Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Tuesday, November 1, 2016

സകല വിശുദ്ധരുടെയും തിരുനാൾ

സകല വിശുദ്ധരുടെയും തിരുനാൾ

നവംബർ 1
 
ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്: വിശുദ്ധീകരിക്കപ്പെട്ട വര്‍, നാമകരണം ചെയ്യപ്പെട്ടവര്‍ ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം.
ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പ്പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാ നുള്ള ദൈവീക വിളിയുണ്ട്”. നമുക്കും സ്വര്‍ഗ്ഗത്തിലെ ഈ വിശുദ്ധഗണത്തില്‍ ഉള്‍പ്പെടുവാന്‍ എന്താണ് ചെയ്യേണ്ടത്‌ ?
നാം ദൈവത്തിന്റെ കാലടികളെ പിന്തുടര്‍ന്ന്‍ അവന്റെ പ്രതിരൂപമായി മാറണം. എല്ലാകാര്യത്തിലും സ്വര്‍ഗ്ഗീയ പിതാവിന്റെ ഹിതമാരായുകയും അതനുസരിച്ച് വര്‍ത്തിക്കുകയും വേണം. നാം നമുക്കുള്ള തെല്ലാം ദൈവത്തിനുമഹത്വത്തിനായി സമര്‍പ്പിക്കുകയും അയല്‍ക്കാരന്റെ സേവനത്തിന്‌ സന്നദ്ധനാവുകയും വേണം. ഇപ്രകാരം ദൈവമക്കളുടെ വിശുദ്ധി നന്മയുടെ നല്ല വിളവെടുപ്പിനു പാകമാം വിധത്തില്‍ വളരുകയും, സഭാ ചരിത്രത്തില്‍ കാണപ്പെടുന്ന നിരവധി വിശുദ്ധ ജീവിതം പോലെ ആദരിക്കപ്പെടു കയും ചെയ്യും (“Lumen Gentium, 40).
"നവംബര്‍ 1ന് ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുത്‌. "
സഭ വര്‍ഷംമുഴുവനും ഒന്നിന് പുറകെ മറ്റൊന്നായി ഓരോ വിശുദ്ധരുടെ തിരുനാള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ഈ ദിവസം തിരുസഭ ഇവരെയെല്ലാവരെയും ഒറ്റ ആഘോഷത്തില്‍ ഒരുമിച്ചു ചേര്‍ക്കുന്നു. സഭക്കറിയാവുന്ന വിശുദ്ധരെ കൂടാതെ, സകല ദേശങ്ങളില്‍ നിന്നും, ഗോത്രങ്ങളില്‍ നിന്നും പരിശുദ്ധ സിംഹാസനത്തിനു മുന്‍പില്‍ കുഞ്ഞാടിന്റെ ദര്‍ശനത്തില്‍ തൂവെള്ള വസ്ത്രധാരികളായി, കൈകളില്‍ ഒലിവിലകളു മായി സ്വന്തം രക്തത്താല്‍ തങ്ങളെ വീണ്ടെടുത്ത രക്ഷകനെ സ്തുതിച്ചു കൊണ്ട് നില്‍ക്കുന്ന സകല വിശുധരെയും തിരുസഭ ഈ ദിവസം അനുസ്മരിക്കുന്നു.
