Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Wednesday, October 26, 2016

വി. മേരി ആന്‍ ഡി പരേഡസ്

വി. മേരി ആന്‍ ഡി പരേഡസ്
 
മെയ്‌ 26
(1618-1645)
'യേശുവിന്റെ മരിയാന' എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധയാണ് വി. മേരി ആന്‍. ഇക്വഡോറിലെ ക്വിറ്റോയിലുള്ള ഒരു കുലീന കുടുംബത്തിലാണ് മേരി ജനിച്ചത്. മേരിയുടെ ജനനം തന്നെ സ്വര്‍ഗീയമായ ഒരു അനുഭവമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദൈവികമായ പല സംഭവങ്ങളും അവളുടെ ജനനത്തോട് അനുബന്ധിച്ച് ഉണ്ടായി.
വളരെ ചെറിയ പ്രായത്തില്‍ തന്നെ മേരി അനാഥയായി. മേരിയുടെ മൂത്ത സഹോദരിയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണയിലാണ് അവള്‍ പിന്നീട് ജീവിച്ചത്. പരിശുദ്ധ കന്യാമറിയത്തോടു ള്ള അവളുടെ ഭക്തി എല്ലാവരിലും കൗതുകമുണര്‍ത്തുന്നതായിരുന്നു. അത്രയ്ക്കു തീവ്രമായി അവള്‍ മാതാവിനോട് പ്രാര്‍ഥിച്ചു. ഉപവാസം, ദാനധര്‍മം, അച്ചടക്കം എന്നിവയിലൂടെ തന്റെ വിശ്വാസത്തെ വളര്‍ത്താനാണ് അവള്‍ ആഗ്രഹിച്ചത്. മേരിയ്ക്കു പത്തുവയസു മാത്രമുള്ളപ്പോള്‍ താനൊരു കന്യാസ്ത്രീയാകുമെന്ന് അവള്‍ ശപഥം ചെയ്തു. ഡൊമിനിക്കന്‍ സന്യാസിനിസമൂഹത്തില്‍ ചേരാനായിരുന്നു അവളുടെ ആദ്യ ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതു സാധ്യമല്ല എന്നു മനസിലാക്കിയപ്പോള്‍ മേരി ഒരു സന്യാസിനിയെ പോലെ ജീവിക്കാന്‍ തീരുമാനിച്ചു. സഹോദരിയുടെ വീട്ടില്‍ അടച്ചിട്ട മുറിയില്‍ പ്രാര്‍ഥനയും ഉപവാസവുമായി അവള്‍ കഴിഞ്ഞു.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായി ദേവാലയത്തിലേക്കു പോകാനല്ലാതെ അവള്‍ വീടിനു പുറത്തിറങ്ങി പോലുമില്ല. വളരെ കുറച്ചു സമയം മാത്രമാണ് അവള്‍ ഉറങ്ങിയിരുന്നത്. എട്ടോ പത്തോ ദിവസം കൂടുമ്പോള്‍ മാത്രമാണ് അവള്‍ ഭക്ഷണം തന്നെ കഴിച്ചിരുന്നത്. അതും ഒന്നോ രണ്ടോ കഷണം ഉണക്ക റൊട്ടി. വിശുദ്ധ കുര്‍ബാനയ്ക്കിടെ ലഭിക്കുന്ന തിരുവോസ്തി മാത്രമായിരുന്നു ഭക്ഷണം. മേരിയുടെ വിശുദ്ധിയുടെ തെളിവായിരുന്നു അവളുടെ ജീവിതം.
മേരി പ്രവചിക്കുന്നതു പോലെയൊക്കെ സംഭവിച്ചു. മറ്റുള്ളവരുടെ മനസിലുള്ളത് അവര്‍ പറയാതെ തന്നെ അറിയാനുള്ള കഴിവും അവള്‍ക്കുണ്ടായിരുന്നു. ഒട്ടെറെ രോഗികളെ സുഖപ്പെടുത്തി. രോഗികളെ യേശുവിന്റെ ക്രൂശിത രൂപം കൊണ്ട് അനുഗ്രഹിക്കുകയാണ് അവള്‍ ചെയ്തിരുന്നത്. അവരെല്ലാം അദ്ഭുതകരമായി സുഖം പ്രാപിച്ചു. രോഗബാധിതനായി മരിച്ച ഒരാളെ മേരി ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതായും വിശ്വസിക്കപ്പെടുന്നു. മേരിയുടെ മരണവും ഒരു അദ്ഭുതമായിരുന്നു. അക്കാലത്ത് ക്വിറ്റോയില്‍ വലിയൊരു ഭൂകമ്പം ഉണ്ടായി. നിരവധി പേര്‍ മരിച്ചു. തന്റെ ജീവനും അവര്‍ക്കൊപ്പം എടുക്കപ്പെടട്ടേ എന്നവള്‍ പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ മേരിയും മരിച്ചുവീണു. അവള്‍ മരിച്ചുവീണതോടെ അവിടെയെങ്ങും ലില്ലിപ്പൂക്കളുടെ സുഗന്ധം പരന്നു. അനാഥരുടെയും രോഗികളുടെയും മധ്യസ്ഥയായാണ് മേരി അറിയപ്പെടുന്നത്. 1950ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മേരിയെ വിശുദ്ധയായി പ്രഖ്യാപിച്ചു
വി. മേരി,ഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും,
പ്രാര്‍ത്ഥിക്കണമെ
'കര്‍ത്താവേ*, *ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ* *അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്.* *അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു* *വാര്‍ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും!'*
[ തോബിത്ത് 8:7 ]

2 comments: