Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Thursday, September 22, 2016

വിശുദ്ധ ഡാമിയൻ

വിശുദ്ധ ഡാമിയൻ (ഫാ. ഡാമിയൻ)
വിശുദ്ധ ഡാമിയൻ (ഫാ. ഡാമിയൻ)



ചെറുപ്പം മുതലേ ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും വളർന്നു വന്ന കുട്ടിയാണു ജെഫ്. വളരെ ചെറുപ്പത്തിൽ ഒരു തെറ്റു ചെയ്തു മാതാപിതാക്കളെ വേദനിപ്പിച്ചതിനു പരിഹാരമായി, ആ ദിവസം മുഴുവൻ ഇടവകദൈവാലയത്തിൽ, അനുതാപജന്യമായ ഹൃദയത്തോടെ, മുട്ടിന്മേൽ നിന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കൂട്ടുകാരെല്ലാവരുംകൂടെ സ്‌കൂളിൽ പോകുംവഴി ഒരു ദിവസം ഒരു പാവപ്പെട്ട മനുഷ്യൻ അവരോടു പറഞ്ഞു: എനിക്കു വല്ലാതെ വിശക്കുന്നു;  എന്തെങ്കിലും ഭക്ഷിക്കാൻ തരൂ. ഞങ്ങളുടെ കയ്യിലൊന്നുമില്ലെന്നു മറ്റു കൂട്ടുകാർ പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ജെഫ്, തന്റെ സഞ്ചി തുറന്ന്, അമ്മ അതിൽ വച്ചിരുന്ന ഭക്ഷണമെടുത്ത്, അദ്ദേഹത്തിന് കൊടുത്തു.

പഠിച്ചുകൊണ്ടിരിക്കുമ്പോൾ കൂടിയ ഒരു ധ്യാനത്തിൽ വച്ച് ഒരു വൈദികനാകണമെന്ന ആഗ്രഹം ജെഫിനുണ്ടായി. സമയം കിട്ടിയപ്പോഴെല്ലാം കപ്പേളയിൽ പോയി അവൻ ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു. എന്റെ ഈശോയെ എന്നെക്കുറിച്ചുള്ള അങ്ങയുടെ തിരുഹിതം എനിക്കു വെളിപ്പെടുത്തിതരണമേ!’. വൈദികനാകാനുള്ള വിളിയാണു തനിക്കുള്ളതെന്നു വെളിപ്പെട്ടുകിട്ടിയപ്പോൾ അക്കാര്യം അവൻ മാതാപിതാക്കളെ അറിയിച്ചു. അവൻ ഒരു വ്യാപാരിയാകണമെന്നായിരുന്നു അപ്പന്റെ ആഗ്രഹം. പക്ഷെ, ജഫിന്റെ തീരുമാനം വളരെ ഉറച്ചതായിരുന്നുവെന്ന് അവന്റെ അമ്മയ്ക്കു ബോധ്യമായി.

അപ്പന്റെ അനുവാദത്തോടെ മാത്രമേ വൈദികനാകാൻ പോകൂ എന്നു ജെഫ് പറഞ്ഞപ്പോഴും, തന്റെ ആഗ്രഹം പരിശുദ്ധാത്മാവിനാൽ പ്രചോദിതമാണെന്ന് അവൻ വ്യക്തമാക്കി. അപ്പന്റെ നിർബന്ധബുദ്ധി കണ്ടപ്പോൾ അവൻ ചോദിച്ചു: ദൈവതിരുമനസ്സിനെ മറുതലിക്കുന്നതു ശരിയാണെന്ന് അപ്പനു തോന്നുന്നുണ്ടോ?’. അവന്റെ തീരുമാനം ഉറച്ചതാണെന്നു ബോധ്യമായപ്പോൾ ആ പിതാവ് അവനെ കൂട്ടി മകൻ ഫാ.പാംഫിലിനെ സമീപിച്ചു. ദൈവവിളിയില്ലെങ്കിൽ ജെഫ് വേഗം തിരിച്ചുപോരുമെന്നും, ഉണ്ടെങ്കിൽ അതു തടയരുതെന്നും അച്ചൻ അപ്പനോടു പറഞ്ഞു. ജെഫ് വ്യക്തമാക്കി: ദൈവത്തിന്റെ വിളിയെക്കുറിച്ച് എനിക്കു തെല്ലും  സംശയമില്ല. ഇങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ അപ്പൻ മകനെ ആലിംഗനം ചെയ്തു മൗനാനുവാദം നല്കി.