സകല വിശുദ്ധരുടെയും ഈ തിരുന്നാള്‍ നമുക്ക്‌ പ്രചോദനം നല്‍കുന്നതാണ്. ഈ സ്വര്‍ഗ്ഗീയ വിശുദ്ധരില്‍ പലരും ഒരുപക്ഷെ നമ്മെ പോലെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരായിരിക്കാം. നമ്മളെ പോലെ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍.വിശ്വാസത്തിന്റെ ബലം സിദ്ധിച്ചവര്‍. യേശുവിന്റെ പ്രബോധനങ്ങള്‍ മുറുകെ പിടിച്ച്‌ നമുക്ക്‌ മുന്നെ സഞ്ചരിച്ചവര്‍. പൗരസ്ത്യ ദേശങ്ങളില്‍ ഈ തിരുന്നാള്‍ വളരെ പ്രാധ്യാനത്തോടെ ആഘോഷിക്കുന്ന. എട്ടാം നൂറ്റാണ്ടിലാണ് പാശ്ചാത്യ ദേശങ്ങളില്‍ ഈ തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയത്.
റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഈ ദിനത്തിന്റെ പ്രശസ്തി ഗ്രിഗറി നാലാമനുള്ളതാണ് (827-844). അദ്ദേഹം മുഴുവന്‍ ക്രിസ്ത്യന്‍ ലോകത്തോടും ഈ തിരുന്നാള്‍ ആഘോഷിക്കുവാന്‍ പറഞ്ഞു. അദ്ദേഹത്തിന് ശേഷം വന്ന ഗ്രിഗറി മൂന്നാമനും (731-741) ഇത് തുടര്‍ന്നു. മറിച്ച് റോമിലാകട്ടെ മെയ്‌ 13ന് St. Mary and All Martyrs പള്ളിയില്‍ വച്ച് വാര്‍ഷിക ഓര്‍മ്മ പുതുക്കല്‍ നടത്തിപോന്നു. വിജതീയര്‍ സകല ദൈവങ്ങല്‍ക്കുമായി സമര്‍പ്പിച്ചിട്ടുള്ള അഗ്രിപ്പായുടെ ക്ഷേത്രമായ്‌ പഴയ പാന്തിയോന്‍ ആണ് ഈ പള്ളി. പിന്നീട് ഇവിടെക്ക് ബോണിഫസ് നാലാമന്‍ ഗ്രിഗറി ഏഴാമന്റെ കല്ലറയില്‍ നിന്നും പല ഭൌതികാവ ശിഷ്ടങ്ങളും ഇവിടേക്ക്‌ മാറ്റുകയും നവംബര്‍ 1നു ഈ ദിവസം ആഘോഷിക്കുവാനും തുടങ്ങി
0

Wednesday, October 26, 2016

പാസിയിലെ വി. മേരി മഗ്ദലേന

പാസിയിലെ വി. മേരി മഗ്ദലേന

മെയ്‌ 25
(1566-1607)
ഇറ്റലിയിലെ ഫേïാറന്‍സില്‍ കാതറീന്‍ എന്ന പേരില്‍ വളര്‍ന്ന ബാലികയാണ് പിന്നീട് മേരി മഗ്ദലേന എന്ന പേരില്‍ കന്യാസ്ത്രീയായി മാറിയത്. യേശുവില്‍ ആനന്ദനിര്‍വൃതി അനുഭവിച്ച വിശുദ്ധയായാണ് മേരി മഗ്ദലേന അറിയപ്പെടുന്നത്. പതിനാറാം വയസില്‍ ഫേïാറന്‍സിലെ കര്‍മലീത്ത മഠത്തില്‍ ചേര്‍ന്ന മേരി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാരകമായ രോഗത്തിന് അടിമയായി. അതികഠിനമായ വേദനകള്‍ അനുഭവിക്കേണ്ടിവന്നുവെങ്കിലും അവ യേശുവിന്റെ നാമത്തില്‍ അവള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി.
'മരണം വരെ സഹിക്കും' എന്ന വിശ്വാസപ്രഖ്യാപനത്തെ അവള്‍ 'മരിക്കാതെ സഹിക്കും' എന്നാക്കി മാറ്റി. ഒരിക്കല്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് അവളുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് 40 ദിവസം തുടര്‍ച്ചയായി ഇങ്ങനെ ആവര്‍ത്തിച്ചു. ഈ സമയത്ത് അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടായതായും യേശുവില്‍ ആനന്ദനിര്‍വൃതി അനുഭവിക്കാന്‍ കഴിഞ്ഞതായും കരുതപ്പെടുന്നു. ഈ സമയത്ത് അവള്‍ക്കുണ്ടായ അനുഭവങ്ങളും ദര്‍ശനങ്ങളും ഒരു കന്യാസ്ത്രീയുടെ സഹായത്താല്‍ അവള്‍ കുറിച്ചുവച്ചു. ഇങ്ങനെ നാലു പുസ്തകങ്ങള്‍ എഴുതി. മേരിയിലൂടെ ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കുവാനും മറ്റുള്ളവരുടെ ഹൃദയം വായിക്കുവാനും അവള്‍ക്കു കഴിഞ്ഞു.
1607 ല്‍ 41 -ാം വയസില്‍ മേരി മഗ്ദലേന മരിച്ചു. 1669ല്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.
വി. മേരി മഗ്ദലേന,ഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും, പ്രാര്‍ത്ഥിക്കണമെ....
അവര്‍ക്കു ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്‌ഷേപിക്കും. അവരുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും.'
[ എസെക്കിയേൽ 11:19 ]
0

