Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Friday, September 30, 2016

വിശുദ്ധ ഫിലോമിന

വിശുദ്ധ ഫിലോമിന


ആദ്യകാല കത്തോലിക്കാസഭയുടെ , കന്യകയും രക്തസാക്ഷിയുമായ ഒരു വിശുദ്ധയാണ് ഫിലോമിന. ഫിലോമിനയുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതിനും പഠിക്കുന്നതിനും, ആദ്യകാലക്രിസ്ത്യാനികള്‍ പീഢനങ്ങള്‍ക്ക് വിധേയരായി മരിച്ചപ്പോള്‍ അവരെ സംസ്‌കരിച്ചിരുന്ന പൊതുശ്മശാനങ്ങളിലേക്ക് നാം പോകണം. കൊളോസിയത്തില്‍ ക്രൂരവിനോദങ്ങള്‍ക്ക്‌ശേഷം വലിച്ചെറിയപ്പെട്ടിരുന്ന മൃതശരീരങ്ങളെ ക്രിസ്ത്യാനികള്‍ എടുത്തുകൊണ്ടുപോയി അടക്കം ചെയ്തിരുന്ന സ്ഥലമാണത്. റോമിന്റെ പരിസരപ്രദേശങ്ങളില്‍ നാം കാണുന്ന അത്തരം കല്ലറകള്‍ അനേകര്‍ക്ക് വിശ്വാസത്തിന്റ തിരിതെളിച്ച് നല്‍കിയിട്ടുണ്ട്. സഭാതരുവിന്റെ ചുവട്ടില്‍ തങ്ങളുടെ നിണം വളമായി വീഴ്ത്തിയ പുണ്യജന്മങ്ങളുടെ ഭൗതികശരീരം ഉറങ്ങുന്ന സ്ഥലമായിരുന്നു അത്.
അക്കൂട്ടത്തില്‍ സാധാരണമനുഷ്യരും വൈദികരും മെത്രാന്‍മാരും രാജകുമാരന്‍മാരും കുമാരിമാരും എല്ലാമുണ്ട്. ആയിരങ്ങളെ ഒന്നിച്ച് ചേര്‍ത്തുനിറുത്തി ജീവന്‍ കൊയ്‌തെടുത്തപ്പോള്‍ വിശ്വാസത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരുടെ പേരുകള്‍ പോലും ആര്‍ക്കും അറിയുമായിരുന്നില്ല. ആരാലും അറിയപ്പെടാത്തപ്പോഴും ക്രിസ്തുവിനുവേണ്ടി ജീവന്‍ വെടിഞ്ഞവരാണ് ഇവിടെ അടക്കം ചെയ്യപ്പെട്ടത്. ഈശോയുടെ ശരീരവും രക്തവും ഉള്‍ക്കൊണ്ടപ്പോള്‍ ബലിയായിത്തീരുവാന്‍ അവര്‍ തയ്യാറായി. വിശ്വാസത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ തങ്ങളുടെ കല്ലറകള്‍ ഒരുനാള്‍ അള്‍ത്താരകളായി മാറുമെന്ന് അവര്‍ ഉള്‍ക്കണ്ണുകള്‍ക്കൊണ്ട് കണ്ടിരുന്നു. ഒരു ക്രിസ്ത്യാനി രക്തസാക്ഷിയായി അനേകര്‍ക്ക് ജീവന്‍ പ്രദാനം ചെയ്യേണ്ടവനാണെന്ന് ഫിലോമിനയെപ്പോലുള്ള അനേകര്‍ അറിഞ്ഞിരുന്നു. അതിനായി വിളിക്കപ്പെട്ടപ്പോള്‍ തെല്ലും മടിക്കാതെ ഞങ്ങളുടെ ഭവനം ഇവിടെയല്ല സ്വര്‍ഗത്തിലാണ് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തി. ധൈര്യപൂര്‍വം മരണം വരിച്ചു. കര്‍ത്താവ് സ്വന്തം രക്തത്താല്‍ നേടിയെടുത്ത പരിശുദ്ധ കത്തോലിക്കാസഭ ഒരു യാഥാര്‍ത്ഥ്യമായിരുന്നില്ലെങ്കില്‍ ലക്ഷക്കണക്കിന് വ്യക്തികള്‍ സഭയ്ക്കു വേണ്ടി, ക്രിസ്തുവിനുണ്ടേി ജീവന്‍ കൊടുക്കുമായിരുന്നോ. കേവലം അപ്പവും വീഞ്ഞുമായിരുന്നില്ല അവരെ ബലിമധ്യേ ശക്തിപ്പെടുത്തിയത്, മറിച്ച് സര്‍വ്വശക്തനായ ദൈവമായിരുന്നു എന്നതിന്റ തെളിവാണ് അവരുടെ ധീരരക്തസാക്ഷിത്വങ്ങള്‍. ഉയിര്‍ത്തെഴുന്നേറ്റ് സജീവനായി ഇന്നും ഈശോ നമ്മുടെയിടയില്‍ ജീവിക്കുന്നു.
ക്രിസ്ത്യാനികളുടെ പീഡനകാലം ആരംഭിച്ചത് നീറോ ചക്രവര്‍ത്തിയുടെ കാലം മുതലാണ്. 54 എ.ഡി മുതല്‍ 68 എ.ഡി വരെയായിരുന്നു ആ കാലഘട്ടം. ക്രിസ്ത്യാനികളെ വധിക്കുന്നത് റോമന്‍ ജനത ഒരു നേട്ടമായിട്ടാണ് കണ്ടത്. എ.ഡി 96 മുതല്‍ പീഡനത്തില്‍ മരിക്കുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടിയുള്ള ശ്മശാനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നതായി നമുക്ക് കാണാം. 60 ലക്ഷത്തോളം ക്രിസ്ത്യാനികളാണ് അത്തരം ശ്മശാനങ്ങളില്‍ സംസ്‌കരിക്കപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പരിശുദ്ധ പിതാക്കന്‍മാര്‍ ഇത്തരം സ്ഥലങ്ങളെക്കുറിച്ച് ആഴമായ പഠനങ്ങള്‍ നടത്തുവാനും രക്തസാക്ഷികളായവരെ തിരിച്ചറിയുവാനും വിദ്യാസമ്പന്നരായവരെ നിയോഗിക്കുകയുണ്ടായി. അത്തരമൊരവസരത്തിലാണ് നാം ഫിലോമിനയെ കണ്ടെത്തുന്നത്. അങ്ങനെ രക്തസാക്ഷികളെ കണ്ടെത്തുമ്പോള്‍ മുട്ടിന്‍മേല്‍നിന്ന് അവരുടെ പ്രാര്‍ത്ഥന ചോദിക്കുവാന്‍ ധാരാളം ക്രിസ്ത്യാനികള്‍ തയ്യാറായിരുന്നു. പിന്നീട് ചരിത്രത്തില്‍ അവരുടെ സ്ഥാനത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിത്തുടങ്ങും. 1802 മെയ് 24 നാണ് ഭൂഗര്‍ഭഗവേഷകര്‍ അമൂല്യമായ ഒരു തിരുശേഷിപ്പ് കണ്ടെത്തുന്നത്. വിശുദ്ധ ഫിലോമിനയുടെ കഥ തുടങ്ങുന്നത് അവളുടെ തിരുശേഷിപ്പുകളില്‍ നിന്നാണ്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു കേടും സംഭവിക്കാതെ ഫിലോമിനയുടെ കല്ലറ സംരക്ഷിക്കപ്പെട്ടിരുന്നു എന്നതാണ് അത്ഭുതം.