ഉടനെ, കുരിശുരൂപത്തിനു മുമ്പിൽ തിരികത്തിച്ചുവച്ച് ജെഫ് പറയുന്നു: കർത്താവേ, ഇതാണ് എന്നെക്കുറിച്ചുള്ള അവിടുത്തെ തിരുഹിതമെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ കരങ്ങളിലേക്ക് എന്നെ ഞാൻ സമർപ്പിക്കുന്നു. പിതാവു ഫ്രാങ്കോ അവനെ സെമിനാരിയിലാക്കിയിട്ടാണു മടങ്ങിപ്പോന്നത്. സെമിനാരി നിയമപ്രകാരം, ഒരു അർത്ഥി തന്റെ മാമ്മോദീസാ പേരു(ജോസഫ്-ജെഫ്) മാറ്റി ഒരു പുതിയ പേരു സ്വീകരിക്കണമായിരുന്നു. ഡാമിയൻ എന്ന പേരാണു ജെഫ് സ്വീകരിച്ചത്.


വർഷങ്ങൾ കടന്നു പോകുന്നു. എല്ലാ ദിവസവും വി.ഫ്രാൻസിസ് സേവ്യറിന്റെ രൂപത്തിന്റെ മുമ്പിൽ ഡാമിയൻ ഭക്തിപൂർവ്വം പ്രാർത്ഥിച്ചിരുന്നു. തീക്ഷ്ണതയുള്ള ഒരു മിഷനറി ആകാൻ ആ പുണ്യവാന്റെ മാദ്ധ്യസ്ഥം ലഭിക്കാനാണ് അവൻ അപ്രകാരം ചെയ്തത്.


ഡാമിയൻ പരിശീലനത്തിലായിരുന്ന കാലത്ത്, അവരുടെ സഭയിലെ നവവൈദികർ ഹവായി ദ്വീപിൽ പോയി. മിഷനറി പ്രവർത്തനം നടത്തണമെന്നൊരു തീരുമാനമുണ്ടായി. ഡാമിയന്റെ സഹോദര വൈദികൻ പാംഫിൽ അവരിലൊരാളായിരുന്നു. തനിക്കും മിഷനു പോകണമെന്നു ഡാമിയൻ സഹോദരനോടു പറഞ്ഞു. ദൈവം കൃത്യസമയത്തു തന്റെ തിരുഹിതം വെളിപ്പെടുത്തിത്തരുമെന്നു ജ്യേഷ്ഠൻ അനുജനെ അനുസ്മരിപ്പിച്ചു. പ്രഥമ ഗ്രൂപ്പു വൈദികർക്കു ഹവായിക്കു പോകാൻ സമയമായപ്പോൾ, ഡാമിയന്റെ സഹോദരൻ പാംഫിൽ രോഗബാധിതനായി കിടപ്പിലായി.

തന്റെ സഹോദരനു പകരം തന്നെ മിഷന് അയയ്ക്കണമെന്നു ഡാമിയൻ അധികാരികളോട് അഭ്യർത്ഥിച്ചു. മിഷനറി പ്രവർത്തനം ഏറെ ബുദ്ധിമുട്ടുള്ളതാണെന്നും വൈദികനാകുന്നതിനു മുമ്പുതന്നെ പോകുന്നതു കൂടുതൽ ബുദ്ധിമുട്ടുളവാക്കുമെന്നും സ്ഥലം സുപ്പീരിയർ ഡാമിയനു മുന്നറിയിപ്പു നല്കി. ഇതിനിടെ ഫ്രാൻസിൽ നിന്നുള്ള അനുവാദം ഡാമിയനു ലഭിച്ചു. ബുദ്ധിമുട്ടുകൾ നന്നായി അറിയാമെന്നും ഫ്രാൻസിൽ നിന്ന് അനുവാദം ലഭിച്ചതിന് ദൈവത്തോട് വളരെയേറെ നന്ദിയുണ്ടെന്നും ഡാമിയൻ സ്ഥലം അധികാരിയോടു പറഞ്ഞു. ഡാമിയന്റെ അമ്മയ്ക്കും മകന്റെ തീരുമാനത്തെക്കുറിച്ച് ഏറെ ആകുലതകളായിരുന്നു. ദൈവം വേണ്ടതെല്ലാം ക്രമീകരിച്ചു തരുമെന്ന് അവൻ അമ്മയെ ആശ്വസിപ്പിച്ചു.

മിഷനറി സംഘം ഹവായി ദ്വീപിലേക്കു യാത്ര പുറപ്പെട്ടു. യാത്രാമധ്യേ ഒരു വലിയ കൊടുങ്കാറ്റു കപ്പലിൽ ആഞ്ഞടിച്ചു. വിശ്വാസത്തിൽ സ്ഥിരതയോടെ നിന്നു പ്രാർത്ഥിക്കാൻ ഡാമിയൻ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. കപ്പലിലുണ്ടായിരുന്നവരെല്ലാം കണ്ണീരോടെ തീക്ഷ്ണമായി പ്രാർത്ഥിച്ചു. കൊടുങ്കാറ്റു ശമിച്ചു. അഞ്ചുമാസങ്ങൾക്കുശേഷം, കപ്പൽ ഹവായി ദ്വീപിലടുത്തു.

ഒരു അന്ധയായ കുട്ടിയെ കണ്ടുമുട്ടാൻ ഡാമിയന് ഇടയായി. ആ കൊച്ചു പെൺകുട്ടിയോട് ആ ദീനദയാലുവിന് അലിവു തോന്നി. എന്തു സംഭവിച്ചെന്നു ചോദിച്ചപ്പോൾ, അവൾ മൗനമായിരുന്നതേയുള്ളൂ. നിർബന്ധിച്ചു ചോദിച്ചപ്പോൾ കുട്ടിയുടെ സഹോദരൻ വെളിപ്പെടുത്തി: അവൾ പഴം തിന്നതിനു ശിക്ഷിക്കപ്പെട്ടതാണ്. ഡാമിയന് അത്ഭുതമായി; ഒപ്പം കഠിന ദുഃഖവും. വിശദാംശങ്ങൾ അന്വേഷിച്ചപ്പോൾ സഹോദരൻ പറഞ്ഞു: ഇവിടെ സ്ത്രീകൾക്കു ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ അനുവാദമില്ല. അന്ധവിശ്വാസങ്ങളുടെ പേരിൽ അവിടെ സ്ത്രീകൾക്കു പല പ്രയാസങ്ങളും സഹിക്കേണ്ടി വരുന്നുവെന്നു ഡാമിയനു മനസ്സിലായി. നരബലിപോലും അവിടെ നിലനിന്നിരുന്നു.

തങ്ങളെ സമീപിച്ച കുറെ ആളുകളോടു ഡാമിയൻ വ്യക്തമായി പറഞ്ഞു: ജീവിക്കുന്ന ദൈവത്തെക്കുറിച്ചു നിങ്ങളോടു പറയാനാണു ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. പല ദൈവങ്ങളോടും തങ്ങൾ പ്രാർത്ഥിക്കുമെന്ന് അവർ സമ്മതിച്ചു. നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങൾക്കുവേണ്ടി മരിക്കുകയും ചെയ്ത ഒരു ദൈവത്തെയാണു ഞങ്ങൾ വെളിപ്പെടുത്തുന്നത്. ‘അവിടന്ന് ആരാണ?’ അവർ താല്പര്യപൂർവ്വം തെരക്കി. ആ താല്പര്യത്തിന്റെ പിൻബലത്തിൽ ആ ഹതഭാഗ്യരുടെ ഇടയിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് ഡാമിയനും ഫാ. ക്ലെമന്റും ഏറ്റം തീക്ഷ്ണതയോടെ, പ്രവർത്തിച്ചുതുടങ്ങി.

ഹാവായി ദ്വീപിലെ മിഷൻ പ്രവർത്തനം ഒട്ടും എളുപ്പമായിരുന്നില്ല. ദിവ്യബലിയർപ്പണത്തിന് ഒരു കുഞ്ഞുപള്ളിപോലും അവിടെയെങ്ങും ഉണ്ടായിരുന്നില്ല. ജനങ്ങൾക്ക് അതിലൊട്ടു താല്പര്യവുമില്ലായിരുന്നു. എങ്കിലും ഡാമിയനു ശുഭാപ്തിവിശ്വാസത്തിന് ഒരു കുറവുമില്ലായിരുന്നു. ഇതെല്ലാം മാറുമെന്നും ജനങ്ങൾ ഈശോയിലേക്കു വരുമെന്നും അദ്ദേഹം ഫാ.ക്ലെമന്റിനോടു പറയുമായിരുന്നു. ഒരിക്കൽ ഒരു ഗണം പുരുഷന്മാർ മദ്യപിക്കുന്നതുകണ്ട് ഡാമിയൻ ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച്, അവരെ സമീപിച്ചു. താൻ അവരുടെ സുഹൃത്താണെന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. നിങ്ങൾ മദ്യപാനത്തിൽ തുടരുകയാണെങ്കിൽ അതു നിങ്ങൾക്കു കൂടുതൽ ദുഃഖകരമായിരിക്കും ഉളവാക്കുക; അദ്ദേഹം അവരോടു പറഞ്ഞു. ഞങ്ങളുടെ കാര്യത്തിൽ ഇടപെടണ്ട എന്നു ചിലർ തറപ്പിച്ചു പറഞ്ഞു. എന്നിട്ടും അദ്ദേഹം അവരിൽ നിന്നു ഒരു കുപ്പി എടുത്തു മാറ്റാൻ ശ്രമിച്ചു. മദ്യപരിലൊരുവൻ അദ്ദേഹത്തിൽ നിന്ന് അതു തട്ടിപ്പറിച്ചെടുത്തു. നിങ്ങൾ ചെയ്യുന്നതു തെറ്റാണ്; ഡാമിയൻ വ്യക്തമായി അവരോടു പറഞ്ഞു. അതു പറയാൻ നിങ്ങൾക്കെന്തു കാര്യം?’ എന്നായി ഒരുവൻ. ഇനി ഞങ്ങളുടെ പുറകെ വരുകയേ അരുത്. എന്നും അയാൾ കട്ടായം പറഞ്ഞു. ഇതിനിടെ ഡാമിയൻ പുരോഹിതനായ അഭിക്ഷിക്തനായി! അനന്തരം, തന്നെ പ്രാർത്ഥനയിൽ ഓർക്കണമെന്നും താൻ അസന്മാർഗ്ഗികളുടെ മധ്യേ ആണു ജീവിക്കുന്നതെന്നും വീട്ടിലേക്കെഴുതി. അവരെ മാനസാന്തരപ്പെടുത്താൻ ശ്രമിക്കുമ്പോൾ താൻ വഴിതെറ്റിപോകാതിരിക്കാൻ പ്രത്യേകം പ്രാർത്ഥിക്കുവാനും നിർദ്ദേശം നല്കി. ഈശോയുടെ സ്‌നേഹം എന്നെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഈശോയെ ആദ്യം കരങ്ങളിലെടുത്തപ്പോൾ എന്റെ ഹൃദയം ഉരുകുകയായിരുന്നു.

