വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ് പോളി
മെയ് 28
(1471-1541)
ലണ്ടനിലെ ടവര്‍ ഹില്ലില്‍ വച്ച് തലയറുത്ത് കൊല്ലപ്പെട്ട വിശുദ്ധയാണ്
മാര്‍ഗരറ്റ്. ഒരു പ്രഭുവിന്റെ മകളായിരുന്നു മാര്‍ഗരറ്റ്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന
എഡ്വേഡ് നാലാമന്‍, റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവ് എന്നിവരുടെ സഹോദരിയായിരുന്നു
മാര്‍ഗരറ്റിന്റെ അമ്മ. മാര്‍ഗരറ്റിന് 20 വയസു പ്രായമുള്ളപ്പോള്‍
സര്‍ റിച്ചാര്‍ഡ് പോളി എന്നൊരു പ്രഭുകുമാരന്‍ അവളെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ചു
മക്കള്‍ ജനിച്ചു. മാര്‍ഗരറ്റിന്റെ മക്കളിലൊരാള്‍ പിന്നീട് കര്‍ദിനാള്‍ ആയി മാറുകയും
ചെയ്തു. അധികം വൈകാതെ മാര്‍ഗരറ്റ് വിധവയുമായി. അപ്പോള്‍ രാജാവായിരുന്ന ഹെന്റി എട്ടാമന്റെ
സംരക്ഷകയായിരുന്നു മാര്‍ഗരറ്റ്.സാലിസ്ബറിയിലെ പ്രഭ്വിയായി മാര്‍ഗരറ്റിനെ രാജാവ് നിയമിക്കുകയും തന്റെ മകളായ മേരി രാജകുമാരിയുടെ ഗാര്‍ഹിക അധ്യാപിക എന്ന സ്ഥാനം കൊടുക്കുകയും ചെയ്തു. എന്നാല്‍, രാജാവിന്റെ അധാര്‍മിക പ്രവൃത്തികളെ എതിര്‍ക്കാന്‍ മാര്‍ഗരറ്റ് ശ്രമിച്ചതോടെ ഹെന്റി അസ്വസ്ഥനായി. മതപരമായ കാര്യങ്ങളില്‍ താന്‍ പറയുന്നതാണ് അവസാന വാക്കെന്ന രാജാവിന്റെ നയത്തെ മാര്‍ഗരറ്റിന്റെ മകനും കാര്‍ദിനാളുമായ റെഡിനാള്‍ഡ് പോളി എതിര്‍ത്തതോടെ മാര്‍ഗരറ്റിന്റെ കുടുംബത്തെ മുഴുവന്‍ തകര്‍ക്കാന്‍ രാജാവ് തീരുമാനിച്ചു. മാര്‍ഗരറ്റിന്റെ രണ്ടു മക്കളെ കൊല്ലുകയും അവളെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം അവള്‍ തടവറയില്‍ കഴിഞ്ഞു. പീഡനങ്ങള്‍ ഏറ്റുവാങ്ങി.
എന്നാല്‍, യേശുവിനു വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ഒരു ഭാഗ്യമായാണ് മാര്‍ഗരറ്റ് കണ്ടത്. ഒടുവില്‍ തലയറുത്ത് കൊല്ലപ്പെട്ടതോടെ യേശുവിന്റെ നാമത്തില്‍ ഒരു രക്തസാക്ഷിയാകാനും അവള്‍ക്കു സാധിച്ചു. 1886 പോപ് ലിയോ പതിമൂന്നാമന്‍ മാര്‍ഗരറ്റിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ്,ഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും, പ്രാര്‍ത്ഥിക്കണമെ.....
"കര്‍ത്താവിന്റെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്‌സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും.[ സെഫാനിയാ 3 :9 ]
No comments:
Post a Comment