802 ല്‍ അക്വിലയിലെ പ്രഷില്ലയിലാണ് പ്രസ്തുത സംഭവങ്ങളുടെ തുടക്കം. അവളുടെ കല്ലറയുടെ മുകളിലുണ്ടായിരുന്ന ഫലകങ്ങളില്‍ നിന്നാണ് രക്തസാക്ഷിത്വത്തിന്റെ അടയാളങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. കന്യകാത്വത്തെയും പരിശുദ്ധിയെയും സൂചിപ്പിക്കുന്ന ഒരു റോസാപ്പൂവും അവിടെ അടയാളപ്പെടുത്തിയിരുന്നു. മാത്രമല്ല ഒരു നങ്കൂരത്തിന്റെ ചിത്രവും ഫലകങ്ങളിലുണ്ടായിരുന്നു. നങ്കൂരം ശരീരത്തില്‍ ബന്ധിച്ച് നദിയിലെറിഞ്ഞതിന്റെ അടയാളമായിരുന്നു അത്. ഒരു ലില്ലിയുടെ രൂപവും അതില്‍ കൊത്തിവച്ചിരുന്നു. ഇവയൊക്കെ ഏതുതരത്തിലുള്ള വ്യക്തിയാണ് സംസ്‌കരിക്കപ്പെട്ടിരിക്കുന്നത് എന്ന് സൂചിപ്പിക്കുവാന്‍ ആദിമക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന അടയാളങ്ങളായിരുന്നു.ലില്ലി സൂചിപ്പിക്കുന്നത് കളങ്കമില്ലാത്ത കന്യകാത്വത്തെയാണ്. വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ജീവന്‍ ബലികഴിച്ച ഒരു വ്യക്തിയായിരുന്നു അതെന്ന് അതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. മാത്രമല്ല ഇത് ഫിലോമിനയാണെന്ന് സൂചിപ്പിക്കുവാന്‍ ഫിലോമിന എന്ന പേരും ഫലകങ്ങളില്‍ കൊത്തിവച്ചിട്ടുണ്ടായിരുന്നു. കൂടാതെ കല്ലറയ്ക്കുള്ളില്‍ അസ്ഥിയുടേയും രക്തത്തിന്റെയും അംശങ്ങള്‍ കണ്ടെത്താനായി. അതില്‍ നടത്തിയ ശാസ്ത്രപഠനങ്ങളാണ് അത് ഏകദേശം പതിമൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടേതാണെന്ന് വ്യക്തമാക്കിയത്.
കന്യകയും രക്തസാക്ഷിണിയുമായ ഫിലോമിനയുടേതാണ് ആ ഭൗതികാവശിഷ്ടങ്ങള്‍ എന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. കല്ലറയില്‍ ചെറിയൊരു പാത്രത്തില്‍ രക്തത്തിന്റെ ഭാഗവും കാണപ്പെട്ടു. രക്തം ചെറിയൊരു പാത്രത്തിലാക്കി സംസ്‌കരിക്കുന്ന രക്തസാക്ഷികളുടെ ശിരസ്സിനുസമീപം വയ്ക്കുന്നതും ആദ്യകാലക്രിസ്ത്യാനികളുടെ രീതിയായിരുന്നുവെന്ന് വേണം മനസ്സിലാക്കുവാന്‍ .കന്യകയും രക്തസാക്ഷിയുമായ ഒരു പതിമൂന്നുകാരി പെണ്‍കുട്ടിയുടേതാണ് ഈ ഭൗതികാവശിഷ്ടങ്ങള്‍ എന്ന് വ്യക്തമാക്കുന്നതായിരുന്നു തെളിവുകളൊക്കെയും. ഇത് സഭയില്‍ വലിയ അത്ഭുതത്തിന്തന്നെ കാരണമായി. ഇത്തരമൊരു കണ്ടെത്തല്‍ നടന്നയുടനെ അത് ഭദ്രമായി മുദ്രവയ്ക്കപ്പെടുകയും അധികാരപ്പെട്ടവര്‍ മാത്രം അതില്‍ പരിശോധന ചെയ്യുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയുമാണുണ്ടായത്. അതിനാല്‍ കണ്ടെത്തിയ വസ്തുതകളെ വിശദമായി പഠിക്കുന്നതിനുള്ള അവസരവുമൊരുങ്ങി. മുഞ്ഞാണോയിലെ ഇടവകവൈദികനായ ഫാദര്‍ ഫ്രഞ്ചെസ്‌കോ ലൂസിയ ആ നാളുകളില്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. ആത്മീയവും ഭൗതികവുമായി അധപതിച്ച തന്റെ ഇടവകജനത്തെയോര്‍ത്ത് സ്വന്തം ദൈവവിളിയെപ്പോലും സംശയിച്ചിരുന്ന നാളുകളായിരുന്നു അത്. അപ്പോഴാണ് ദൈവകൃപയാല്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെടാനിരുന്ന മോണ്‍സിഞ്ഞോര്‍ ബര്‍ത്തലോമിയോ അദ്ദേഹത്തോട് തന്നോടൊപ്പം റോമിലേക്ക് വരുവാന്‍ ആവശ്യപ്പെട്ടത്.
സ്വന്തം ഇടവകയിലെ ധാര്‍മ്മികാധപതനമായിരുന്നു ഈ വൈദികനെ ഏറെ വേദനിപ്പിച്ചത്. കൂദാശകള്‍ സ്വീകരിക്കുവാനോ ദൈവികകാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുവാനോ സത്യദൈവത്തെ അറിയുവാനോപോലും ആരും തയ്യാറായിരുന്നില്ല. റോമിലെത്തിയപ്പോള്‍ തന്റെ ഇടവകയ്ക്ക് പുതുജീവന്‍ നല്‍കുന്നതിന് ഒരു വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ നല്‍കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. ഫിലോമിനയെക്കുറിച്ച് അദ്ദേഹത്തിന് യാതൊന്നും അറിയില്ലായിരുന്നുവെങ്കിലും ദൈവികമായ ഒരു പ്രചോദനമാണ് മുഞ്ഞാണോയിലേക്ക് ഫിലോമിനയുടെ തിരുശേഷിപ്പുകള്‍ കൊണ്ടുപോകുന്നതിന് പിന്നിലുണ്ടായിരുന്നത്. അവിടെയാണ് അത്ഭുതങ്ങളുടെ തുടക്കം. ഭൂപടത്തില്‍ പോലുമില്ലാത്ത മുഞ്ഞാണോ നഗരം ഫിലോമിനയുടെ നാമത്തിലൂടെ ലോകപ്രശസ്തമാവുന്ന കാഴ്ചയാണ് നാം ഇനി കാണുവാന്‍ പോകുന്നത്. മുഞ്ഞാണോ ഒരു ചെറിയ ഇടവകയും ആരും അറിയില്ലാത്ത സ്ഥലവുമായിരുന്നു. തിരുശേഷിപ്പുകള്‍ ലഭിക്കുന്നത് സാധാരണ സഭയിലെ ഉന്നതവ്യക്തികള്‍ക്കായിരുന്നു. എങ്കിലും ഈ പാവപ്പെട്ട വൈദികന്‍ ഫിലോമിനയുടെ പേര് സൂചിപ്പിച്ചില്ലെങ്കിലും കന്യകയും രക്തസാക്ഷിണിയുമായ ഒരു വ്യക്തിയുടെ തിരുശേഷിപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഭാനേതൃത്വം അവസാനം ഫിലോമിനയുടെ തിരുശേഷിപ്പാണ് അദ്ദേഹത്തിന് നല്‍കിയത്. വലിയ അത്ഭുതങ്ങളൊന്നും ആ വിശുദ്ധയുടെ പേരിലില്ലാത്തതിനാല്‍ അദ്ദേഹം അല്പം അശ്രദ്ധമായിട്ടാണെങ്കിലും നന്ദി പറഞ്ഞ് തിരികെ താമസസ്ഥലത്തെത്തി.
തിരികെയെത്തിയപ്പോള്‍ മോണ്‍സിഞ്ഞോര്‍ ബര്‍ത്തലോമിയോടു കൂടെയായിരിക്കുമ്പോള്‍ ഫാദര്‍ ഫ്രാന്‍ഞ്ചെസ്‌കോ ഒരു സ്വരം കേട്ടു. തന്നെ മുഞ്ഞാണോയിലേക്ക് കൊണ്ടുപോകണമെന്നും അവിടെ അനേകം കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്നുമാണ് ഒരു പെണ്‍കുട്ടി അദ്ദേഹത്തോട് മന്ത്രിച്ചത്. ആ ദിവസങ്ങള്‍ ഫാദര്‍ ഫ്രാന്‍ഞ്ചെസ്‌കോയ്ക്ക് ഗുരുതരമായ പനി ബാധിച്ചു. ഫിലോമിനയാണ് തന്നോട് സംസാരിച്ചതെങ്കില്‍ ഈ നിമിഷം എന്നെ സുഖപ്പെടുത്തണമെന്ന് ആദ്യമായി അദ്ദേഹം ഫിലോമിനയോട് പ്രാര്‍ത്ഥിച്ചു. ആ നിമിഷം തന്നെ ഫാദര്‍ ഫ്രാഞ്ചെസ്‌കോ സുഖം പ്രാപിച്ചു. അദ്ദേഹവും മോണ്‍സിഞ്ഞോര്‍ ബര്‍ത്തലോമിയോയുംകൂടി നന്ദിയോടെ ഫിലോമിനയുടെ തിരുശേഷിപ്പുകള്‍ മുഞ്ഞാണോയിലേക്ക് കൊണ്ടുപോയി. പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമായിരുന്നു ഫാദര്‍ ഫ്രാഞ്ചെസ്‌കോയുടെ ഇടവക ദേവാലയം. അവരുടെ യാത്രയില്‍ ഉടനീളം അത്ഭുതങ്ങള്‍ സംഭവിക്കുവാന്‍ തുടങ്ങി. ഫിലോമിന സജീവമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്. യാത്രാമധ്യേ അവര്‍ക്ക് രോഗിണിയായ ഒരു സ്ത്രീയുടെ ഭവനത്തില്‍ താമസിക്കേണ്ടിവന്നു. അവിടെവച്ചാണ് ഫിലോമിനയുടെ ഒരു മെഴുകുകൊണ്ടുള്ള രൂപം നിര്‍മ്മിക്കപ്പെടുന്നത്. രോഗിണിയായ ആ സ്ത്രീ ഈ രൂപത്തെ നോക്കിയപ്പോള്‍ അത് ജീവനുള്ളതായി മാറുന്നതുപോലെ അവള്‍ക്ക് തോന്നി. അതൊരു തോന്നലായിരുന്നില്ല. അടുത്ത നിമിഷങ്ങളില്‍ സകലരുടേയും സാക്ഷ്യത്തിനായി ആ സ്ത്രീ അത്ഭുതകരമായി സുഖം പ്രാപിക്കുകയും ചെയ്തു.
ഫിലോമിനയുടെ മാദ്ധ്യസ്ഥത്തിലൂടെ നടന്ന അത്ഭുതങ്ങള്‍ ഇറ്റലിയില്‍ മാത്രമല്ല ഫ്രാന്‍സിലേക്കും വ്യാപിച്ചു. അതില്‍ ഏറ്റവും പ്രശസ്തമായതാണ് പൗളിന്‍ ജാരിക്കോട്ടിന്റെ രോഗസൗഖ്യം. ഫ്രാന്‍സില്‍ വിശ്വാസസമൂഹത്തിന്റെ സ്ഥാപകയായിരുന്നു അവള്‍. ദൂരയാത്രചെയ്തുവരുന്ന അനേകര്‍ക്ക് വിശ്രമസ്ഥലമൊരുക്കിയിരുന്നത് പൗളിന്റെ ഭവനത്തിലായിരുന്നു. അങ്ങനെ അവിടെ താമസിച്ചിരുന്ന സന്യാസിയായ പിയര്‍ ഡി മഗല്ലനാണ് ആദ്യമായി അവര്‍ക്ക് ഫിലോമിനയുടെ ഒരു തിരുശേഷിപ്പ് നല്‍കുന്നത്. അതുപോലെ ആര്‍സിലെ ജോണ്‍ വിയാനിയുടെ പ്രസംഗങ്ങളില്‍നിന്നും ഫിലോമിനയെക്കുറിച്ച് പൗളിന്‍ ധാരാളമായി കേട്ടിരുന്നു. ഇറ്റലിയില്‍ ഫിലോമിന വളരെ പ്രശസ്തയായിരുന്നുവെങ്കിലും ഫ്രാന്‍സില്‍ അവളെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. വിശുദ്ധ ജോണ്‍ വിയാനിയും വാഴ്ത്തപ്പെട്ട പൗളിന്‍ ജാരിക്കോട്ടുമാണ് ഫ്രാന്‍സില്‍ ഫിലോമിനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് പ്രധാനമായ പങ്കുവഹിച്ചത്.
ഒരിക്കല്‍ പൗളിന് ഗുരുതരമായ രോഗം ബാധിച്ചു. മരണത്തിന്റെ വക്കിലെത്തിയ അവള്‍ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം മുഞ്ഞാണോയിലെ ഫിലോമിനയുടെ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിക്കുവാനുള്ള തീരുമാനമെടുത്തു. യാത്രാമധ്യേ പൗളിന്‍ പരിശുദ്ധ പിതാവിന്റെ ആശീര്‍വാദം സ്വീകരിക്കുവാന്‍ റോമില്‍ കുറച്ചുദിവസം തങ്ങുകയുണ്ടായി. അവളുടെ മരണസമയം അടുത്തുവെന്നു കണ്ട പരിശുദ്ധ പിതാവ് സ്വര്‍ഗത്തിലെത്തുമ്പോള്‍ തന്നെക്കൂടി ഓര്‍മ്മിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. മുഞ്ഞാണോയിലെത്തിച്ചേരുവാന്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പൗളിനും ആവശ്യപ്പെട്ടു. തിരികെ വരുമ്പോള്‍ പൂര്‍ണമായും സുഖപ്പെട്ട് കാണുകയാണെങ്കില്‍ ഫിലോമിനയെ വിശുദ്ധയായി പ്രഖ്യാപിക്കുമോ എന്നുള്ള പൗളിന്റെ ചോദ്യത്തിന് അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് വലിയ ഒരത്ഭുതമായിരിക്കുമെന്ന് പരിശുദ്ധ പിതാവ് മറുപടി നല്‍കുകയും ചെയ്തു. മുഞ്ഞാണോയിലെത്തിയപ്പോള്‍ അവള്‍ മരണത്തിന്റെ വക്കിലെത്തിയിരുന്നു. ഒരു സ്‌ട്രെച്ചറിലാണ് പൗളിനെ ദേവാലയത്തിലേക്ക് കൊണ്ടുപോയത്. സകലരും അവള്‍ക്കുവേണ്ടി ഫിലോമിനയുടെ മുന്‍പില്‍ മാദ്ധ്യസ്ഥം തേടി. കുറച്ചു ദിവസങ്ങള്‍ യാതൊന്നും സംഭവിച്ചില്ല.
എന്നാല്‍ ആഗസ്റ്റ് പത്താം തിയതി ദിവ്യകാരുണ്യ ആശീര്‍വാദസമയത്ത് പൗളിന്‍ സ്വയം മുട്ടിന്‍മേല്‍ നില്‍ക്കുവാന്‍ ശ്രമിച്ചു. അവള്‍ വീണുപോവുകയാണുണ്ടായത്. സകലരും നിലവിളിക്കുകയായിരുന്നു. പൗളിന്‍ ജീവന്‍ പോകുന്ന വേദനയാല്‍ പുളഞ്ഞു. പക്ഷെ അല്പസമയം കഴിഞ്ഞപ്പോള്‍ തന്റെ ബലഹീനമായ കാലുകളില്‍ പൗളിന്‍ എഴുന്നേറ്റുനിന്നു. പതിയെ ദേവാലയത്തിലൂടെ ചുവടുകള്‍ വച്ചു. അവള്‍ അത്ഭുതകരമായി സുഖം പ്രാപിച്ചു. ഫിലോമിന അവര്‍ക്കുവേണ്ടി മഹത്തായ ഒരത്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്ന വാര്‍ത്ത നാടുമുഴുവന്‍ പരന്നു. റോമിലേക്ക് അവള്‍ തിരികെ യാത്രയായി. ജനത്തിനിടയിലൂടെ നടന്നുവന്ന് തന്റെ മുന്‍പില്‍ മുട്ടുകുത്തിയ യുവതി പൗളിനാണെന്ന് പരിശുദ്ധ പിതാവിന് വിശ്വസിക്കാനായില്ല. ഗ്രിഗറി പതിനാറാമന്‍ പാപ്പയായിരുന്നുവത്. കന്യകയും രക്തസാക്ഷിണിയുമായ ഫിലോമിനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് അവള്‍ പിതാവിനെ ഓര്‍മ്മപ്പെടുത്തി. ഈ സൗഖ്യത്തെക്കുറിച്ച് വിശദമായി പഠിക്കുന്നതിന് ഒരു വര്‍ഷത്തോളം പരിശുദ്ധ പിതാവ് പൗളിനെ റോമില്‍ താമസിപ്പിച്ചു.
ആ അത്ഭുതം സംശയലേശമന്യേ സ്ഥിരീകരിക്കുകയും എല്ലാമെത്രാന്‍മാരും പരിശുദ്ധ പിതാവിനോട് ഇക്കാര്യത്തില്‍ യോജിച്ചതിനാല്‍, 1837 ല്‍ ഗ്രിഗറി പതിനാറാമന്‍ പാപ്പ ഫിലോമിനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. അവളുടെ വണക്കത്തിനായി ദിവ്യബലിയര്‍പ്പിക്കുവാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള ഒദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങിയത് 1837 ജനുവരി 30നാണ്. ആ വര്‍ഷം തന്നെ മാര്‍ച്ച് മാസത്തില്‍ അവളുടെ തിരുനാളും സ്ഥാപിക്കപ്പെട്ടു.ശ്മശാനത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ചരിത്രത്തിന്റെ പിന്‍ബലമില്ലാതെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ന്ന ഏക വിശുദ്ധയാണ് ഫിലോമിന. പൗളിന്‍ തിരികെയെത്തി വിയാനിയച്ചനോട് നടന്ന സംഭവങ്ങള്‍ മുഴുവന്‍ വിവരിച്ചു. വിയാനിയച്ചന്‍ അതിയായ സന്തോഷമാണ് പ്രകടിപ്പിച്ചത്. കാരണം സകലരുടേയും വിശ്വാസം വര്‍ദ്ധിപ്പിക്കുവാനുതകുന്ന രീതിയിലാണ് ഫിലോമിന അത്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നത്. താമസിയാതെ അദ്ദേഹം ഫിലോമിനയുടെ നാമത്തില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. അത്ഭുതങ്ങളും അടയാളങ്ങളും ആര്‍സില്‍ അനുദിനം നടന്നുകൊണ്ടിരുന്നു. എല്ലാ അത്ഭുതങ്ങള്‍ക്കും വിശുദ്ധനായ ജോണ്‍ വിയാനി വിരല്‍ ചൂണ്ടിയത് തന്റെ ഇഷ്ടവിശുദ്ധയായ ഫിലോമിനയിലേക്കാണ്.
വിയാനിയച്ചന്‍ പലപ്പോഴും രോഗിയായിരുന്നു. അവസാനം ഒരു ദിവസം കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുവാന്‍ വയ്യാത്തവിധം അദ്ദേഹം രോഗബാധിതനായി. മരണസമയമടുത്തപ്പോള്‍ അദ്ദേഹത്തിന് അന്ത്യകൂദാശകള്‍ നല്‍കപ്പെട്ടു. ഫിലോമിനയുടെ അള്‍ത്താരയില്‍ തനിക്കു വേണ്ടി ഒരു ബലിയര്‍പ്പിക്കണമെന്ന് അദ്ദേഹം സഹവൈദികരോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെ എല്ലാവരും താങ്ങിയെടുത്ത് ദേവാലയത്തിലേക്ക് കൊണ്ടുപോയി. ദേവാലയത്തിലെത്തിയപ്പോള്‍ മരണം സംഭവിക്കുന്നതുപോലെ അദ്ദേഹം വിറയ്ക്കുകയായിരുന്നു. എന്നാല്‍ ദിവ്യബലി തുടങ്ങിയപ്പോള്‍ സകലതും ശാന്തമായി. വിയാനിയച്ചന്‍ അത്ഭുതകരമായി സുഖം പ്രാപിച്ചു. കൂടെനിന്നിരുന്നവര്‍ ദിവ്യബലിമധ്യേ ഫിലോമിന എന്ന പേരുച്ചരിച്ചുകൊണ്ട് വിയാനിയച്ചന്‍ ആരോടോ സംസാരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. വ്യാകുലമാതാവിന്റെ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായ മദര്‍ ലൂയിസ് ഫിലോമിനയുടെ മാദ്ധ്യസ്ഥശക്തിയെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും അവളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് ആഗ്രഹിച്ചു.
1833 ആഗസ്റ്റ് മാസം അവര്‍ക്കൊരു അത്ഭുതകരമായ ദര്‍ശനമുണ്ടാവുകയും അതിലൂടെ ഫിലോമിനയുടെ ജീവിതത്തെക്കുറിച്ച് അത്ഭുതകരമായ വെളിപ്പെടുത്തലുകള്‍ ലഭിക്കുകയും ചെയ്തു. തന്നോട് ആരോ സംസാരിക്കുന്നത് പോലെയാണ് മദര്‍ ലൂയിസ് കേട്ടത്. ആ കഥ ഇപ്രകാരമാണ്. ''പ്രിയപ്പെട്ട സിസ്റ്റര്‍, ഞാന്‍ ഗ്രീസിലെ ചെറിയൊരു പ്രവിശ്യ ഭരിച്ചിരുന്ന രാജാവിന്റെ മകളാണ്. എന്റെ അമ്മയും രാജപരമ്പരയില്‍പെട്ടവളായിരുന്നു. എന്റെ മാതാപിതാക്കള്‍ക്ക് നാളുകളായി കുട്ടികളുണ്ടായിരുന്നില്ല. അവര്‍ വിഗ്രഹാരാധകരായിരുന്നു. തുടര്‍ച്ചയായ അവര്‍ അന്യദേവന്‍മാര്‍ക്ക് ബലിയര്‍പ്പിക്കുകയും അവരോട് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. റോമില്‍ നിന്നുവന്ന പബ്ലിയൂസ് എന്നുപേരുള്ള ഒരു വൈദ്യന്‍ കൊട്ടാരത്തില്‍ എന്റെ പിതാവിന്റെ സേവകനായുണ്ടായിരുന്നു. ഈ വൈദ്യന്‍ ക്രിസ്തുമതവിശ്വാസിയായിരുന്നു. എന്റെ മാതാപിതാക്കളുടെ വേദനകണ്ട് പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി ക്രിസ്തീയ വിശ്വാസത്തെപ്പറ്റി അവരോട് അദ്ദേഹം സംസാരിച്ചു. മാമ്മോദീസ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
പബ്ലിയൂസിന്റെ പ്രബോധനമനുസരിച്ച് അവര്‍ ക്രിസ്ത്യാനികളായിത്തീരുകയും നാളുകളായി തങ്ങള്‍ ആഗ്രഹിച്ചിരുന്ന ആ മഹാദാനം മാനസാന്തരത്തിന്റെ ഫലമായി സ്വന്തമാക്കുകയും ചെയ്തു. എന്റെ ജ്ഞാനസ്‌നാനസമയത്ത് അവരെനിക്ക് 'ഫിലോമിന' 'പ്രകാശത്തിന്റെ പുത്രി' എന്ന പേര് നല്‍കി. ഒരിക്കല് എന്റെ പിതാവിന് ദുഷ്ടനായ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ അടുക്കലേക്ക്, റോമിലേക്ക് തികച്ചും അന്യായമായ ഒരു യുദ്ധഭീഷണി തടയുന്നതിനായി എന്നെയും കൂട്ടി പോകേണ്ടതായി വന്നു. അന്നെനിക്ക് പതിമൂന്ന് വയസ്സായിരുന്നു. റോമിലെത്തിയപ്പോള്‍ ഡയോക്ലീഷനെ കാണുവാന്‍ അനുവാദം വാങ്ങി എന്റെ പിതാവ് ഒരു കൂടിക്കാഴ്ചക്കായി കാത്തിരുന്നു. ഡയോക്ലീഷന്‍ കടന്നുവന്നനേരംതന്നെ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്നിലുടക്കി. എന്റെ പിതാവ് ഒന്നൊന്നായി തന്റെ വാദമുഖങ്ങള്‍ നിരത്തിയെങ്കിലും ഡയോക്ലീഷന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല. വളരെ സങ്കടത്തോടെ എന്റെ പിതാവ് ഉണര്‍ത്തിച്ച കാര്യങ്ങള്‍ കേള്‍ക്കുന്നതിനെക്കാള്‍ മൃഗീയമായൊരു വികാരത്താല്‍ നിറഞ്ഞവനായി എന്നെ ശ്രദ്ധിക്കുകയായിരുന്നു ഡയോക്ലീഷന്‍. എന്റെ പിതാവ് സംസാരിച്ചുതീര്‍ന്നപ്പോള്‍ ഉല്ലാസം മാത്രം ആഗ്രഹിച്ചിരുന്ന ഡയോക്ലീഷന്‍ തന്നെ ശല്യപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കണ്ഠത്തില്‍ നിന്നുതിര്‍ന്ന വാക്കുകള്‍ ഇപ്രകാരമായിരുന്നു. ''രാജ്യത്തിന്റെ സര്‍വ്വസൈന്യത്തെയും ഞാന്‍ നിന്റെ മുന്‍പില്‍ നിരത്താം. ഞാന്‍ ചോദിക്കുന്നത് ഒന്നു മാത്രമാണ്; അത് മറ്റൊന്നുമല്ല നിന്റെ പുത്രിയെ എനിക്ക് വിവാഹം കഴിച്ച് നല്‍കുക!'' ഇത്ര വലിയൊരു ഭാഗ്യം എന്റെ പിതാവിനെപ്പോലെ ഒരു സാമന്തരാജാവിന് ലഭിക്കാനുണ്ടോ?.