പള്ളിയുടെ അഭാവത്തിൽ, തന്റെ അനുയായികളായ മക്കളെ ഒരു മരത്തണലിൽ ഒരുമിച്ചുകൂട്ടി അദ്ദേഹം ബലിയർപ്പിച്ചു തുടങ്ങി. ഒരു ദിവസം അദ്ദേഹം ജനങ്ങളോടു പറഞ്ഞു: നമുക്കൊരു പള്ളിവേണം. നിങ്ങൾ സഹകരിക്കുമെങ്കിൽ നമുക്കതു സാധിക്കും. ഏതായാലും തീരുമാനമായി. ഏവർക്കും സ്വാഗതം! ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്. അനുയായികൾ ഉറപ്പു നല്കി.

ളൂയി എന്ന യുവാവ് അപകടത്തിൽപ്പെട്ടു മരിച്ചു കഴിഞ്ഞപ്പോൾ, അവന്റെ സുഹൃത്തുക്കളെല്ലാം ഫാ.ഡാമിയന്റെ സുഹൃത്തുക്കളായി മാറി. ഫാ.ഡാമിയന് അനായാസം ജനങ്ങളുമായി ഇടപഴകാൻ സാധിച്ചു. കൂടുതൽ കൂടുതൽ ആളുകൾ ദൈവത്തിങ്കലേക്കു തിരിഞ്ഞു. കുട്ടികൾക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. കമിയാനോ (അച്ചൻ) എന്നാണ് അവർ അദ്ദേഹത്തെ വിളിച്ചിരുന്നത്. പഴവർഗ്ഗങ്ങൾ അവർ അദ്ദേഹത്തിനു സമ്മാനമായി നല്കിയിരുന്നു.

ഫാ. ക്ലെമന്റിന് അസുഖമായപ്പോൾ ഡാമിയന് കൊഹാലാ ദ്വീപിലേക്കു പോകേണ്ടി വന്നു. അദ്ദേഹത്തിനു വഴിമധ്യേ ഒരു അപകടമുണ്ടായി. ആളുകൾ അദ്ദേഹത്തെ അബോധാവസ്ഥയിൽ കാണുകയും ഒരു കുടിലിലേക്കു കൊണ്ടുപോയി ശുശ്രൂഷിക്കുകയും ചെയ്തു. ബോധം തെളിഞ്ഞു കഴിഞ്ഞപ്പോൾ, ‘എന്തിനാണ് ഇത്ര അപകടകരമായ യാത്ര ചെയ്ത് അവിടെ എത്തിയത്. എന്ന് ആളുകൾ അദ്ദേഹത്തോടു ചോദിച്ചു. ദൈവം നിങ്ങളെ സ്‌നേഹിക്കുന്നുവെന്നു പറയാനാണ് എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. കത്തോലിക്കരെങ്കിലും അവർക്കു വിശ്വാസമില്ലായിരുന്നു. അതുകൊണ്ട്, ഒരുവൻ അദ്ദേഹത്തിന് കൊടുത്ത മറുപടി ദൈവം സ്‌നേഹമല്ല ശിക്ഷയാണ് എന്നായിരുന്നു. അതു ശരിയല്ലെന്ന് അദ്ദേഹം അവരോടു പറഞ്ഞു. കത്തോലിക്കരാണോ എന്ന ചോദ്യത്തിന് മറുപടിയായി അങ്ങനെ പറയാമെങ്കിലും തങ്ങൾ പർവ്വത ദൈവങ്ങളിലാണു വിശ്വസിക്കുന്നതെന്ന് അവർ പറഞ്ഞു.