വി. മേരി ആന്‍ ഡി പരേഡസ്

വി. മേരി ആന്‍ ഡി പരേഡസ്
 
മെയ്‌ 26
(1618-1645)
'യേശുവിന്റെ മരിയാന' എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധയാണ് വി. മേരി ആന്‍. ഇക്വഡോറിലെ ക്വിറ്റോയിലുള്ള ഒരു കുലീന കുടുംബത്തിലാണ് മേരി ജനിച്ചത്. മേരിയുടെ ജനനം തന്നെ സ്വര്‍ഗീയമായ ഒരു അനുഭവമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദൈവികമായ പല സംഭവങ്ങളും അവളുടെ ജനനത്തോട് അനുബന്ധിച്ച് ഉണ്ടായി.
വളരെ ചെറിയ പ്രായത്തില്‍ തന്നെ മേരി അനാഥയായി. മേരിയുടെ മൂത്ത സഹോദരിയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണയിലാണ് അവള്‍ പിന്നീട് ജീവിച്ചത്. പരിശുദ്ധ കന്യാമറിയത്തോടു ള്ള അവളുടെ ഭക്തി എല്ലാവരിലും കൗതുകമുണര്‍ത്തുന്നതായിരുന്നു. അത്രയ്ക്കു തീവ്രമായി അവള്‍ മാതാവിനോട് പ്രാര്‍ഥിച്ചു. ഉപവാസം, ദാനധര്‍മം, അച്ചടക്കം എന്നിവയിലൂടെ തന്റെ വിശ്വാസത്തെ വളര്‍ത്താനാണ് അവള്‍ ആഗ്രഹിച്ചത്. മേരിയ്ക്കു പത്തുവയസു മാത്രമുള്ളപ്പോള്‍ താനൊരു കന്യാസ്ത്രീയാകുമെന്ന് അവള്‍ ശപഥം ചെയ്തു. ഡൊമിനിക്കന്‍ സന്യാസിനിസമൂഹത്തില്‍ ചേരാനായിരുന്നു അവളുടെ ആദ്യ ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതു സാധ്യമല്ല എന്നു മനസിലാക്കിയപ്പോള്‍ മേരി ഒരു സന്യാസിനിയെ പോലെ ജീവിക്കാന്‍ തീരുമാനിച്ചു. സഹോദരിയുടെ വീട്ടില്‍ അടച്ചിട്ട മുറിയില്‍ പ്രാര്‍ഥനയും ഉപവാസവുമായി അവള്‍ കഴിഞ്ഞു.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായി ദേവാലയത്തിലേക്കു പോകാനല്ലാതെ അവള്‍ വീടിനു പുറത്തിറങ്ങി പോലുമില്ല. വളരെ കുറച്ചു സമയം മാത്രമാണ് അവള്‍ ഉറങ്ങിയിരുന്നത്. എട്ടോ പത്തോ ദിവസം കൂടുമ്പോള്‍ മാത്രമാണ് അവള്‍ ഭക്ഷണം തന്നെ കഴിച്ചിരുന്നത്. അതും ഒന്നോ രണ്ടോ കഷണം ഉണക്ക റൊട്ടി. വിശുദ്ധ കുര്‍ബാനയ്ക്കിടെ ലഭിക്കുന്ന തിരുവോസ്തി മാത്രമായിരുന്നു ഭക്ഷണം. മേരിയുടെ വിശുദ്ധിയുടെ തെളിവായിരുന്നു അവളുടെ ജീവിതം.
മേരി പ്രവചിക്കുന്നതു പോലെയൊക്കെ സംഭവിച്ചു. മറ്റുള്ളവരുടെ മനസിലുള്ളത് അവര്‍ പറയാതെ തന്നെ അറിയാനുള്ള കഴിവും അവള്‍ക്കുണ്ടായിരുന്നു. ഒട്ടെറെ രോഗികളെ സുഖപ്പെടുത്തി. രോഗികളെ യേശുവിന്റെ ക്രൂശിത രൂപം കൊണ്ട് അനുഗ്രഹിക്കുകയാണ് അവള്‍ ചെയ്തിരുന്നത്. അവരെല്ലാം അദ്ഭുതകരമായി സുഖം പ്രാപിച്ചു. രോഗബാധിതനായി മരിച്ച ഒരാളെ മേരി ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതായും വിശ്വസിക്കപ്പെടുന്നു. മേരിയുടെ മരണവും ഒരു അദ്ഭുതമായിരുന്നു. അക്കാലത്ത് ക്വിറ്റോയില്‍ വലിയൊരു ഭൂകമ്പം ഉണ്ടായി. നിരവധി പേര്‍ മരിച്ചു. തന്റെ ജീവനും അവര്‍ക്കൊപ്പം എടുക്കപ്പെടട്ടേ എന്നവള്‍ പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ മേരിയും മരിച്ചുവീണു. അവള്‍ മരിച്ചുവീണതോടെ അവിടെയെങ്ങും ലില്ലിപ്പൂക്കളുടെ സുഗന്ധം പരന്നു. അനാഥരുടെയും രോഗികളുടെയും മധ്യസ്ഥയായാണ് മേരി അറിയപ്പെടുന്നത്. 1950ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മേരിയെ വിശുദ്ധയായി പ്രഖ്യാപിച്ചു
വി. മേരി,ഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും,
പ്രാര്‍ത്ഥിക്കണമെ
'കര്‍ത്താവേ*, *ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ* *അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്.* *അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു* *വാര്‍ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും!'*
[ തോബിത്ത് 8:7 ]
2

വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ് പോളി

വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ് പോളി

മെയ്‌ 28

(1471-1541)
ലണ്ടനിലെ ടവര്‍ ഹില്ലില്‍ വച്ച് തലയറുത്ത് കൊല്ലപ്പെട്ട വിശുദ്ധയാണ് മാര്‍ഗരറ്റ്. ഒരു പ്രഭുവിന്റെ മകളായിരുന്നു മാര്‍ഗരറ്റ്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വേഡ് നാലാമന്‍, റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവ് എന്നിവരുടെ സഹോദരിയായിരുന്നു മാര്‍ഗരറ്റിന്റെ അമ്മ. മാര്‍ഗരറ്റിന് 20 വയസു പ്രായമുള്ളപ്പോള്‍ സര്‍ റിച്ചാര്‍ഡ് പോളി എന്നൊരു പ്രഭുകുമാരന്‍ അവളെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ചു മക്കള്‍ ജനിച്ചു. മാര്‍ഗരറ്റിന്റെ മക്കളിലൊരാള്‍ പിന്നീട് കര്‍ദിനാള്‍ ആയി മാറുകയും ചെയ്തു. അധികം വൈകാതെ മാര്‍ഗരറ്റ് വിധവയുമായി. അപ്പോള്‍ രാജാവായിരുന്ന ഹെന്റി എട്ടാമന്റെ സംരക്ഷകയായിരുന്നു മാര്‍ഗരറ്റ്.
സാലിസ്ബറിയിലെ പ്രഭ്വിയായി മാര്‍ഗരറ്റിനെ രാജാവ് നിയമിക്കുകയും തന്റെ മകളായ മേരി രാജകുമാരിയുടെ ഗാര്‍ഹിക അധ്യാപിക എന്ന സ്ഥാനം കൊടുക്കുകയും ചെയ്തു. എന്നാല്‍, രാജാവിന്റെ അധാര്‍മിക പ്രവൃത്തികളെ എതിര്‍ക്കാന്‍ മാര്‍ഗരറ്റ് ശ്രമിച്ചതോടെ ഹെന്റി അസ്വസ്ഥനായി. മതപരമായ കാര്യങ്ങളില്‍ താന്‍ പറയുന്നതാണ് അവസാന വാക്കെന്ന രാജാവിന്റെ നയത്തെ മാര്‍ഗരറ്റിന്റെ മകനും കാര്‍ദിനാളുമായ റെഡിനാള്‍ഡ് പോളി എതിര്‍ത്തതോടെ മാര്‍ഗരറ്റിന്റെ കുടുംബത്തെ മുഴുവന്‍ തകര്‍ക്കാന്‍ രാജാവ് തീരുമാനിച്ചു. മാര്‍ഗരറ്റിന്റെ രണ്ടു മക്കളെ കൊല്ലുകയും അവളെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം അവള്‍ തടവറയില്‍ കഴിഞ്ഞു. പീഡനങ്ങള്‍ ഏറ്റുവാങ്ങി.
എന്നാല്‍, യേശുവിനു വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ഒരു ഭാഗ്യമായാണ് മാര്‍ഗരറ്റ് കണ്ടത്. ഒടുവില്‍ തലയറുത്ത് കൊല്ലപ്പെട്ടതോടെ യേശുവിന്റെ നാമത്തില്‍ ഒരു രക്തസാക്ഷിയാകാനും അവള്‍ക്കു സാധിച്ചു. 1886 പോപ് ലിയോ പതിമൂന്നാമന്‍ മാര്‍ഗരറ്റിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ്,ഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും, പ്രാര്‍ത്ഥിക്കണമെ.....
"കര്‍ത്താവിന്റെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്‌സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും.[ സെഫാനിയാ 3 :9 ]