സ്വപ്നം കാണുവാന്‍ പോലും സാധിക്കാത്ത ഈ വാഗ്ദാനത്തിന് മുന്‍പില്‍ എന്റെ പിതാവ് അവിടെവച്ചുതന്നെ ചക്രവര്‍ത്തിയുടെ ആഗ്രഹത്തിന് സമ്മതം മൂളുകയും ചെയ്തു. തിരികെ ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ എന്റെ പിതാവും മാതാവും ഡയോക്ലീഷന്റേയും അവരുടേയും ആഗ്രഹത്തിന് എന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ അവര്‍ക്കാവുന്നതെല്ലാം ചെയ്തു. ഞാന്‍ കരഞ്ഞുകൊണ്ട് ചോദിച്ചു. ''ഒരു മനുഷ്യനോടുള്ള സ്‌നേഹത്തെപ്രതി എന്റെ യേശുവിനോട് ഞാന്‍ ചെയ്ത വാഗ്ദാനം ലംഘിക്കണമെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്? എന്റെ കന്യകാത്വം യേശുവിനായി ഞാന്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എനിക്കത് നശിപ്പിക്കാനാവില്ല. മാത്രവുമല്ല വിവാഹം കഴിച്ചൊരു വ്യക്തിയാണ് ഡയോക്ലീഷന്‍.'' ''പക്ഷെ വ്രതമെടുത്തപ്പോള്‍ നീ വളരെ ചെറിയ കുട്ടിയായിരുന്നു. അത്തരമൊരു വാഗ്ദാനം നടത്തുവാന്‍ നിനക്ക് പ്രായമായിരുന്നില്ല.'' എന്റെ പിതാവ് പറഞ്ഞു. അദ്ദേഹം എന്നെ സാദ്ധ്യമായ എല്ലാ ഭീഷണികളിലൂടെയും ഡയോക്ലീഷനുമായുള്ള വിവാഹത്തിന് പ്രേരിപ്പിച്ചു. പക്ഷെ എന്റെ ദൈവത്തിന്റെ കൃപ എന്നെ സഹായിച്ചു. ചക്രവര്‍ത്തിക്ക് നല്‍കിയ വാഗ്ദാനം നിരസിക്കാനാവാതെ ഡയോക്ലീഷന്റെ ആജ്ഞപ്രകാരം എന്നെയുമായി എന്റെ പിതാവിന് ചക്രവര്‍ത്തിയുടെ സിംഹാസനത്തിനു മുന്‍പിലെത്തിച്ചേരേണ്ടിവന്നു. അവസാനം ഡയോക്ലീഷന് മുന്‍പിലെത്തുന്നതിന് മുന്‍പ് എന്റെ പിതാവ് തന്റെ അവസാനത്തെ ഭീഷണിയും പരിശ്രമങ്ങളും നടത്തുകയുണ്ടായി. അദ്ദേഹത്തോടൊപ്പം എന്റെ തീരുമാനം മാറ്റുന്നതിനായി അമ്മയും തനിക്കാവുന്നതുപോലെ എന്നോട് പെരുമാറി. സ്‌നേഹവും ഭീഷണിയും ശിക്ഷയും എല്ലാം അതിനായി അവര്‍ ഉപയോഗിച്ചു. അവസാനം എന്റെ മുന്‍പില്‍ താണുവണങ്ങി കണ്ണുനീരോടെ അവര്‍ ഉണര്‍ത്തിച്ചു. ''എന്റെ മകളേ , നിന്റെ പിതാവിന്റെയും മാതാവിന്റെയും രാജ്യത്തിന്റെയും പ്രജകളുടേയും മേല്‍ കരുണ തോന്നുക.'' ''ഇല്ല, ഇല്ല'', ഞാന്‍ മറുപടി പറഞ്ഞു.
''ദൈവത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട എന്റെ കന്യകാത്വം ഞാന്‍ ആര്‍ക്കും സമര്‍പ്പിക്കില്ല. വിശ്വാസികളായ നാം പാപത്തിന് കൂട്ടുനില്‍ക്കരുത്. എന്റെ വ്രതവാഗ്ദാനം നിങ്ങള്‍ക്കും നമ്മുടെ രാജ്യത്തിനും ഉപരിയാണ്. എന്റെ യഥാര്‍ത്ഥ രാജ്യം സ്വര്‍ഗമാണ്.'' എന്റെ വാക്കുകള്‍ അവരെ ദുഖത്തിലാഴ്ത്തി. അവരെന്നെ ചക്രവര്‍ത്തിയുടെ മുന്‍പിലെത്തിച്ചു. എന്നെ കൊന്നുകളയുവാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ എന്നെ വിവാഹം കഴിക്കുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചു. അദ്ദേഹവും തനിക്കാവുന്നതെല്ലാം എന്നെ വശത്താക്കുവാനായി ചെയ്തു. ഡയോക്ലീഷന്റെ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ഭീഷണികളും ഫലമണിഞ്ഞില്ല. പൈശാചികമായ ഒരു സ്വാധീനത്തില്‍പെട്ട് ക്രുദ്ധനായ ചക്രവര്‍ത്തി ചങ്ങലകളാല്‍ ബന്ധിച്ച് എന്നെ കൊട്ടാരത്തിലെ തുറങ്കിലടയ്ക്കുവാന്‍ ഉത്തരവിട്ടു. വേദനയും നിന്ദനവും കര്‍ത്താവിനോടുള്ള എന്റെ സ്‌നേഹം അവസാനിപ്പിക്കുമെന്ന് കരുതി എല്ലാദിവസവും അദ്ദേഹം എന്നെ സന്ദര്‍ശിക്കുമായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് പിന്നീട് എന്റെ ചങ്ങലകള്‍ അയച്ച് കുറച്ച് ബ്രഡും വെള്ളവും എനിക്ക് നല്‍കാന്‍ ചക്രവര്‍ത്തി ആജ്ഞാപിച്ചു. ശേഷം അദ്ദേഹം പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അവയില്‍ പലതും ദൈവകൃപ സഹായിച്ചിരുന്നില്ലെങ്കില്‍ എന്റെ ശുദ്ധത കവര്‍ന്നെടുക്കുവാന്‍ ഉപയുക്തമായിരുന്നു.
അദ്ദേഹത്തിനേല്‍ക്കേണ്ടി വന്ന തോല്‍വികള്‍ എനിക്കുള്ള പുതിയ പീഡനത്തിന്റെ വാതിലുകള്‍ തുറക്കുകയായിരുന്നു. പ്രാര്‍ത്ഥന എന്നെ ശക്തിപ്പെടുത്തി. ഈശോയ്ക്കും ദൈവമാതാവിനും എന്നെത്തന്നെ സമര്‍പ്പിക്കുന്നതില്‍ ഞാന്‍ ഒട്ടും വീഴ്ച വരുത്തിയില്ല. എന്റെ പീഡനത്തിന്റെ മുപ്പത്തേഴ് ക്രൂരമായ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു രാത്രിയില്‍ ദിവ്യകുമാരനേയും വഹിച്ചുകൊണ്ട് പരിശുദ്ധ അമ്മ എന്റെ അടുക്കല്‍ വന്നു. അമ്മ പറഞ്ഞു. ''എന്റെ മകളെ, മൂന്നുദിവസങ്ങള്‍ക്കൂടി നിനക്ക് തടവറയില്‍ വസിക്കേണ്ടി വരും. നാല്‍പതാം ദിവസം വേദനയുടെ ഈ സ്ഥലത്തുനിന്ന് നീ മോചിതയാകും.'' എന്റെ ഹൃദയം പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്താല്‍ നിറഞ്ഞു. എങ്കിലും മാലാഖമാരുടെ രാജ്ഞി തടവറയില്‍ നിന്നുള്ള എന്റെ മോചനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലേതിനെക്കാള്‍ ഭയാനകമായ രീതിയിലുള്ള പീഡനങ്ങള്‍ക്കാണെന്നറിഞ്ഞതോടുകൂടി ഞാന്‍ വേദന കൊണ്ട് പുളഞ്ഞു. അതെന്റെ മരണത്തിന് പോലും കാരണമാകുമെന്ന് ഞാന്‍ ഭയന്നു. അപ്പോള്‍ പരിശുദ്ധ അമ്മ എന്നോട് പറഞ്ഞു: ''എന്റെ കുഞ്ഞേ, ധൈര്യമായിരിക്കുക. എനിക്ക് നിന്നോടുള്ള പ്രത്യേകമായ സ്‌നേഹത്തെക്കുറിച്ച് നീയറിയുന്നില്ലേ? മാത്രമല്ല നിന്റെ ദൈവദൂതന്‍, എന്റെയും ദൈവദൂതനായിരുന്ന വിശുദ്ധ ഗബ്രിയേല്‍ നിന്റെ സഹായത്തിനണയും. അവന്റെ പേരിന്റെ അര്‍ത്ഥം തന്നെ ശക്തി എന്നാണല്ലോ. എന്റെ പ്രിയപ്പെട്ട മക്കളില്‍ ഒരാളെപ്പോലെ ഞാന്‍ നിന്നെ അവന്റെ പരിപാലനയ്ക്കായി പ്രത്യേകം ഏല്‍പിച്ചുകൊടുക്കും.'' കന്യകകളുടെ രാജ്ഞിയുടെ ഈ വാക്കുകള്‍ എനിക്ക് വീണ്ടും ശക്തി നല്‍കി. എന്റെ തടവറയെ സ്വര്‍ഗീയസുഗന്ധത്താല്‍ നിറച്ചുകൊണ്ട് ആ ദര്‍ശനം അവസാനിച്ചു.