ഡാമിയൻ ദിവ്യബലിയർപ്പിക്കാൻ പള്ളിയിൽ ചെന്നപ്പോൾ, ഏതാനും ആളുകൾ മാത്രമേ അവിടെ എത്തിയിരുന്നുള്ളൂ. ജീവിക്കുന്ന ദൈവത്തെ മറന്നു മിക്കവരും അന്ധവിശ്വാസത്തിൽ കഴിയുകയാണെന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഒരു രാത്രി കുറെ ആളുകൾ കൂടോത്രം ചെയ്യുന്നത് അച്ചൻ കണ്ടു പിടിക്കുകയും, അവർ ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം നശിപ്പിക്കുകയും ചെയ്തു. കോപാക്രാന്തരായ ആളുകൾ പ്രതിഷേധ സൂചകമായി അദ്ദേഹത്തിന്റെ മുറിയുടെ വാതില്ക്കൽ ചീഞ്ഞ മാംസം, മൃഗങ്ങളുടെ തലയോട്ടികൾ, ചാണകം ഇവയെല്ലാം ഇട്ടു.

ഫാ.ഡാമിയൻ നഷ്ടധൈര്യനാകാതെ ദിവ്യനാഥന്റെ മുമ്പിൽ നിരന്തരമെന്നോണം ഇരുന്ന് അവിടുത്തെ തിരുഹിതം ആരാഞ്ഞുകൊണ്ടിരുന്നു. കർത്താവേ, ഒരു വഴി കാണിച്ചു തരണമേ എന്നു തീക്ഷ്ണമായി പ്രാർത്ഥിച്ചു. അതിനിടെ എന്തോ വലിയ അസുഖം ബാധിച്ച ഒരു കുഞ്ഞിനെയും എടുത്ത് അതിന്റെ അമ്മയും മറ്റു രണ്ടുപേരും കൂടി ഫാ.ഡാമിയനെ സമീപിച്ചു. എന്താണ് പ്രശ്‌നമെന്നു ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു: ഈ സ്ത്രീയുടെ ഏക കുഞ്ഞാണിത്; കടുത്ത എന്തോ രോഗം വന്ന്, ഇപ്പോൾ അനക്കം പോലുമില്ല. ‘മരുന്നൊന്നും കൊടുത്തില്ലെ?’ എന്ന ചോദ്യത്തിന് മരുന്നു കൊടുക്കേണ്ടതില്ലെന്നു മന്ത്രവാദികൾ ചിലർ പറഞ്ഞു എന്ന് അവർ മറുപടി നല്കി. കുഞ്ഞിനുവേണ്ടി അദ്ദേഹം അതിതീക്ഷ്ണമായി പ്രാർത്ഥിച്ചു. അവൾ സുഖം പ്രാപിച്ചു.

അനന്തരം അച്ചൻ അവരോടു പറഞ്ഞു: ജീവിക്കുന്ന ദൈവത്തെ മറന്നുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. നിങ്ങൾ ദൈവത്തിലേക്കു മടങ്ങിവരണമെന്നതിനുള്ള അടയാളമാണിത്. അനുതാപത്തിലേക്ക് അദ്ദേഹം അവരെ ആഹ്വാനം ചെയ്തു. വർഷങ്ങളായി കുമ്പസാരിക്കാതിരുന്ന പലരും വന്നു കുമ്പസാരിച്ചു. അവർ കുർബാനയ്ക്ക് എത്തി. ജനത്തിനിടയിൽ സമാധാനവും സന്തോഷവും ഉളവായി. ദിവസങ്ങൾ കടന്നുപോയി. ദ്വീപുകളിലെല്ലാം കുഷ്ഠരോഗം പടർന്നു പിടിക്കാൻ തുടങ്ങി. രോഗികളെയെല്ലാം മൊളോക്കോയ് ദ്വീപിലേക്കുമാറ്റി താമസിപ്പിക്കാൻ ഗവൺമെന്റ് ഉത്തരവായി. ഓരോ വീട്ടിലും പോയി ഡാമിയൻ അവരെ ആശ്വസിപ്പിച്ചു. ഈ സാഹചര്യത്തെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുക. അവിടുന്നു ശക്തിയും കൃപയും തരും എന്ന് അവരെ അദ്ദേഹം ബോധ്യപ്പെടുത്തി.


ഒരിക്കൽ ഒരുവൻ, കുഷ്ഠരോഗിയായ തന്റെ ഭാര്യയെ മൊളോക്കോയിലേക്ക് അയയ്ക്കാതിരിക്കാൻ അവരുമായി കാട്ടിൽ പോയി ഒളിച്ചിരുന്നു. അവന്റെ കൈവശം ഒരു തോക്കുണ്ടായിരുന്നു. പട്ടാളക്കാരൻ അവനെ പിടിക്കാൻ പോകുന്നതു കണ്ട ഫാ.ഡാമിയൻ അവരോടു പറഞ്ഞു: ഞാൻ അവനോടൊന്നു സംസാരിക്കട്ടെ. ‘എളുപ്പമല്ല, അടുത്തു ചെല്ലുന്നവരെ അവൻ വെടിവച്ചു കൊല്ലും എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു: എനിക്കു ഭയമില്ല; നിങ്ങൾ അനുവദിക്കുമെങ്കിൽ ഞാൻ ശ്രമിക്കാം എന്ന് അദ്ദേഹം അവരോടു പറഞ്ഞു. ശരി നിങ്ങളുടെ അഭ്യർത്ഥനയെ ഞങ്ങൾ മാനിക്കുന്നു. എന്നു പറഞ്ഞ് അവർ പോയി.

ഫാ.ഡാമിയൻ ചെല്ലുന്നതുകണ്ട് ഒളിച്ചിരുന്ന ആൾ അദ്ദേഹത്തോടു പറയുന്നു: അടുത്തുവരരുത്. ഞാൻ വെടിവയ്ക്കും. ‘ഞാൻ കമിയാനോ ആണ്. ഞാൻ നിങ്ങളെ സഹായിക്കാൻ വരുകയാണ് എന്ന് അച്ചൻ പറഞ്ഞപ്പോൾ അയാൾ ശാന്തനായി. അച്ചൻ അയാളോടു സ്‌നേഹപൂർവ്വം പറഞ്ഞു: നിന്റെ ഭാര്യ വളരെയധികം സഹിക്കേണ്ടിവരും, നിങ്ങൾക്ക് അവളെ സഹായിക്കാനും ആവില്ല. മൊളോക്കോയിൽ അവൾക്കു നല്ല ചികിത്സ കിട്ടും. അവളെ ചികിത്സയ്ക്കായി അയയ്ക്കുക. അച്ചനെ അയാൾ അനുസരിച്ചു.

ഈ കാലയളവിൽ മൊളോക്കോയിലെ കുഷ്ഠരോഗികളെ സഹായിക്കാൻ രൂപതാധികാരിയോടു ഗവൺമെന്റ് വൈദികരുടെ സഹായം ആവശ്യപ്പെട്ടു. മെത്രാൻ വൈദികരെ വിളിച്ചു കൂട്ടി വിവരം പറഞ്ഞു. ആരെയും നിർബന്ധിക്കുകയില്ല. സ്വമനസ്സാ പോകാൻ തയ്യാറുള്ളവരുണ്ടോ?’ എന്ന് അദ്ദേഹം ചോദിച്ചു. പിതാവേ, ഞാൻ പോകാം. ഫാ.ഡാമിയനാണ് സസന്തോഷം അപ്രകാരം വാക്കുകൊടുത്തത്. അച്ചന്റെ ത്യാഗം വളരെ വലുതാണ് മെത്രാൻ സമ്മതിച്ചു. ഞാൻ പൂർണ്ണ മനസ്സോടെയാണ് ഈ ദൗത്യം ഏറ്റെടുക്കുന്നത് ഫാ.ഡാമിയൻ വ്യക്തമാക്കി.

