വിശുദ്ധ ക്ലാര
വിശുദ്ധ ക്ലാര |
അനുദിന പ്രാര്‍ത്ഥനാ ഗ്രന്ഥത്തില്‍ വിശുദ്ധയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയെ അനുകരിച്ചു കൊണ്ട്, അവള്‍ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. ഈ ലോകത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും അകന്ന്‍ ഗ്രാമപ്രദേശത്തുള്ള ഒരു ദേവാലയത്തില്‍ താമസിക്കുകയും ചെയ്തു. അവിടെ വെച്ച് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തന്നെ അവളുടെ മുടി മുറിച്ചു കളയുകയും 1212 മാര്‍ച്ച് 18-ന് അവള്‍ക്ക് സഭാ വസ്ത്രം നല്‍കുകയും ചെയ്തു. അപ്പോള്‍ അവള്‍ക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം. പിന്നീട് അവള്‍ വിശുദ്ധ ഡാമിയന്റെ ദേവാലയത്തിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ദൈവം അവള്‍ക്ക് കുറച്ചു പുണ്യവതികളായ സഹചാരികളെ നല്‍കി.
തുടര്‍ന്ന് വിശുദ്ധ ഫ്രാന്‍സിസിന്റെ ഉപദേശത്തില്‍ അവള്‍ ഒരു സന്യാസിനീ സമൂഹത്തിനു രൂപം നല്‍കുകയും അവരുടെ സുപ്പീരിയര്‍ ആയി വര്‍ത്തിക്കുകയും ചെയ്തു. ഏതാണ്ട് 42 വര്‍ഷത്തോളം വിശുദ്ധ സഹ കന്യാസ്ത്രീകളെ വളരെയേറെ ഉത്സാഹത്തോടും വിവേകത്തോടും കൂടി നയിച്ചു. ഇന്നസെന്റ് നാലാമന്‍ പാപ്പായുടെ സമ്മതത്തോടു കൂടി പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റെതായ ജീവിതമായിരുന്നു വിശുദ്ധയും അവളുടെ സന്യാസിനി സമൂഹവും നയിച്ചു വന്നിരുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയെ പരിപൂര്‍ണ്ണമായും പിന്തുടരുകയായിരുന്നു വിശുദ്ധ ചെയ്തിരുന്നത്.
ഏതാണ്ട് നാല്‍പ്പത്തി രണ്ട് വര്‍ഷത്തോളം തന്റെ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ച വിശുദ്ധ, ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്ന സന്യാസിനീ സമൂഹത്തിനു രൂപം നല്‍കി. ക്ലാരയുടെ മരണശേഷം, അവർ സ്ഥാപിച്ച സന്യാസിനീസമൂഹം അവരുടെ ബഹുമാനാർത്ഥം "വിശുദ്ധ ക്ലാരയുടെ സഭ" എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. ഇപ്പോൾ ആ സമൂഹം "പാവപ്പെട്ട ക്ലാരമാർ" (Poor Clares) എന്ന പേരിലും അറിയപ്പെടുന്നു. ഈ സന്യാസിനീ സമൂഹത്തിന്റെ നിയമാവലിയും വിശുദ്ധ തന്നെയായിരുന്നു തയ്യാറാക്കിയിരുന്നത്. നഗ്നപാദരായി നടക്കുക, വെറും നിലത്ത് കിടക്കുക തുടങ്ങി മറ്റുള്ള സന്യാസിനീ സമൂഹങ്ങളില്‍ നിന്നും വളരെ കര്‍ക്കശമായ ജീവിതമായിരുന്നു ഈ സന്യാസിനികള്‍ പാലിച്ചു വന്നിരുന്നത്. ദാരിദ്ര്യമായിരുന്നു അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം.
ഒരിക്കല്‍ സാരസെന്‍സ്, വിശുദ്ധയുടെ കോണ്‍വെന്റിനെ ആക്രമിക്കുവാന്‍ തയ്യാറെടുപ്പുകളുമായി വന്നു. രോഗിണിയായിരുന്ന വിശുദ്ധ തന്റെ കയ്യില്‍ ദിവ്യകാരുണ്യം അടങ്ങിയ പാത്രവും വഹിച്ചു കൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്റെ കര്‍ത്താവേ, നിന്നെ സ്തുതിക്കുന്നവരുടെ ആത്മാക്കളെ ആ മൃഗങ്ങളുടെ കയ്യില്‍ ഏല്‍പ്പിക്കരുതേ. നിന്റെ അമൂല്യമായ രക്തത്താല്‍ നീ ഞങ്ങളെ വീണ്ടെടുത്തുവല്ലോ, അതിനാല്‍ നിന്റെ ഈ ദാസികളെ സംരക്ഷിക്കണമേ” വിശുദ്ധ ഇപ്രകാരം പ്രാര്‍ത്ഥിച്ചപ്പോള്‍ ‘എപ്പോഴും നിങ്ങളെ സംരക്ഷിക്കും” എന്നൊരു സ്വരം കേട്ടു. തുടര്‍ന്ന് സാരസെന്‍സ് ഓടിപോവുകയുണ്ടായി.
ഏതാണ്ട് 27 വര്‍ഷങ്ങളോളം രോഗത്താല്‍ പീഡിതയായിരുന്നു വിശുദ്ധ. 1253 ഓഗസ്റ്റ് 11-നാണ് വിശുദ്ധ മരണപ്പെടുന്നത്. മരണത്തിനു രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു. പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍ ജീവിച്ചിരുന്ന വിശുദ്ധ ഫ്രാന്‍സിസിന്റെ പൂന്തോട്ടത്തില്‍ വിരിഞ്ഞ പുഷ്പമായിരുന്നു വിശുദ്ധ ക്ലാര. ലോകത്തിന്റെ ഭൗതീക വസ്തുക്കളില്‍ ദരിദ്രയും, എന്നാല്‍ തന്റെ സമ്പൂര്‍ണ്ണ ദാരിദ്ര്യത്തില്‍ സമ്പന്നയുമായിരുന്നു വിശുദ്ധ. പുല്‍ത്തൊട്ടി മുതല്‍ കുരിശു വരെ ദരിദ്രനായിരുന്ന യേശുവിന്റെ ഒരു ഉത്തമ മാതൃകയെന്നും വിശുദ്ധയെ വിശേഷിപ്പിക്കാം. ക്രിസ്തീയ ദാരിദ്ര്യത്തില്‍ ആത്മീയത കണ്ടെത്തുവാന്‍ വിശുദ്ധ ക്ലാരയുടെ മാതൃക നമ്മെ സഹായിക്കും.
No comments:
Post a Comment