ഈ ലോകത്തിനുപരിയായ ഒരു ആനന്ദം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു. അത് വാക്കുകള്‍ക്കൊണ്ട് വിവരിക്കാവുന്നതല്ല. മാലാഖമാരുടെ രാജ്ഞി എന്നോടു പറഞ്ഞ കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എനിക്കനുഭവിക്കാന്‍ സാധിച്ചു. തന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ലെന്ന് കണ്ട് പൊതുജനത്തിന് മുന്‍പില്‍വച്ച് എന്റെ വ്രതത്തിന്‍ ഭംഗം വരത്തക്കവിധം എന്നെ പീഡനത്തിന് വിധേയയാക്കാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. എന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് എന്നെ നഗ്നയാക്കി പ്രഹരിക്കുവാന്‍ അയാള്‍ ആജ്ഞാപിച്ചു. എന്നെ പൂര്‍ണമായും നഗ്നയാക്കുവാന്‍ പട്ടാളക്കാര്‍ കൂട്ടാക്കിയില്ലെങ്കിലും എല്ലാവരുടേയും മുന്‍പില്‍ ഒരു തൂണിനോട് ചേര്‍ത്ത് അവര്‍ എന്നെ ബന്ധിച്ചു. ക്രുദ്ധരായ പട്ടാളക്കാര്‍ ചോരയില്‍ കുളിക്കുന്നതുവരെ എന്നെ പ്രഹരിച്ചു. എന്റെ ദേഹമാസകലം വലിയൊരു മുറിവായി മാറി. എന്നാല്‍ എന്റെ ബോധം നശിച്ചില്ല. ദുഷ്ടനായ ആ മനുഷ്യന്‍ എന്നെ തിരികെ തടവറയിലേക്ക് വലിച്ചിഴച്ചു. ഞാന്‍ മരിച്ചുപോകുമെന്നാണവര്‍ കരുതിയത്. സ്വര്‍ഗീയവൃന്ദങ്ങളോട് അധികം താമസിയാതെ ചേരാമെന്ന് ഞാനും ആഗ്രഹിച്ചു. ആ അന്ധകാരത്തില്‍ പ്രകാശപൂരിതരായ രണ്ടു മാലാഖമാര്‍ എനിക്ക് പ്രത്യക്ഷരായി. അവരെന്റെ മുറിവുകളില്‍ ഒരു സ്വര്‍ഗീയതൈലമൊഴിച്ചു. അപ്പോള് പീഡനത്തിന് മുന്‍പുണ്ടായിരുന്നതിനെക്കാള്‍ ആഴമായ ഒരു ഉന്മേഷം എന്നില്‍ വന്നു നിറഞ്ഞു. എന്റെ ശരീരത്തിലുണ്ടായ മാറ്റത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ചക്രവര്‍ത്തി വീണ്ടും എന്നെ തന്റെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.
ദുഷ്ടമനസ്സോടെ വീണ്ടും അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വഴങ്ങണമെന്നും താന്‍ ജൂപ്പിറ്റര്‍ ദേവനോട് പറഞ്ഞതനുസരിച്ചാണ് എനിക്ക് സൗഖ്യം ലഭിച്ചതെന്നും അയാള്‍ വാദിച്ചു. മാത്രവുമല്ല ഞാന്‍ റോമിലെ ചക്രവര്‍ത്തിനിയാവണമെന്ന് ജൂപ്പിറ്റര്‍ ദേവന്‍ ആഗ്രഹിക്കുന്നതായും എന്നെ അറിയിച്ചു. എന്നാല്‍ എന്നിലേക്ക് എഴുന്നള്ളി വന്ന, എന്നെ ശുദ്ധത പാലിക്കുവാന്‍ സഹായിക്കുന്ന ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയില്‍ ഞാന്‍ പ്രകാശവും ജ്ഞാനവുമുള്ളവളാകുകയും എന്റെ വിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഡയോക്ലീഷനോ അവന്റെ അനുചരന്‍മാര്‍ക്കോ ഉത്തരം പറയാനാവാത്ത സത്യങ്ങള്‍ പ്രഘോഷിക്കുകയും ചെയ്തു. അവസാനം വിറളിപിടിച്ച ചക്രവര്‍ത്തി എന്റെ നേരെ പാഞ്ഞുവന്ന് എന്നെ ഒരു നങ്കുരത്തോട് ചേര്‍ത്ത് ബന്ധിച്ച് ടൈബര്‍ നദിയുടെ ആഴത്തിലേക്ക് വലിച്ചെറിയുവാന്‍ ഒരു പട്ടാളക്കാരനോട് ആജ്ഞാപിച്ചു. ഈ ആജ്ഞ നിറവേറ്റപ്പെടുകയുണ്ടായി. ഞാന്‍ നദിയില്‍ എറിയപ്പെട്ടു. എന്നാല്‍ രണ്ട് മാലാഖമാര്‍ വന്ന് നങ്കൂരത്തിന്റെ കെട്ടുകളഴിച്ചുവിട്ടു. നങ്കൂരം നദിയുടെ ആഴത്തിലേക്ക് പോയി. മാലാഖമാര്‍ എന്നെ വെള്ളത്തിന് മുകളിലൂടെ കരയ്‌ക്കെത്തിച്ചു. വലിയ ഭാരമുള്ള നങ്കൂരം ബന്ധിച്ച് കടലിലെറിഞ്ഞിട്ടും വളരെ സുരക്ഷിതമായി ഞാന്‍ കരയിലെത്തിയതിന് എല്ലാവരും സാക്ഷികളായിരുന്നു.