ഫാ.ഡാമിയൻ മൊളോക്കോയിൽ എത്തി. ഒപ്പം മെത്രാൻ രോഗികളെ കണ്ട് അവരോട് പറഞ്ഞു: മക്കളേ, നിങ്ങൾ ഇനി തനിച്ചല്ല. ഡാമിയനച്ചൻ ഒരു പിതാവിനെപ്പോലെ നിങ്ങളെ സംരക്ഷിച്ചുകൊള്ളും. രോഗികൾ അദ്ദേഹത്തെ പിതാവിനെപ്പോലെ കാണുകയും അവർക്കു ലഭിച്ചിരുന്ന ഭക്ഷണം അദ്ദേഹവുമായി പങ്കുവയ്ക്കുകയും ചെയ്തു തുടങ്ങി. ഒരു സ്ത്രീ അവനോടു ചോദിച്ചു: മരണ വക്ത്രത്തിലായിരിക്കുന്ന എന്റെ മകനുവേണ്ടി പ്രാർത്ഥിക്കാൻ അച്ചൻ വരുമോ?’ ‘തീർച്ചയായും എന്നു പറഞ്ഞ് അദ്ദേഹം അവരുടെ വീട്ടിലേക്കു യാത്രയായി. ആ രോഗിയിലെ ദുർഗന്ധം അദ്ദേഹത്തിന് അസഹനീയമായിരുന്നു. ദൈവമേ, എന്നെ സഹായിക്കണമേ!എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. തുടർന്ന് ആ സ്ത്രീ പറയുന്നു. അങ്ങ് ഒരു വിശുദ്ധനാണ്. എനിക്കും വിശ്വാസം സ്വീകരിക്കണം. ‘കൊള്ളാം. ദൈവം നിന്നോടുകൂടെയുണ്ടായിരിക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം അവരെ അനുഗ്രഹിച്ചു.

ദ്വീപിന്റെ പ്രവേശന കവാടത്തിൽ ഇവിടെ പ്രവേശിക്കുന്നവർ എല്ലാ പ്രതീക്ഷകളും ഉപേക്ഷിക്കുകഎന്ന ഒരു ബോർഡ് ഉണ്ടായിരുന്നു. ഡാമിയൻ അതെടുത്തു ദൂരെയെറിഞ്ഞു. മരണത്തെ തോല്പിച്ച ഈശോയിൽ നമുക്കു എല്ലാ പ്രത്യാശയുമുണ്ട്. രോഗത്തോടെ അവസാനിക്കാനുള്ളതല്ല അത്. നിങ്ങളുടെ ജീവിതങ്ങൾ ദൈവത്തിനു സമർപ്പിക്കുക. അപ്പോൾ നിങ്ങൾക്കു പ്രത്യാശ ലഭിക്കും. മരണത്തെ ജയിച്ചടക്കിയ മിശിഹായാണു നമ്മുടെ പ്രത്യാശ. രോഗം കൊണ്ട് അവസാനിക്കാനുള്ളതല്ല അത്. ദൈവസ്‌നേഹം അനുഭവിക്കാനുള്ള അവസരമാണു രോഗം, ദൈവം ആരെ കൂടുതൽ സ്‌നേഹിക്കുന്നുവോ അവർക്കു കൂടുതൽ സഹനം അനുവദിക്കും, ഡാമിയൻ പറഞ്ഞവസാനിപ്പിച്ചു.

ശുദ്ധജല ക്ഷാമം ഏറെയുണ്ടായിരുന്ന ആ ദ്വീപിലേക്ക് താഴ്‌വരയിലുള്ള അരുവികളിൽ നിന്നു പൈപ്പുവഴി ശുദ്ധജലം എത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനു സാധ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു. അദ്ദേഹം പറഞ്ഞിരുന്നു: ആരുമില്ലാത്തവർക്കു ദൈവം തുണ.

ഒരിക്കൽ ആളുകൾ ഫാ.ഡാമിയനോടു പറഞ്ഞു: ഞങ്ങളെ സഹായിച്ചു, സഹായിച്ച് അങ്ങു രോഗിയാവും. ‘അങ്ങനെയൊന്നും ചിന്തിക്കാതിരിക്കുക, അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോളണിയിലെ രോഗികൾ ജപമാല ചൊല്ലി പ്രാർത്ഥിച്ചുതുടങ്ങി.

വലിയ പാപികളുടെ ആത്മാവിലാണു കുഷ്ഠം ബാധിക്കുക. അങ്ങനെയുള്ളവർ ധാരാളമുണ്ട്. പക്ഷേ, നിങ്ങൾ ദൈവത്തിന്റെ കരങ്ങളിലാണ്. നിങ്ങളാരും ശപിക്കപ്പെട്ടവരല്ല. ഡാമിയൻ ഈ വാക്കുകൾ പറഞ്ഞതു താനും കുഷ്ഠരോഗിയാണെന്ന് അറിഞ്ഞു കഴിഞ്ഞാണ്. അദ്ദേഹത്തിനു കുമ്പസാരിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഏറെ വിഷമിച്ചിരിക്കുമ്പോൾ തന്റെ പ്രൊവിൻഷ്യൽ കപ്പൽ മാർഗ്ഗം അതിലെ വരുന്നെന്നു അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹം മരു വള്ളം തുഴഞ്ഞ് കപ്പലിനു സമീപമെത്തി. വള്ളത്തിൽ മുട്ടുകുത്തി പ്രൊവിൻഷ്യലിൽ നിന്ന് പാപമോചനം ഏറ്റു വാങ്ങി. ഡാമിയന്റെ എളിമയും സമർപ്പണവും കണ്ടു പ്രൊവിൻഷ്യൽ കരഞ്ഞുപോയി.

