്ടും ജീവിച്ചെഴുന്നേറ്റ സഹദായെ കണ്ട രാജാവ് അമ്പരന്നു.
ഒടുവില്‍ സഹദാ സ്വര്‍ഗത്തിലേക്ക് നോക്കി കുരിശു വരച്ചു. മരണം ആസ്വദിക്കാന്‍ കഴുത്തു നീട്ടിക്കൊടുത്തു. വെട്ടേറ്റ് വീണ സഹദാ മരണത്തെ പുല്‍കി.
വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള പ്രാര്‍ത്ഥന
വിശുദ്ധ സഹദാ ആയ മാര്‍ ഗീവര്‍ഗീസേ, നിനക്കു സമാധാനം. കര്‍ത്താവ് തന്റെ വാഗ്ദത്ത പ്രകാരം നിന്നിലും നീ അവനിലും വസിക്കുന്നു. ദൈവത്തിന്റെ വിശ്വസ്ത കലവറക്കാരാ, പാപികളായ ഞങ്ങള്‍ കരുണയ്ക്കും, പാപമോചനത്തിനും അര്‍ഹരായിത്തീരുവാന്‍ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ. നിന്റെ മദ്ധ്യസ്ഥതയില്‍ സമാധാനവും, സുഭിക്ഷതയും ഫലസമൃദ്ധിയും ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍, ഞങ്ങളില്‍ നിന്ന് മാരകരോഗങ്ങളും, കഠിനദുഃഖങ്ങളും, പൈശാചിക പരീക്ഷകളും, ദുഷ്ടമനുഷ്യരുടേയും, ദുഷ്ടജന്തുക്കളുടെയും ഉപദ്രവങ്ങളും അപകടങ്ങളും നീക്കിക്കളയണമേ. നാഥാ ഈ ലോകത്തിലും, ഞങ്ങളുടെ രാജ്യത്തും, സഭയിലും, കുടുംബങ്ങളിലും സമാധാനവും ശാന്തിയും വാഴുമാറാകണമേ. വാര്‍ദ്ധക്യത്തിലിരിക്കുന്നവര്‍ക്ക് തുണയാകണമേ. സ്ത്രീകളെയും, പുരുഷന്മാരെയും കാത്തുകൊള്ളണമേ. യുവതീയുവാക്കന്മാരെ പരിപാകതയു ള്ളവരാക്കണമേ. ശിശുക്കളെ പോറ്റണമേ, നാഥാ, രോഗികള്‍ക്ക് സൌഖ്യവും, ദുഃഖിതര്‍ക്ക് ആശ്വാസവും, ദരിദ്രര്‍ക്ക് സംതൃപ്തിയും, വാങ്ങിപ്പോയവര്‍ക്ക് നിത്യശാന്തിയും, ഞങ്ങളുടെ യാചനകള്‍ക്ക് മറുപടിയും നല്‍കണമേ. ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ നന്മകളും ദുഃഖിതരും എളിയവരുമായ എല്ലാവരുമായി പങ്കുവയ്ക്കാനുള്ള മനസ്സലിവും നല്‍കണമേ. ആയത് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ തന്നെ. ആമ്മീന്‍
No comments:
Post a Comment