0

പിസയിലെ വി. ബോണ

പിസയിലെ വി. ബോണ


(1156-1207)
'ബോണ' എന്ന വാക്കിന്റെ ലത്തീന്‍ ഭാഷയിലുള്ള അര്‍ഥം 'നല്ലത്' എന്നാണ്. ഇറ്റലിയിലെ പിസായില്‍ ജനിച്ച ബോണയുടെ ജീവിതവും നല്ലതിന്റെ അല്ലെങ്കില്‍ നന്മയുടെ പ്രതീകമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിശുദ്ധയായി ജീവിക്കാന്‍ ബോണയ്ക്കു കഴിഞ്ഞു.
 പത്താം വയസില്‍ അഗസ്റ്റീനിയന്‍ സമൂഹത്തില്‍ ചേര്‍ന്നു. പതിനാലാം വയസില്‍ വിശുദ്ധ നാടുകളിലേക്ക് തീര്‍ഥാടനം നടത്തി. പലസ്തീന്‍ രാജ്യം തുര്‍ക്കികളുടെ പക്കല്‍ നിന്നു തിരിച്ചു പിടിക്കുന്നതിനു വേണ്ടി ക്രിസ്തുമതവിശ്വാസികള്‍ നടത്തിയ യുദ്ധത്തിന്റെ കാലമായിരുന്നു അത്. കുരിശുയുദ്ധം എന്നറിയപ്പെട്ട ഈ പോരാട്ടത്തില്‍ ബോണയുടെ അച്ഛനും പങ്കെടുത്തി രുന്നു. അച്ഛനെ കാണാന്‍ വേണ്ടിയാണ് വിശുദ്ധ നാടുകളിലേക്കുള്ള യാത്ര ബോണ നടത്തിയത്. തിരിച്ചു നാട്ടിലേക്കു മടങ്ങവേ, മുസ്‌ലിം തീവ്രവാദി സംഘത്തില്‍ പെട്ട ചിലയാളുകള്‍ ചേര്‍ന്ന് അവളെ തടവിലാക്കി. എന്നാല്‍ അവളുടെ നാട്ടില്‍ നിന്നുള്ള ചില ക്രൈസ്തവവിശ്വാസികള്‍ ചേര്‍ന്ന് ബോണയെ അവിടെനിന്ന് രക്ഷിച്ചു. പിന്നീട് റോം, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തുകയും ദേവാലയങ്ങളും വിശുദ്ധസ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. എല്ലാ തവണയും തീര്‍ഥാടനസംഘത്തെ നയിച്ചത് ബോണയായിരുന്നു. ബോണയ്ക്ക് അന്‍പതു വയസുള്ളപ്പോള്‍ അവള്‍ രോഗബാധിതയാകുകയും പെട്ടെന്നു തന്നെ മരിക്കുകയും ചെയ്തു. എയര്‍ ഹോസ്റ്റസുമാരുടെ മധ്യസ്ഥയായി ബോണയെ പ്രഖ്യാപിച്ചത് പോപ് ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു. 1962ലായിരുന്നു ആ പ്രഖ്യാപനം. തീര്‍ഥാടകള്‍, യാത്ര ചെയ്യുന്നവര്‍, ടൂറിസ്റ്റ് ഗൈഡുകള്‍ തുടങ്ങിയവരുടെയും മധ്യസ്ഥയാണ് ബോണ.
വി.ബോണഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും, പ്രാര്‍ത്ഥിക്കണമെ
"കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.
[ ഏശയ്യ58:11 ]
0