കരയില്‍ കാഴ്ചകണ്ടുനിന്നിരുന്ന അനേകര്‍ ഈ അത്ഭുതം കണ്ട് ക്രിസ്തുമതവിശ്വാസം സ്വീകരിക്കുകയും എന്റെ നാഥനെ അവരുടെ നാഥനും രക്ഷകനുമായി സ്വീകരിക്കുകയും ചെയ്തു. ഞാനൊരു മന്ത്രവാദിയായതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് ഡയോക്ലീഷന്‍ പ്രഖ്യാപിച്ചു. റോമിന്റെ തെരുവീഥികളിലൂടെ എന്നെ അദ്ദേഹം വലിച്ചിഴക്കുകയും ഒന്നിനുപിറകെ ഒന്നായി അമ്പെയ്ത് എന്നെ ദാരുണമായി മുറിവേല്‍പിക്കുകയും ചെയ്തു. ശരീരത്തുനിന്ന് രക്തം വാര്‍ന്നൊഴുകിയെങ്കിലും എന്റെ ബോധം മറഞ്ഞില്ല. ഞാന്‍ മരിക്കുകയാണെന്ന് തോന്നിയപ്പോള്‍ എന്നെ വീണ്ടും ഇരുട്ടറയിലടക്കുവാന്‍ ഡയോക്ലീഷന്‍ ആജ്ഞാപിച്ചു. അവിടെയും സ്വര്‍ഗം എന്റെ സഹായത്തിനെത്തി. ആനന്ദകരമായ ഒരു നിദ്രയിലൂടെ കടന്നുപോയ ഞാന്‍ ഉണര്‍ന്നപ്പോള്‍ പൂര്‍ണമായും സുഖപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഞാന്‍ സുഖപ്പെട്ടിരിക്കുന്നതായി ഡയോക്ലീഷന്‍ അറിഞ്ഞു. അദ്ദേഹം കല്‍പിച്ചു; ''അവളെ വീണ്ടും അമ്പെയ്യുക. ആ പീഡനത്തില്‍ അവള്‍ മരിക്കട്ടെ.'' അവര്‍ അദ്ദേഹത്തെ അനുസരിക്കുവാന്‍ ധൃതികൂട്ടി. എന്നാല്‍ അവരുടെ അമ്പുകള്‍ വളഞ്ഞുപോവുകയാണുണ്ടായത്. അവര്‍ക്കാവുന്നതെല്ലാം ചെയ്‌തെങ്കിലും എയ്തുവിടുന്ന അമ്പുകള്‍ അവരെ അനുസരിച്ചില്ല. അതു കാണുവാന്‍ ചക്രവര്‍ത്തിയും സന്നിഹിതനായിരുന്നു. ഞാനൊരു മന്ത്രവാദിനിയാണെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് എന്റെ മന്ത്രത്തിനുള്ള പ്രതിവിധി അഗ്നിയാണെന്ന് അയാള്‍ പ്രഖ്യാപിച്ചു. കൂര്‍ത്ത അമ്പുകള്‍ തീയില്‍ വച്ച് പഴുപ്പിച്ചതിനുശേഷം എന്റെ ഹൃദയത്തിന് നേരെ എയ്യുവാന്‍ അവരോട് ഡയോക്ലീഷന്‍ ആജ്ഞാപിച്ചു. എന്നാല്‍ ആ അമ്പുകള്‍ പാതിവഴി സഞ്ചരിച്ചതിനുശേഷം മടങ്ങിച്ചെന്ന് എയ്തവരുടെ ജീവന്‍ അപഹരിച്ചു. ആറു പട്ടാളക്കാരാണ് അവിടെ മരിച്ചു വീണത്.
കണ്ടുനിന്നവരില്‍ പലരും വിജാതീയമതം ഉപേക്ഷിച്ചു. പരസ്യമായി, എന്നെ സംരക്ഷിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിലുള്ള വിശ്വാസം അവര്‍ ഏറ്റുപറഞ്ഞു. ഈ സംഭവങ്ങളെല്ലാം ചക്രവര്‍ത്തിയെ വല്ലാതെ ക്രുദ്ധനാക്കി. അദ്ദേഹത്തിന്റെ പ്രജകളില്‍ പലരും ക്രിസ്തുമതവിശ്വാസം സ്വീകരിക്കുന്നത് അദ്ദേഹത്തിന് സഹിക്കാനായില്ല. എന്റെ ശിരസ്സുഛേദിച്ച് എന്നെ എങ്ങനെയെങ്കിലും വധിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. അങ്ങനെ എന്റെ ആത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു. എന്റെ സ്വര്‍ഗീയമണവാളന്‍ എനിക്ക് കന്യകാത്വത്തിന്റെ കിരീടവും രക്തസാക്ഷിത്വത്തിന്റെ കുരുത്തോലയും തിരഞ്ഞെടുക്കപ്പെട്ടവരുടെയിടയില്‍ മഹനീയ സ്ഥാനവും നല്‍കി ആദരിച്ചു. എനിക്ക് അതിയായ സന്തോഷം നല്‍കിയ ആ ദിവസം ഒരു വെള്ളിയാഴ്ചയായിരുന്നു. എന്റെ ദിവ്യനാഥന്‍ ജീവന്‍ വെടിഞ്ഞ വൈകുന്നേരം മൂന്നുമണിയായിരുന്നു സമയം. ഫിലോമിനയുടെ ജീവിതത്തെക്കുറിച്ചുള്ള ഈ വിവരണത്തോടൊപ്പം മുഞ്ഞാണോയിലേക്ക് ഫിലോമിനയുടെ തിരുശേഷിപ്പുകള്‍ കൊണ്ടുവരുവാനുണ്ടായ ദിവസം ആഗസ്റ്റ് പത്തായി ക്രമീകരിച്ചതും ദൈവത്തിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് ആ സ്വരം സിസ്റ്റര്‍ ലൂയിസയോട് പറഞ്ഞു. മറ്റൊരു ദിവസമായിരുന്നു അതിന് നിശ്ചയിച്ചിരുന്നത് . എന്നാല്‍ പിന്നീട് അത് ആഗസ്റ്റ് പത്താക്കി മാറ്റുകയായിരുന്നുവെന്ന സത്യം ആര്‍ക്കും അറിവില്ലായിരുന്നു. ഈ അറിവുകള്‍ ചരിത്രപരമായി വളരെ യാഥാര്‍ത്ഥ്യമുള്ളതായിരുന്നു. അത്ഭുതങ്ങളുടെ പിന്‍ബലത്തോടെ ഫിലോമിന ജനഹൃദയങ്ങളില്‍ ഇന്നും മഹനീയമായ ഒരു സ്ഥാനം അലങ്കരിച്ചിരിക്കുകയാണ്.
അസാധ്യമെന്ന് കരുതുന്ന ഏതൊരു കാര്യവും ഫിലോമിനയുടെ മാദ്ധ്യസ്ഥത്തിനായി സമര്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്. അവളുടെ വ്യത്യസ്തവും അത്ഭുതകരവുമായ ഇടപെടല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ദര്‍ശിക്കാനാവും. സഹനത്തിന്റേയും പീഡനങ്ങളുടേയും മദ്ധ്യേ കടന്നുപോകുന്നവര്‍ക്ക് വലിയൊരു സമ്മാനം ദൈവം സ്വര്‍ഗത്തില്‍ കരുതിവെച്ചിട്ടുണ്ട്. ദൈവം നിങ്ങളെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
വിശുദ്ധ ഫിലോമിന, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ

No comments:

Post a Comment