Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Thursday, September 22, 2016

ലുവെയ്‌നിലെ വി. ആല്‍ബര്‍ട്ട്

ലുവെയ്‌നിലെ വി. ആല്‍ബര്‍ട്ട്
(1166-1202)
 
ഇന്നത്തെ ബെല്‍ജിയത്തിന്റെയും ഹോളണ്ടിന്റെയും ഭാഗങ്ങള്‍ ചേര്‍ന്ന ബ്രബന്റ് എന്ന പ്രവിശ്യയുടെ ഡ്യൂക്കായിരുന്ന ഗോഡ്ഫ്രി മൂന്നാമന്റെ മകനായിരുന്നു ആല്‍ബര്‍ട്ട്. പന്ത്രണ്ടാം വയസില്‍ ബെല്‍ജിയത്തിലെ ലിജെയുടെ കാനോനായി ആല്‍ബര്‍ട്ട് നിയമിതനായി. എന്നാല്‍ ആ നിയമനം മതപരമായിരുന്നുവെന്ന് പറയുക വയ്യ. കൃത്യമായ ശമ്പളം ലഭിക്കുന്ന ഒരു പദവിയായിരുന്നു അത് എന്നതിനാല്‍ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ആല്‍ബര്‍ട്ട് നിയമിക്കപ്പെടുകയായിരുന്നു. 21-ാം വയസു വരെ ആല്‍ബര്‍ട്ട് ആ പദവിയില്‍ തുടര്‍ന്നു.
പിന്നീട് അദ്ദേഹം ഹായ്‌നോള്‍ട്ടിലെ കൗണ്ടായിരുന്ന ബാള്‍ഡ്വിന്‍ അഞ്ചാമന്റെ കൊട്ടാരത്തില്‍ നൈറ്റ് സ്ഥാനത്ത് അവരോധിക്കപ്പെട്ടു. അക്കാലത്ത് യൂറോപ്പിലെ ദേശങ്ങളില്‍ കുലീനകുടുംബസ്ഥരായ ആളുകളായിരുന്നു നൈറ്റ് എന്ന സൈനിക പദവിയില്‍ നിയമിക്കപ്പെട്ടിരുന്നത്. ആല്‍ബര്‍ട്ടിന്റെ ജന്മനാടായിരുന്ന ബ്രബന്റിന്റെ ശത്രുരാജ്യമായിരുന്നു ഹായ്‌നോള്‍ട്ട്.ഇക്കാലത്ത് അദ്ദേഹത്തിനു യുദ്ധത്തിലും ഭൗതികനേട്ടങ്ങളിലുമുള്ള താത്പര്യം മെല്ലെ മെല്ലെ കുറയുകയും മാനസികമായി ദൈവത്തോട് അടുക്കുകയും ചെയ്തു. തന്റെ ജോലി രാജിവച്ച ശേഷം അദ്ദേഹം തിരികെ ലീജെയിലെത്തി കാനോനായി ചുമതലയേറ്റു. പന്ത്രണ്ടാം വയസില്‍ രാഷ്ട്രീയ സ്വാധീനത്താല്‍ കയറിപ്പറ്റിയ പദവിയില്‍ ദൈവപ്രേരണയാല്‍ അദ്ദേഹം മടങ്ങിയെത്തി. ബ്രബന്റിലെ ദേവാലയത്തിന്റെ ഭരണാധികാരിയായും പിന്നീട് ആര്‍ച്ച്ഡീക്കനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1191 ല്‍ തന്റെ ഇരുപത്തിയഞ്ചാം വയസില്‍ അദ്ദേഹം ലീജെയുടെ ബിഷപ്പായി നിയമിക്കപ്പെട്ടു.എന്നാല്‍, റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹെന്റി ആറാമന്റെ രാജ്ഞിയുടെ ബന്ധുവായ മറ്റൊരാളും ലീജെയിലെ ബിഷപ്പാകാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ചക്രവര്‍ത്തി ലൊതെയര്‍ എന്നൊരു മൂന്നാമനെ ബിഷപ്പായി നിയമിച്ചു. ആല്‍ബര്‍ട്ട് മാര്‍പാപ്പയുടെ സമീപം പരാതി പറഞ്ഞു. പോപ് ഇടപെട്ട് ആല്‍ബര്‍ട്ടിന് അധികാരം നല്‍കിയെങ്കിലും ചക്രവര്‍ത്തിയുടെ പിന്തുണയുണ്ടായിരുന്ന ലൊതെയര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നു മാറാന്‍ തയാറായില്ല. കൊളോണിലെ ആര്‍ച്ച് ബിഷപ്പായിരുന്നു ബ്രൂണോയായിരുന്നു ആല്‍ബര്‍ട്ടിനു ബിഷപ്പ് പദവി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ചക്രവര്‍ത്തിയെ ഭയന്ന് അദ്ദേഹം അതിനു തയാറായില്ല. തുടര്‍ന്ന് റീംസിലെ ആര്‍ച്ച് ബിഷപ്പായ വില്യംസ് ആല്‍ബര്‍ട്ടിനു വൈദികപട്ടം നല്‍കുകയും ബിഷപ്പ് പദവിയില്‍ അവരോധിക്കുകയും ചെയ്തു.

ആല്‍ബര്‍ട്ട് ഈ പ്രശ്‌നങ്ങളിലൊക്കെയും ശത്രുതാമനോഭാവമോ പിണക്കമോ കാണിച്ചില്ല. പക്ഷേ, പോപ്പിന്റെ തീരുമാനങ്ങളാണ് പ്രാവര്‍ത്തികമാകേണ്ടത് എന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. പ്രശ്‌നത്തിനു പരിഹാരം കാണുവാന്‍ അനുരഞ്ജനത്തിന്റെ മാര്‍ഗങ്ങളിലൂടെ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, എതിര്‍പക്ഷം പ്രശ്‌നപരിഹാരത്തിനു അവരുടെതായ വഴി കണ്ടെത്തിയിരുന്നു. ചക്രവര്‍ത്തിയുടെ രഹസ്യസേനയിലെ അംഗങ്ങള്‍ വഴിയിരികില്‍ വച്ച് ആല്‍ബര്‍ട്ടിനെ കുത്തികൊലപ്പെടുത്തി. വെറും രണ്ടുമാസം മാത്രം മെത്രാനായി ഇരുന്ന ആല്‍ബര്‍ട്ട് ഒടുവില്‍ മരണത്തിനു കീഴടങ്ങി.

🍂 "വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"🍃⁠⁠⁠⁠

പ്രാർഥന
കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാൻ ആരെ ഭയപ്പെടണം. കർത്താവ് എന്റെ ജീവന്റെ കോട്ടയാണ്. ഞാൻ ആരെ പേടിക്കണം, കർത്താവെ അങ്ങയുടെ മുഖം എന്നിൽ നിന്ന് മറച്ച് പിടിക്കരുതേ..... കർത്താവേ എന്റെ യാചന കേട്ട് എന്നോട് കരുണ തോന്നണമേ .. കർത്താവേ അവിടുന്ന് എന്നെ സഹായിക്കണമേ
 ആമേൻ

കടപ്പാട് ..അനുദിന വിശുദ്ധർ

No comments:

Post a Comment