ജോവാന്‍ ഓഫ് ആര്‍ക്

ജോവാന്‍ ഓഫ് ആര്‍ക്


(1412-1431)
ജോവാന്‍ ഓഫ് ആര്‍ക് എന്ന ധീരവനിതയെ കുറിച്ച് കേട്ടിട്ടിഫല്ലാത്തവര്‍ കുറവായിരിക്കും. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ജോവാന്റെ കഥ ഒരു വിശുദ്ധയുടെ കഥ കൂടിയാണ്. ജോവാന്റെ മരണത്തിനും അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവരെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സംഭവ ബഹുലമാണ് ജോവാന്റെ കഥ. ഫ്രാന്‍സിലെ ലൊറൈനിലാണ് അവര്‍ ജനിച്ചത്. യേശുവിനെ കുഞ്ഞുനാള്‍ മുതല്‍ സ്‌നേഹിച്ച ജോവാന് 13-ാം വയസു മുതല്‍ ദര്‍ശനങ്ങള്‍ ലഭിച്ചു തുടങ്ങി. മിഖായേല്‍ ദൈവദൂതല്‍, നാലാം നൂറ്റാണ്ടില്‍ ജീവിച്ച വി. മാര്‍ഗരറ്റ്, കന്യകയായ വി. കാതറിന്‍ എന്നിവര്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. ആടുകളെ മേയ്ക്കുകയായിരുന്നു ജോവാന്റെ തൊഴില്‍
വിശുദ്ധരുടെ ദര്‍ശനങ്ങളിലൂടെ ദൈവം വലിയ ചുമതലകളാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അവള്‍ മനസിലാക്കി. അക്കാലത്ത് ഫ്രാന്‍സിന്റെ ഭൂരിഭാഗവും ഇംഗ്ലണ്ടിന്റെ കീഴിലായിരുന്നു. ഫ്രാന്‍സിന്റെ യഥാര്‍ഥ രാജാവിനെ കണ്ടെത്തി അദ്ദേഹത്തിനു രാജ്യം തിരിച്ചുനേടിക്കൊടുക്കുക എന്നതായിരുന്നു അവള്‍ക്കു ദൈവം കൊടുത്ത ചുമതല. കൗമാരപ്രായം വിട്ടിട്ടില്ലാത്ത ഒരു ആട്ടിടയത്തി ഇംഗ്ലണ്ട് പോലെ ഒരു വലിയ സാമ്രാജ്യത്തോട് എങ്ങനെ പോരാടും? ഏതാണ്ട് മൂന്നുവര്‍ഷത്തോളം അവള്‍ ഇതു മനസിലിട്ടുകൊണ്ടു നടന്നു. ദര്‍ശനങ്ങള്‍ വീണ്ടും ലഭിച്ചതോടെ അവള്‍ രംഗത്തിറങ്ങി. കിരീടാവകാശിയായ ചാള്‍സ് ഏഴാമനെ കണ്ടെത്തി തനിക്കുണ്ടായ ദര്‍ശനങ്ങളെക്കുറിച്ചു പറഞ്ഞു.
ഫ്രഞ്ച് സൈന്യത്തെ നയിക്കുന്ന ചുമതല ജോവാന്‍ ഏറ്റെടുത്തു. 'ഈശോ, മറിയം' എന്നെഴുതിയ വലിയൊരു ബാനറും മുന്നില്‍ പിടിച്ചുകൊണ്ട് അവള്‍ പടനയിച്ചു. യുദ്ധത്തിനിടെ പരുക്കേറ്റിട്ടും ജോവാന്‍ പിന്‍മാറിയില്ല. ഫ്രാന്‍സിന്റെ പ്രദേശങ്ങള്‍ ഒരോന്നായി തിരിച്ചുപിടിച്ചു. ചാള്‍സ് ഏഴാമനു തന്റെ സിംഹാസനം തിരികെ കൊടുക്കുന്നതിന് ജോവാന്റെ പോരാട്ടങ്ങള്‍ സഹായിച്ചു. പാരീസ് പിടിച്ചെടുക്കുന്നതിനുള്ള പോരാട്ടം തുടരുന്നതിനിടെ ജോവാനു വീണ്ടും പരുക്കേറ്റു. വൈകാതെ അവള്‍ പിടിയിലായി. ക്രൂരമായ പീഡനങ്ങള്‍ അവള്‍ക്കു ഏറ്റുവാങ്ങേണ്ടി വന്നു. അവളെ വിവസ്ത്രയാക്കി പീഡിപ്പിച്ചു. ഇംഗ്ലീഷ് സൈന്യം അവളെ വിചാരണ നടത്തുകയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു.
ജോവാനെ വിചാരണ നടത്തിയ ഇംഗ്ലീഷുകാരനായ ബിഷപ്പ് അവളെ കൊല്ലാനാണ് ഉത്തരവിട്ടത്. എന്നാല്‍, ജോവാന്റെ മരണശേഷം 23 വര്‍ഷം കഴിഞ്ഞപ്പോള്‍ അവളുടെ കേസ് വീണ്ടും വിചാരണ നടത്തുകയും അവളെ സഭ കുറ്റവിമുക്തയാക്കുകയും ചെയ്തു. 1920ല്‍ ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു. തടവുകാരുടെയും സൈനികരുടെയും, ന്യായീകരണമില്ലാതെ സഭാ അധികൃതര്‍ കൈവിടുന്നവരുടെയും ബലാത്സംഗത്തിന് ഇരയാകുന്നവരുടെയുമൊക്കെ വിശുദ്ധയാണ് ജോവാന്‍.

വി.ജോവാന്‍ഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും, പ്രാര്‍ത്ഥിക്കണമെ.....

നീതിമാന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു.
അവന്റെ അസ്ഥികളെ കര്‍ത്താവു കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നു പോലും തകര്‍ക്കപ്പെടുകയില്ല.
[ സങ്കീർത്തനം 34:19, 20 ]
0