താൻ രോഗിയാണെന്ന് അറിഞ്ഞതിന്റെ പിറ്റേ ദിവസം അദ്ദേഹം ദിവ്യബലി അർപ്പിച്ചപ്പോൾ, അദ്ദേഹം ജനത്തോടു പറഞ്ഞു: നിങ്ങൾക്കൊരു സദ്വാർത്തയുണ്ട്. ഇന്നുവരെ നിങ്ങൾ രോഗികളും ഞാൻ നിങ്ങളുടെ ശുശ്രൂഷകനുമായിരുന്നു. ഇപ്പോൾ നാമെല്ലാവരും രോഗികളാണ്! ജനങ്ങളുടെ പ്രക്ഷോഭണം നിമിത്തം ഗവൺമെന്റ് നിയമങ്ങൾ തിരുത്തിക്കുറിച്ചു. മെത്രാന് മൊളോക്കോയിലേക്കു വരാൻ കഴിഞ്ഞു. അദ്ദേഹം ഫാ.ഡാമിയോനോടു പറഞ്ഞു: അങ്ങയെക്കുറിച്ച് എനിക്ക് വലിയ ആദരവും അഭിമാനവുമുണ്ട്. ‘ദൈവത്തിന്റെ ഒരു സാധാരണ ഉപകരണം മാത്രമാണു ഞാൻ എന്നായിരുന്നു അച്ചന്റെ മറുപടി. മെത്രാൻ തുടർന്നു. ഇതുപോലെ ജീവിതം ബലികഴിക്കാൻ, അർപ്പകന് ഒരു നല്ല ഹൃദയം ഉണ്ടായിരിക്കണം. അങ്ങേയ്ക്ക് വളരെ നല്ല ഒരു ഹൃദയമുണ്ട്. ‘പിതാവേ, എനിക്കൊന്നുമില്ല. ദൈവം എന്നിലൂടെ എന്തെക്കെയോ ചെയ്തു, അത്രമാത്രം. അങ്ങനെയാണു ഫാ.ഡാമിയൻ പ്രതികരിച്ചത്. രോഗിയായതിനാൽ ദുഃഖമില്ലേ എന്ന ചോദ്യത്തിന്, ‘പിതാവേ, എനിക്കു യാതൊരു ദുഃഖവുമില്ല, എന്റെ സുഹൃത്തുക്കൾക്കുവേണ്ടി എന്റെ ജീവിതം ബലിയായി അർപ്പിക്കാൻ നല്ല ദൈവം എന്നെ അനുവദിച്ചു. ഇതിൽ ഞാൻ ഏറെ സന്തോഷിക്കേണ്ടതല്ലേ?’

മരണക്കിടക്കയിൽ ഫാ.ഡാമിയൻ പ്രാർത്ഥിച്ചു: എന്റെ ആത്മാവിന്റെ വിമോചകനെ, അങ്ങയോട് അലിഞ്ഞു ചേരാൻ ഇതാ, ഞാൻ വരുന്നു. എന്റെ പ്രവാസം കഴിഞ്ഞിരിക്കുന്നു. അങ്ങിലായിരിക്കാൻ ഇതാ, ഞാൻ വരുന്നു. ദൈവത്തിന്റെ ഹിതം അക്ഷരശഃ, അനുനിമിഷം നിറവേറ്റിയ അദ്ദേഹം 1889 ഏപ്രിൽ 15ന് അൻപതാമത്തെ വയസ്സിൽ സ്വർഗ്ഗം പൂകി.

ഫാ.ഡാമിയന്റെ ശരീരം പെട്ടിയിൽ വച്ചപ്പോൾ ആ മുഖം മുഴുവൻ വ്രണങ്ങളായിരുന്നു. എന്നാൽ, പെട്ടെന്ന് ആ വ്രണങ്ങളെല്ലാം അപ്രത്യക്ഷമായി. ആ മുഖത്ത് ഒരു സ്വർഗ്ഗീയ പ്രഭ ദൃശ്യമായി. അദ്ദേഹത്തിന്റെ അഭീഷ്ടമനുസരിച്ച്, അദ്ദേഹത്തെ മൊളോക്കോയിൽ വന്ന അന്ന് അദ്ദേഹം ഉറങ്ങിയ വൃക്ഷത്തണലിൽ സംസ്‌ക്കരിച്ചു. 2009 ഒക്‌ടോബർ 11ന് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

No comments:

Post a Comment